വാസ്‌തു ശാസ്ത്രപ്രകാരം വീടുവയ്‌ക്കുന്നരും അല്ലാത്തവരുമുണ്ട്. വാസ്‌തു നോക്കി വീട് വയ്‌ക്കുന്നവരിൽ സമാധാനവും ധനാഗമനവും ഉണ്ടാകുമെന്നാണ് വിശ്വാസം. വാസ്‌തു നോക്കാതെ വീട് വച്ചവരാണെങ്കിലും ഐശ്വര്യം കൊണ്ടുവരാനായി ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഇതിലൂടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും ഇരട്ടിയായി വർദ്ധിക്കും. നിങ്ങൾ ചെയ്യുന്ന നിസാരമായ കാര്യങ്ങളാണ് പലപ്പോഴും വലിയ ദോഷത്തിനിടയാക്കുന്നത്. അത്തരത്തിലൊന്നാണ് വീടിന്റെ പെയിന്റ്. ഇതിൽ ചെറിയ മാറ്റം വരുത്തിയാൽ തന്നെ നിങ്ങൾക്ക് ജീവിതത്തിൽ പ്രകടമായ മാറ്റമുണ്ടാകും. ഇങ്ങനെ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കിഴക്ക് ദർശനമുള്ള വീടുകളിൽ വെള്ള, വെള്ളി, സ്വർണം നിറങ്ങളിലെ പെയിന്റ് ഉപയോഗിക്കുന്നതാണ് ഉത്തമം. വെള്ള ശാന്തിയുടെയും സമാധാനത്തിന്റെയും നിറമാണ്. വീട്ടിൽ തർക്കങ്ങളും കലഹങ്ങളും ഒഴിഞ്ഞുനിൽക്കാൻ ഇത് സഹായിക്കും. നിഷേധാത്മകമായ ഊർജത്തെ ഒഴിവാക്കാനും വെള്ള പെയിന്റ് സഹായിക്കും. ഭിത്തികളിൽ സ്വർണനിറത്തിലുള്ള പെയിന്റടിച്ചാൽ ജീവിതത്തില്‍ ശുഭാപ്തിവിശ്വാസവും സന്തോഷവും കൊണ്ടുവരും. ഇത് അധികാരത്തിന്റെ നിറമാണ്. അതിനാല്‍ ഇത് ഉന്നത സ്ഥാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണകരമാണ്.
തെക്ക് ദർശനമായ വീടാണെങ്കിൽ പല തരത്തിലുള്ള നീല നിറങ്ങൾ ഉപയോഗിക്കാം. ഈ നിറം ശാന്തത പ്രദാനം ചെയ്യും. പോസിറ്റീവ് ഊർജത്തെ ആകർഷിക്കാനും സൗഹൃദവും സ്‌നേഹവും നിലനിർത്താനും സഹായിക്കുന്നു.
വീടിനുള്ളിൽ ഓഫ് വൈറ്റ്, ബീജ്, ക്രീം എന്നിവ ഉപയോഗിക്കാവുന്നതാണ്. ഈ നിറങ്ങൾ ഊഷ്‌മളവും പോസിറ്റീവ് ഊർജത്തെ ആകർഷിക്കുന്നതുമാണ്. ഇതിന്റെ ഗുണങ്ങൾ വളരെ വേഗം കുടുംബാംഗങ്ങൾക്ക് അനുഭവിക്കാൻ സാധിക്കും.