
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാമന്ത റുത്ത് പ്രഭു. സോഷ്യൽ മീഡിയയിൽ സജീവയായ സാമന്ത തനിക്കെതിരെ ഉയരുന്ന ട്രോളുകൾക്ക് മറുപടിയും നൽകാറുണ്ട്. ഇപ്പോഴിതാ ശരീരഭാരം കൂട്ടുവെന്ന കമന്റിന് നല്ല കിടിലൻ മറുപടി നൽകിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര സെഷനിലാണ് ഒരാൾ നടിയോട് ഭാരം വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടത്. ഇതിനോട് കടുത്ത ഭാഷയിൽ തന്നെ നടി പ്രതികരിച്ചു.
രോഗാവസ്ഥയുമായി ബന്ധപ്പെട്ടുള്ള ഡയറ്റിലാണ് താനെന്നും ആളുകളെ മുൻവിധിയോടെ സമീപിക്കരുതെന്നുമായിരുന്നു നടിയുടെ മറുപടി. മുൻപും ശരീരഭാരവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾക്ക് സാമന്ത മറുപടി നൽകിയിരുന്നു. വീണ്ടും ഭാരവുമായി ബന്ധപ്പെട്ട പ്രതികരണം എന്ന് പറഞ്ഞുകൊണ്ടാണ് ഇതിന് മറുപടി നൽകിയത്.
'എന്റെ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ഞാൻ ആന്റി ഇൻഫ്‌ളമേറ്ററി ഡയറ്റിലാണ്. അത് ഭാരം കൂടുന്നതിനെ തടയും. ആളുകളെ മുൻവിധിയോടെ സമീപിക്കുന്നത് നിർത്തണം. ഇത് 2024 ആണ്',- എന്നാണ് സാമന്ത പറഞ്ഞത്. 2022ലാണ് സാമന്ത തന്റെ രോഗവിവരത്തെക്കുറിച്ച് ആരാധകരുമായി പങ്കുവയ്ക്കുന്നത്.

ശരീരത്തിലെ മസിലുകളെ ദുർബലപ്പെടുത്തുന്ന മയോസെെറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണ് തന്നെ ബാധിച്ചതെന്ന് ഇൻസ്റ്റഗ്രാമിലൂടെയാണ് നടി അറിയിച്ചത്. കുറച്ച് നാൾ ഇതിന്റെ ചികിത്സയ്ക്കായി നടി മാറിനിന്നിരുന്നു. സാമന്ത പ്രധാനവേഷത്തിൽ എത്തുന്ന 'ഡിറ്റാഡൽ: ഹണി ബണ്ണി' എന്ന ആക്ഷൻ സീരീസാണ് പുതിയതായി റിലീസിനൊരുങ്ങുന്നത്. നവംബർ ഏഴിനാണ് റിലീസ്.