construction

വീട് നിർമ്മാണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം എല്ലായിടത്തും ഉറപ്പാക്കേണ്ടതാണെന്ന് പ്രമുഖ ആർക്കിടെക്‌ട് സുരേഷ് മഠത്തിൽവളപ്പിൽ. വീട് നിർമ്മാണത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനും, അത് സംബന്ധിച്ച ഓൺലൈൻ മീറ്റിങ്ങുകൾക്കുമായി തന്നെ സമീപിക്കുന്നവരിൽ വലിയൊരു ശതമാനവും സ്ത്രീകളാണ്. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരുഷന്മാരേക്കാൾ ശ്രദ്ധയുള്ളത് സ്ത്രീകൾക്കാണെന്നും സുരേഷ് പറയുന്നു.

അതിന്റെ കാരണം സവിസ്തരം തന്നെ അദ്ദേഹം വിശദമാക്കുന്നു.

സുരേഷ് വളപ്പിൽ മഠത്തിൽവളപ്പിൽ എഴുതിയത്-

''ഒരുകാലത്ത് ഞങ്ങളുടെ നാട്ടിലെ വീടുപണിയുടെ അവസാനവാക്ക് എന്ന് പറയുന്നത് ചെല്ലപ്പനാശാരി ആയിരുന്നു എന്നുതന്നെ പറയാം. ആർക്കെങ്കിലും വീട് പണിയണം എന്നോ, വേറെ വീട് വെച്ച് മാറണം എന്നോ ഉണ്ടെങ്കിൽ മുഹൂർത്തം നോക്കി കുറ്റിയടിക്കാനുള്ള ദിവസം നിശ്ചയിക്കും, കുടുംബത്തിലെ കാരണവന്മാർ ചെല്ലപ്പനാശാരിക്ക് ആളയക്കും.

അന്നേ ദിവസം രാവിലെ ചെല്ലപ്പനാശാരിയും മകൻ ശശിയും കൂടി കുറ്റിയടിക്കാനുള്ള സാധന സാമഗ്രികളുമായി ഓട്ടോറിക്ഷയിൽ സ്ഥലത്തെത്തും, കാരണവന്മാരുമായി ഒരു ലഖു ചർച്ച നടത്തും.

അതിനു ശേഷം പുള്ളിക്കാരൻ നമ്മുടെ സി ബി ഐ യിലെ സേതുരാമയ്യരെപ്പോലെ സംഭവസ്ഥലത്തു ചുറ്റിനടക്കും, ചെരിഞ്ഞും, മറിഞ്ഞും ചില കാര്യങ്ങൾ ഒക്കെ നോക്കും.

അതിനു ശേഷം മകനെ വിളിച്ചു പറമ്പിന്റെ മൂലയിലേക്ക് പോകും, പാലസ്തീൻ പ്രശ്നം ചർച്ച ചെയ്യുന്ന ബെഞ്ചമിൻ നെതന്യാഹുവിനെയും ജോ ബൈഡനെയും അനുസ്മരിപ്പിക്കും വിധം ചില രഹസ്യ ചർച്ചകൾ ഒക്കെ നടത്തും. അതിനു ശേഷമാണ് കുറ്റിയടി.

സംഗതി ഇത്രമാത്രം നിരീക്ഷണങ്ങളും രഹസ്യ ചർച്ചകളും ഒക്കെ നടത്തുമെങ്കിലും വർഷങ്ങളായി ചെല്ലപ്പനാശാരി കുറ്റിയടിച്ച എല്ലാ വീടുകളൂം ഏതാണ്ട് ഒരുപോലെയാണ്. നടുവിൽ ഒരു വലിയ ഹാൾ, രണ്ടു ഭാഗത്തുമായി റൂമുകളും അടുക്കളയും, മുന്നിലോട്ടു തള്ളി നിൽക്കുന്ന ഒരു സിറ്റൗട്ട്, തീർന്നു. എന്നാൽ ചെല്ലപ്പനാശാരിയുടെ പ്ലാനിനെപ്പറ്റി പറയാനല്ല ഇപ്പോൾ ഞാൻ ഇതെഴുതുന്നത്, ഉദ്ദേശം വേറെയാണ്, അതിലേക്കു വരാം.

കുറ്റിയടി തീർന്നു ആളുകളൊക്കെ സ്ഥലം വിട്ട ശേഷം ചെല്ലപ്പനാശാരി പറമ്പിന്റെ മൂലയിൽ ഈ കാഴ്ചകളൊക്കെ കണ്ടു നിന്നിരുന്ന വീട്ടിലെ സ്ത്രീകളെ വിളിക്കും, താൻ കുറ്റിയടിച്ച കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കും.

" എന്താ, സന്തോഷായില്ല്യേ ..?" എന്നൊരു ചോദ്യവും ചോദിക്കും.

അത് കേട്ട സ്ത്രീകൾ തലകുലുക്കും, അതിനു ശേഷം അവർ തിരികെ വീട്ടിലേക്കും, ചെല്ലപ്പനാശാരി ഓട്ടോറിക്ഷയിൽ കേറി മൂപ്പരുടെ വഴിക്കും പോകും.

ഇതായിരുന്നു ഒരുകാലത്ത് ഒരു ശരാശരി മലയാളി സ്ത്രീക്ക് സ്വന്തം വീടുപണിയിൽ ഉണ്ടായിരുന്ന റോൾ. നമ്മുടെ അമ്മമാരും, മുത്തശ്ശിമാരും ഒക്കെ ഈ തലകുലുക്കൽ കൊണ്ട് തൃപ്തിപ്പെട്ട കാലഘട്ടത്തിന്റെ സന്തതികളാണ്.

ഇന്ന് കാലം മാറി, വീട് നിർമ്മാണത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനും, അത് സംബന്ധിച്ച ഓൺലൈൻ മീറ്റിങ്ങുകൾക്കുമായി എന്നെ സമീപിക്കുന്നവരിൽ വലിയൊരു ശതമാനവും സ്ത്രീകളാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആണുങ്ങളേക്കാൾ ശ്രദ്ധയുള്ളത് പെണ്ണുങ്ങൾക്കാണ്. അതിനു കാരണവുമുണ്ട്.

ലിംഗസമത്വത്തെ സംബന്ധിച്ച ചർച്ചകൾ ഒക്കെ കൊഴുക്കുന്നുണ്ടെങ്കിലും ഇന്നും മലയാളി വീടുകളുടെ വലിയൊരു ശതമാനം നിയന്ത്രണവും, പരിപാലനവും സ്ത്രീകളുടെ കയ്യിലാണ്.

" വീട്ടമ്മ " എന്ന പദത്തിന് ഒപ്പം നിൽക്കാൻ " വീട്ടച്ഛൻ " എന്നൊരു പദം ഉരുത്തിരിഞ്ഞു വരാത്തത് പോലും ഇക്കാരണം കൊണ്ടുതന്നെയാണ്. അത് പോട്ടെ, നമുക്ക് വിഷയത്തിലേക്കു വരാം.

ഇങ്ങനെ വീട് രൂപകൽപ്പനയുമായി ബന്ധപ്പെട്ട പ്ലാനിങ്ങിലും, എക്സ്റ്റീരിയർ, ഇന്റീരിയർ, ഇലക്ട്രിക്കൽ, പ്ലംബിങ് ഡിസൈനിംഗുകളിലും സജീവമാകുന്ന സ്ത്രീകൾ ഇതിനു ശേഷം പൊടുന്നനെ അപ്രത്യക്ഷരാവും, പിന്നെ അവർ പൊങ്ങുന്നത് വീടിന്റെ ഫിനിഷിങ് ജോലികൾ ആരംഭിക്കുന്നതോടെയാണ്. എന്നുവച്ചാൽ ഒരു വീടിന്റെ ഏറ്റവും മർമപ്രധാനമായ സ്ട്രക്ച്ചറൽ സ്റ്റേജിൽ ഇടപെടുന്ന സ്ത്രീകൾ വളരെ കുറവാണ് എന്നർത്ഥം.

അതായത്, വീട് നിർമ്മാണത്തിന് ഏതു സിമെന്റ് ഉപയോഗിക്കുന്നു, ഏതു കമ്പി എടുക്കുന്നു, അത് എങ്ങനെ കെട്ടുന്നു, പടവുപണി നടക്കുന്നത് ശരിയായ രീതിയിൽ ആണോ എന്നൊന്നും മിക്കവാറും സ്ത്രീകൾ ചിന്തിക്കാറില്ല.

തെർമൽ എക്സ്പാൻഷനെക്കുറിച്ചും, വാട്ടർ സിമെന്റ് റേഷ്യോയെയും കുറിച്ച് പഠിച്ചു കോൺട്രാക്ടറെയും, സൈറ്റിലെ എൻജിനീയറെയും നിർത്തിപ്പൊരിച്ച നിലമ്പൂരിലെ ഹസീന ടീച്ചറെയും, ഖത്തറിലെ ഷെമിയെയും പോലുള്ള ധീരവനിതകളെ ഞാൻ വിസ്മരിക്കുന്നില്ല, എങ്കിലും ഇതാണ് പൊതുവെയുള്ള ട്രെൻഡ്.

ഇത് മാറണം, സ്വന്തം വീടുകളുടെ സ്ട്രക്ച്ചറൽ ആയ വിഷയങ്ങളിൽ സ്ത്രീകൾ ഒന്നുകൂടി കാര്യക്ഷമമായി ഇടപെടണം, അതിന്റെ റിസൾട്ട് നിങ്ങൾക്ക് ലഭിച്ചിരിക്കും, മൂന്ന് തരം.

എന്നാൽ പാവപ്പെട്ട നമ്മുടെ വീട്ടമ്മമാർ ഇക്കാര്യത്തിനായി ഇനി സ്ട്രക്ച്ചറൽ എൻജിനീയറിങ് പഠിക്കണോ എന്ന് ചോദിച്ചാൽ വേണ്ട, എന്നിരുന്നാലും ചില അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കുന്നത് നന്നായിരിക്കും. എന്തെന്നാൽ ഇതത്ര ആനക്കാര്യം ഒന്നുമല്ല. ഫൗണ്ടേഷനും, സൂപ്പർ സ്ട്രക്ച്ചറും അടങ്ങുന്ന ഈ ഘട്ടത്തിൽ നടക്കുന്നത് കേവലം മൂന്നു തരത്തിലുള്ള ജോലികൾ മാത്രമാണ്.

ഒന്ന് - തറപ്പണിയുടെ ഭാഗമായ കരിങ്കൽ / വെട്ടുകല്ല് പടവ്.

രണ്ട് - ഭിത്തി നിർമ്മാണത്തിന്റെ ഭാഗമായ ബ്ലോക്ക് / ഇഷ്ടിക / വെട്ടുകല്ല് പടവ്.

മൂന്ന് - കോൺക്രീറ്റ് പണി.

എന്ന് വച്ചാൽ " അസ്സലാമു അലൈക്കും, വ അലൈക്കും സലാം" എന്ന് പറയാൻ പഠിച്ചാൽ പിന്നെ ഈസിയായി ഗൾഫിൽ പോകാം എന്ന് പണ്ട് ഗഫൂർക്ക പറഞ്ഞതുപോലെ ഈ മൂന്ന് ജോലികളെ സംബന്ധിച്ച ഒരു ഏകദേശ രൂപം ഗ്രഹിച്ചാൽ ഇക്കാര്യങ്ങൾ പരിശോധിക്കാൻ നമ്മുടെ വീട്ടമ്മമാർക്കും കഴിയും എന്നർത്ഥം. ഇവയിൽ ഓരോന്നിനെ കുറിച്ചും നമുക്ക് പിന്നീട് ചർച്ച ചെയ്യാം. എന്നാൽ അതിനും മുന്നേ ഉള്ള ഒരു പരിപാടിയുണ്ട്, അതും കൂടി നോക്കാം.

അത് പ്ലാനിനെ കുറിച്ച് വീട്ടമ്മമാർ നടത്തേണ്ട സ്വയം അവലോകനമാണ്. ഒരു വീടിന്റെ പ്ലാനിനെ കുറിച്ച് പറയുമ്പോൾ മിക്കവാറും ആളുകൾ സൂചിപ്പിക്കാറുള്ളത് അതിലെ റൂമുകളുടെ എണ്ണത്തെക്കുറിച്ചു മാത്രമാണ്. എന്നാൽ അങ്ങനെ ആവരുത്. വീടിനകത്തെ ആവശ്യങ്ങളെ കുറിച്ച് സൂചിപ്പിക്കുന്ന വിശദമായ ഒരു ലിസ്റ്റ് വീട്ടുകാരികളുടെ കയ്യിൽ വേണം. ഇതിൽ നമ്മുടെതായ വ്യക്തിഗത ആവശ്യങ്ങൾ ഉണ്ടായിരിക്കണം.

ഒരുദാഹരണം പറയാം. കണ്ണൂരിലെ ദിവ്യക്കു വീട്ടിനകത്തു വേണ്ടത് ചെറിയൊരു പൂജാ റൂം ആണെങ്കിൽ തൃശൂരിലെ ബാങ്ക് മാനേജർ രാമകൃഷ്ണൻ സാറിന് വേണ്ടത് കിടന്നു നമസ്കരിക്കാൻ മാത്രം വലുപ്പമുള്ള പൂജാറൂം ആണ്, നവരാത്രിക്കാലത്ത് ബൊമ്മക്കൊലു വച്ച് പൂജിക്കുന്ന ഏർപ്പാടും അദ്ദേഹത്തിനുണ്ട്. കോഴിക്കോട് അദ്ധ്യാപികയായ അപർണ്ണയുടെ ആവശ്യം ആയിരത്തിൽ പരം പുസ്തകങ്ങളും അവയിൽ നിന്നും റഫറൻസുകൾ എടുക്കാനുള്ള സ്റ്റഡി ഏരിയയും, പഠനത്തിനിടെ ഒരു ചായ തിളപ്പിക്കാൻ ഉള്ള കെറ്റിൽ സ്‌പേസും ഒക്കെയുള്ള എമണ്ടൻ ലൈബ്രറിയാണ്.

മേജർ സന്തോഷിന്റെ ആവശ്യം വൈകുന്നേരങ്ങളിൽ ഒരു ഗസലും കേട്ടിരുന്നു സ്മാൾ അടിക്കാനുള്ള ഒരിടമാണ്. കാസർകോട് സുഹൃത്ത് രഞ്ജിത്തിന്, ഒരു വയലിൻ സ്‌പേസ് ആവശ്യമാണ്, കണ്ണൂരിൽ അജിത്തിനും വേണം സമാനമായ ഒരിടം. ഇതുപോലെ ബോട്ടിൽ ആർട്ട്, തയ്യൽ മെഷീൻ തുടങ്ങീ മറ്റുള്ളവർക്ക് ചെറുതും നിസ്സാരവും എന്ന് തോന്നുന്ന അനേകം കാര്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടാം. ഇത്തരം വ്യക്തിഗത ആവശ്യങ്ങളാണ് ഒരു ഡ്രോയിങ്ങിനെ പ്ലാൻ ആക്കുന്നത്. ആ ആവശ്യങ്ങൾ ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. അതിനാലാണ് ഒരാളുടെ പ്ലാൻ മറ്റൊരാൾ ഉപയോഗിക്കരുത് എന്ന് പറയുന്നത്.

ഇതെല്ലാം പ്ലാനിൽ വ്യക്തമായി കാണിച്ചിരിക്കണം, അല്ലാതെ ചുമ്മാ ഡൈനിങ്ങ് ഹാളിലെ ടേബിളോ, കിടപ്പറയിലെ കട്ടിലോ മാത്രം കാണിച്ചതുകൊണ്ടായില്ല. ഇക്കാര്യങ്ങൾ ഏറ്റവും കൂടുതൽ അറിയുന്നത് വീട്ടമ്മമാർക്കാണ്. അതുകൊണ്ടാണ് പ്ലാനിങ്ങിനു മുൻപേ വിശദമായ കൂടിയാലോചനകൾക്കു ശേഷം ഇത്തരം ഒരു ലിസ്റ്റ് അവർ തയ്യാറാക്കണം എന്ന് പറയുന്നത്.

ഈ ആവശ്യങ്ങൾ എല്ലാം പ്ലാനിൽ സാക്ഷാൽക്കരിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം.

ഇല്ലെങ്കിൽ പ്ലാനിൽ റിവിഷൻ ആവശ്യപ്പെടാം.കാരണം മേൽപ്പറഞ്ഞ ആവശ്യങ്ങൾ എല്ലാം പ്ലാനിൽ ഉൾക്കൊള്ളിക്കുക എന്നത് വീട് രൂപകൽപ്പന ചെയ്യുന്ന ആളുടെ ഉത്തരവാദിത്വമാണ്.

വീട് നിർമ്മാണരംഗത്തെ ആവശ്യതകൾ മാറുകയാണ്. അതിഥികൾക്കായി വലിയ ഇടങ്ങൾ ഉണ്ടാക്കി കാത്തിരിക്കുക എന്ന പരമ്പരാഗത സങ്കല്പങ്ങൾ ഉപകാരപ്രദമായ ഡിഷ് വാഷറിനും, റോബോട്ടിക് മോപ്പിനും വഴിമാറിക്കഴിഞ്ഞു. പഴയ വിറകടുപ്പ് കാലഘട്ടത്തിലെ വീട്ടമ്മമാർ മാറി അവിടെ അഭ്യസ്തവിദ്യരായ സ്ത്രീകൾ രംഗപ്രവേശം ചെയ്തുകഴിഞ്ഞു. അവരുടെ ജീവിത ശൈലികളിലും ആവശ്യങ്ങളിലും കാതലായ വ്യത്യാസം സംഭവിച്ചു കഴിഞ്ഞു.

അത് മനസ്സിലാക്കിയും അറിഞ്ഞും വേണം പ്ലാനിനെപ്പറ്റി ചിന്തിക്കാനും, പ്ലാൻ ചെയ്യാനും.

കാരണം ഇത് ചെല്ലപ്പനാശാരിയുടെ പഴയ കാലം അല്ല'' .