rain

മഴക്കാലത്ത് തുണി ഉണക്കിയെടുക്കുകയെന്നത് ശ്രമകരമായ ജോലിയാണ്. മുഴുവനായി ഉണങ്ങാത്ത തുണികൾ ചിലപ്പോൾ മടക്കിവയ്‌ക്കേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ തുണികളിൽ നിന്ന് ദുർഗന്ധം വരുന്നത് സ്വാഭാവികമായ കാര്യമാണ്.

എവിടെയെങ്കിലും പോകാൻ നേരം വസ്ത്രമെടുക്കുമ്പോഴായിരിക്കും ദുർഗന്ധമുണ്ടെന്ന് മനസിലാകുക. വീണ്ടും അലക്കി, ഉണക്കി, തേച്ച് വയ്ക്കാൻ സമയവുമുണ്ടാകുകയുമില്ല. അപ്പോൾ എന്ത് ചെയ്യും? ദുർഗന്ധമുള്ള വസ്ത്രം ധരിച്ചുപോയാൽ നാണം കെടുമെന്നുറപ്പ്. അത്തരം സമയങ്ങളിൽ ഈ ദുർഗന്ധം എങ്ങനെ അകറ്റാമെന്നാണ് എല്ലാവരും ചിന്തിക്കുക. സിമ്പിളായി ചില കാര്യങ്ങൾ ചെയ്താൽ വസ്ത്രങ്ങളിലെ ദുർഗന്ധം അകറ്റാൻ സാധിക്കും.


വിനാഗിരി ഉപയോഗിച്ച് വസ്ത്രങ്ങളിലെ ദുർഗന്ധം കളയാൻ സാധിക്കും. ആദ്യം തന്നെ ഒരു സ്‌പ്രേ ബോട്ടിൽ എടുക്കുക. അതിന്റെ മുക്കാൽ ഭാഗം വെള്ളം നിറയ്ക്കുക. ശേഷം ഒരു സ്പൂൺ വിനാഗിരി ഒഴിച്ച് അടച്ചുവയ്ക്കുക. നന്നായി യോജിപ്പിച്ച ശേഷം വസ്ത്രങ്ങളിൽ സ്‌പ്രേ ചെയ്തുകൊടുക്കുക. ഇങ്ങനെ ചെയ്താൽ ദുർഗന്ധം അകറ്റാം. വിനാഗിരിയുടെ അളവ് കൂടിപ്പോകരുത്. അങ്ങനെ വന്നാൽ വസ്ത്രങ്ങൾക്ക് ദോഷമാണ്.

ബേക്കിംഗ് സോഡ ഉപയോഗിച്ചും തുണികളിലെ ദുർഗന്ധം അകറ്റാൻ കഴിയും. അലക്കി, ഉണക്കിയ ശേഷം ദുർഗന്ധമുള്ള വസ്ത്രമെടുക്കുക. ഇതിനുമുകളിൽ കുറച്ച് ബേക്കിഗ് സോഡ വിതറിക്കൊടുക്കാം. അരമണിക്കൂറിന് ശേഷം ബേക്കിംഗ് സോഡ നന്നായി കുടഞ്ഞു കളയുക. ദുർഗന്ധം മാറും.