
മുംബയ്: ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി ഭീഷണി മുഴക്കി ലോറൻസ് ബിഷ്ണോയി സംഘം.
സൽമാൻ മാപ്പ് പറയുകയോ അഞ്ചു കോടി രൂപ നൽകുകയോ വേണമെന്നാണ് ഭീഷണി. തിങ്കളാഴ്ച രാത്രി മുംബയ് പൊലീസ് ട്രാഫിക് കൺട്രോൾ റൂമിന്റെ വാട്ടസ്ആപ്പ് നമ്പറിലേക്കാണ് സന്ദേശമെത്തിയത്. ഒരാഴ്‌ചയ്ക്കിടെ സൽമാൻ ഖാനെതിരെ ഉയരുന്ന രണ്ടാമത്തെ വധഭീഷണിയാണിത്.
ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനാണ് സംസാരിക്കുന്നത് എന്നു പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്.
'ജീവിച്ചിരിക്കണമെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിൽ പോയി മാപ്പ് പറയണം. അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണം.
അയാൾ അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾ കൊല്ലും. ഞങ്ങളുടെ സംഘം ഇപ്പോഴും സജീവമാണ്."- എന്നായിരുന്നു ഭീഷണി.
പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടുകോടി രൂപ നൽകണമെന്നും ഇല്ലെങ്കിൽ സൽമാനെ വധിക്കുമെന്നും ഒക്ടോബർ 30നും ഭീഷണി സന്ദേശമെത്തി. തുടർന്ന് ബാന്ദ്ര സ്വദേശി മുഹമ്മദ് മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തു. സൽമാനെയും ഈയിടെ കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ മകനും ബാന്ദ്ര ഈസ്റ്റ് എം.എൽ.എയുമായ സീഷാൻ സിദ്ദിഖിയെയും ഭീഷണിപ്പെടുത്തിയതിന് നോയിഡ സ്വദേശി 20 കാരനായ ഗുഫ്രാൻ ഖാൻ അറസ്റ്റിലായിരുന്നു.