a

ആദിവാസികൾ എന്ന പ്രയോഗം 'ആരണ്യവാസികൾ" എന്നായിപ്പോകാതിരുന്നത്,​ അവരാണ് പണ്ടേയ്ക്കുപണ്ടേ ഇവിടെ വാസമുറിപ്പിച്ചവർ എന്നതുകൊണ്ടാണ്. അതായത്,​ ഭൂമിയുടെ യഥാർത്ഥ അവകാശികൾ! ആ നേരവകാശികളാണ് കാലങ്ങളായി ഒരുതുണ്ട് ഭൂമിക്കും,​ കയറിക്കിടക്കാൻ ഒരു കൂരയ്ക്കും വേണ്ടി പലേടത്തും സമരമിരിക്കുന്നത്. ഭക്ഷണവും സുരക്ഷിതമായ പാർപ്പിടവുമാണല്ലോ ആദിവാസി മുതൽ ആധുനികവാസിക്കു വരെ അവശ്യം വേണ്ടത്. യാചിക്കാതെ നിത്യജീവിതം കഴിക്കാനും,​ സാമൂഹ്യജീവിയെന്ന നിലയിൽ അന്തസോടെ കഴിയാനും പിന്നെ വേണ്ടത് സ്ഥിരവരുമാനം ഉറപ്പാക്കാവുന്ന ഒരു ജോലിയാണ്. ആദിവാസി ഭൂമിപ്രശ്നവും ആരോഗ്യപ്രശ്നങ്ങളുമല്ലാതെ അവരുടെ ക്ഷേമവുമായി ബന്ധപ്പെട്ട് ഇന്നോളം മറ്റൊരാവശ്യവും കേട്ടിട്ടില്ലാത്ത കേരളീയ സമൂഹത്തിന്റെ കാതുകളിലേക്ക് അവകാശബോധത്തിന്റെ പുതിയ ശബ്ദം ഉയർന്നുകേട്ടത് കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ അമ്പൂരി പഞ്ചായത്തിൽ നിന്നാണ്. അങ്കണവാടി നിയമനങ്ങളിൽ ആ വിഭാഗത്തിൽ നിന്ന് അപേക്ഷകരുണ്ടായിട്ടും പൂർണമായി അവഗണിച്ചെന്ന് ആരോപിച്ച് പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥരെ ഓഫീസിൽ പൂട്ടിയിട്ടുകൊണ്ടായിരുന്നു ആ പ്രതിഷേധം.

ആദിവാസി മേഖലയായ അമ്പൂരി പഞ്ചായത്തിൽ അഞ്ച് അങ്കണവാടികളിലേക്കായി ഈയിടെ ആറ് വർക്കർമാരെയും 11 ഹെൽപ്പർമാരെയും നിയമിച്ചിരുന്നു. പട്ടികവർഗ വിഭാഗക്കാരായ പത്തു പേർ ഉദ്യോഗാർത്ഥികളായി ഉണ്ടായിരുന്നു. അവർ അഭിമുഖ പരീക്ഷയിലും പങ്കെടുത്തു. ആകെയുണ്ടായിരുന്ന പതിനേഴ് നിയമനങ്ങളും കിട്ടിയത് പുറത്തുനിന്നുള്ളവർക്കാണെന്നു മാത്രം! പഞ്ചായത്തിൽ,​ തൊടുമല വാർഡിലെ ആദിവാസികൾ പഞ്ചായത്ത് ഉദ്യോഗസ്ഥരെ ഉച്ച മുതൽ രാത്രി വരെ പൂട്ടിയിട്ടു നടത്തിയ സമരത്തിനൊടുവിൽ,​ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ബോദ്ധ്യമായതോടെയാണ് വിവാദ റാങ്ക്പട്ടിക മരവിപ്പിക്കാമെന്ന് അധികൃതർക്ക് സമ്മതിക്കേണ്ടിവന്നത്. ഈ സമരത്തിനു തലേന്ന് ഇതേ ആവശ്യമുന്നയിച്ച് ആദിവാസികൾ ഐ.സി.ഡി.എസ് സൂപ്പർവൈസറെ തടഞ്ഞുവച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച പഞ്ചായത്ത് ജീവനക്കാരെയാണ് അവർ മണിക്കൂറുകളോളം പൂട്ടിയിട്ടത്. അള മുട്ടിയപ്പോഴായിരുന്നു ആ അവസാന മാർഗമെന്ന് അർത്ഥം.

പട്ടികജാതി- പട്ടികവർഗ വികസനത്തിന് സർക്കാർ വകുപ്പും അതിന് മന്ത്രിയുമുണ്ട്. ആണ്ടോടാണ്ട് ഇവരുടെ ക്ഷേമകാര്യങ്ങൾക്ക് ബഡ്‌ജറ്റിൽ കോടികൾ അനുവദിക്കുന്നുണ്ട്. ആദിവാസി ക്ഷേമത്തിന് വേണ്ടത്ര കേന്ദ്ര പദ്ധതികളും ഫണ്ടുമുണ്ട്. അന്താരാഷ്ട്ര ഏജൻസികളുടെ വകയായുമുണ്ട്,​ ക്ഷേമപദ്ധതികളും സാമ്പത്തിക സഹായവും. ഗിരിവർഗ മേഖലകളിൽ അവരുടെ ക്ഷേമകാര്യത്തിനു നിയുക്തരായ ഉദ്യോഗസ്ഥരുണ്ട്,​ ഇതൊന്നും പോരാഞ്ഞ്,​ പട്ടികവർഗക്ഷേമം ഏറ്റെടുത്ത സന്നദ്ധ സംഘടനകൾ എത്രയെങ്കിലുമുണ്ട്. പക്ഷേ,​ കേരളത്തിന്റെ ആകെ ജനസംഖ്യയുടെ 1.45 ശതമാനം മാത്രം വരുന്ന ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി അനുവദിക്കുന്ന ശതകോടികൾ ഏതെല്ലാം മലകൾ കയറിപ്പോകുന്നു എന്നതു മാത്രം അജ്ഞാതം! പട്ടികവർഗ സംവരണത്തിന്റെ ബലത്തിൽ സർക്കാർ സർവീസിൽ തീരെച്ചെറിയൊരു വിഭാഗത്തിന് പ്രാതിനിദ്ധ്യവും കുട്ടികൾക്ക് ഉന്നതവിദ്യാലയ പ്രവേശനവും ഉണ്ടെങ്കിലും,​ ആദിവാസികളുടെ ജീവിതപരിസ്ഥിതി കൂടുതൽ മോശമായിട്ടേയുള്ളൂ.

പൊതുസമൂഹത്തിൽ ആദിവാസി ക്ഷേമം ചർച്ചയാകുമ്പോഴെല്ലാം കേൾക്കാറുള്ളൊരു തമാശയുണ്ട്. അവർക്കായി ഇതിനകം ചെലവഴിച്ച സഹസ്രകോടികൾ,​ ഓരോരുത്തർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങി,​ അതിലേക്ക് വീതംവച്ച് ഇട്ടുകൊടുത്തിരുന്നെങ്കിൽ എത്രയോ മുമ്പേ അവരുടെ ജീവിതം സമൃദ്ധമായേനേ! ആ തമാശയിലെ പരമാർത്ഥം കണ്ടില്ലെന്നു വയ്ക്കാനാകില്ല. ആദിവാസി മേഖലകളിൽപ്പോലും,​ അങ്കണവാടികളിലെ തുച്ഛവരുമാനമുള്ള പണികളുടെ നാലയലത്തു പോലും ഇവരെ അടുപ്പിക്കാത്ത ഗിരിവർഗ ക്ഷേമകാര്യ മാടമ്പികളെ മുറിയിൽ പൂട്ടിയിടുകയല്ല,​ വന്യമൃഗങ്ങൾ വിഹരിക്കുന്ന കൊടുങ്കാട്ടിലേക്കു തുറന്നുവിട്ട്,​ ശിക്ഷ നടപ്പാക്കുകയാണ് വേണ്ടത്. ആദിവാസി ക്ഷേമവും ഉന്നമനവും അവരെ മുഖ്യധാരയിലേക്ക് എത്തിക്കലുമൊക്കെ ഒരു സർക്കാർ വകുപ്പിന്റെ മാത്രം ഉദ്യോഗമല്ലെന്ന ബോദ്ധ്യത്തോടെ സാമൂഹ്യക്ഷേമ വകുപ്പും,​ തദ്ദേശ സ്വയംഭരണ വകുപ്പും,​ ആരോഗ്യവകുപ്പുമെല്ലാം ചേർന്ന് ഒരു സമഗ്ര ആദിവാസി സംരക്ഷണ,​ വികസന പദ്ധതി സുതാര്യമായി നടപ്പാക്കുകയാണ് വേണ്ടത്.