iran

ടെഹ്‌റാന്‍: സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ അടിവസ്ത്രം മാത്രം ധരിച്ച് പ്രതിഷേധിച്ച യുവതിയെ കാണാതായിട്ട് രണ്ട് ദിവസം പിന്നിടുന്നു. അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം പെണ്‍കുട്ടിയെ എവിടേക്കാണ് കൊണ്ടുപോയതെന്ന് ഒരു വിവരവും ലഭ്യമല്ല. വസ്ത്രമഴിച്ച് പ്രതിഷേധിച്ചതിന് പിന്നാലെ യുവതിയ കാറില്‍ കയറ്റി കൊണ്ടുപോയി എന്ന വിവരം മാത്രമാണ് ലോകത്തിനുള്ളത്. ടെഹ്‌റാന്‍ സര്‍വകലാശാലയിലാണ് യുവതി പ്രതിഷേധിച്ചത്.

വിദ്യാര്‍ത്ഥിനിയായ യുവതിയുടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരെ ചിലര്‍ സിവിലിയന്‍ വേഷത്തിലെത്തി കാറില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടിയാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ ടെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയായ ആഹൂ ദാര്യേയ് ആണെന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍.

സ്ത്രീകളുടെ വസ്ത്രധാരണരീതി നിയന്ത്രിക്കുന്ന നിയമത്തിനെതിരായ പ്രതിഷേധമായിരുന്നു യുവതിയുടെ ഭാഗത്ത് നിന്നുണ്ടായത്. അതേസമയം, യുവതിക്കു 'മാനസിക വെല്ലുവിളി' ഉണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. 2 കുട്ടികളുടെ മാതാവായ ഇവര്‍ പങ്കാളിയില്‍ നിന്നു വേര്‍പിരിഞ്ഞാണു താമസിക്കുന്നതെന്നതരത്തിലും ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

വസ്ത്രധാരണ നിയമം ലംഘിച്ചെന്നാരോപിച്ച് അറസ്റ്റിലായ ഇറാനിയന്‍ കുര്‍ദിഷ് വനിത മഹ്സ അമിനി മരിച്ചതിനെ തുടര്‍ന്ന് 2022ല്‍ ഇറാനില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. ആയിരക്കണക്കിനു പേര്‍ അറസ്റ്റിലാവുകയും 500ലേറെ പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു.