pic

വാഷിംഗ്ടൺ: പുതിയ പ്രസിഡന്റിനെ അറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ നെഞ്ചിടിപ്പോടെ അമേരിക്കൻ ജനത. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമലാ ഹാരിസും തമ്മിൽ വാശിയേറിയ മത്സരമാണ്. ഒരു വനിതാ യു.എസ് പ്രസിഡന്റിന് ഈ തിരഞ്ഞെടുപ്പ് വേദിയൊരുക്കുമോ എന്നത് ആകാംക്ഷ ഇരട്ടിയാക്കുന്നു.

ഇരുവരും തമ്മിൽ വലിയ വോട്ടിന്റെ വ്യത്യാസമുണ്ടെങ്കിൽ ഇന്നുതന്നെ വിജയിയെ വ്യക്തമാകും. മറിച്ചായാൽ ഫലമറിയാൻ ദിവസങ്ങൾ വേണ്ടിവന്നേക്കാം. യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയതും നാടകീയതകൾ നിറഞ്ഞതുമായ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.

പ്രസിഡന്റ് ജോ ബൈഡൻ സംവാദത്തിലെ മോശം പ്രകടനം മൂലം സ്ഥാനാർത്ഥിത്വം പിൻവലിച്ചതും കമലയുടെ പെട്ടെന്നുള്ള ഉയർച്ചയും ട്രംപിന് നേരെയുണ്ടായ വധശ്രമങ്ങളും പ്രചാരണത്തിലും പ്രതിഫലിച്ചു. അതേസമയം, തോറ്റാലും ജയിച്ചാലും ഇന്ന് രാത്രി തന്നെ ട്രംപ് വിജയം പ്രഖ്യാപിക്കാനുള്ള സാദ്ധ്യതയുമുണ്ട്. 2020 തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പരാജയത്തിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങൾ ആവർത്തിക്കാൻ ഇത് ഇടയാക്കും. പോളിംഗിൽ കൃതൃമത്വം നടക്കാനിടയുണ്ടെന്ന് ട്രംപ് ആരോപിച്ചു കഴിഞ്ഞു.

രണ്ട് തവണ ഇംപീച്ച്മെന്റ് നേരിട്ടിട്ടും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടും വോട്ടർമാർക്കിടെയിൽ ട്രംപിന് ശക്തമായ പിന്തുണ തുടരുന്നുണ്ട്. സർവേകളിൽ കമല മുന്നിലെത്തിയെങ്കിലും ട്രംപുമായി നേരിയ വ്യത്യാസമാണുള്ളത്. സ്ത്രീകൾ കൂടുതലും കമലയ്ക്കൊപ്പം നിന്നേക്കും.

മിഷിഗണിൽ നടന്ന അവസാന പ്രചാരണ പ്രസംഗത്തിലും കമലയെ വിമർശിക്കാൻ ട്രംപ് മറന്നില്ല. കമല രാജ്യത്തെ തകർത്തെന്നും താൻ വിജയിച്ചാൽ യു.എസ് പുതിയ തലങ്ങളിലേക്ക് ഉയരുമെന്നും പറ‌ഞ്ഞു. ഫിലാഡെൽഫിയയിൽ നടന്ന അവസാന പ്രസംഗത്തിൽ കമല യുവാക്കളുടെ പിന്തുണ തേടി. അതേസമയം, പ്രസിഡന്റിന് പുറമേ യു.എസ് കോൺഗ്രസ് അംഗങ്ങളെയും വോട്ടർമാർ തിരഞ്ഞെടുക്കുന്നുണ്ട്. ജനപ്രതിനിധി സഭയിലെ 435 സീറ്റിലേക്കും സെനറ്റിലെ 34 സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ്. റിപ്പബ്ലിക്കൻമാർക്കാണ് നിലവിൽ സഭയുടെ നിയന്ത്രണം. സെനറ്റിൽ ഡെമോക്രാറ്റുകളും.

 തണ്ണിമത്തൻ വച്ചു: ട്രംപ് എന്ന് മൂ ഡെംഗ് !

യു.എസ് തിരഞ്ഞെടുപ്പിൽ ട്രംപ് ജയിക്കുമെന്ന് പ്രവചിച്ച് തായ്‌‌‌‌ലൻഡിലെ വൈറൽ പിഗ്മി ഹിപ്പോ കുഞ്ഞ് ' മൂ ഡെംഗ്". സോഷ്യൽ മീഡിയയിലൂടെ സ്റ്റാറായ മൂ ഡെംഗിന് മുന്നിൽ മൃഗശാല അധികൃതർ ട്രംപിന്റെയും കമലയുടെയും പേരെഴുതിയ തണ്ണിമത്തൻ കൊണ്ടുണ്ടാക്കിയ പഴക്കൂടകൾ വച്ചു. വെള്ളത്തിൽ നിന്നിറങ്ങിയ മൂ ഡെംഗ് നേരെ ചെന്നത് ' ട്രംപ് തണ്ണിമത്തന്റെ" അടുത്തേക്കാണ്. സി റാചയിലെ ഖാവോ ഖിയോ ഓപ്പൺ സൂവിലാണ് മൂ ഡെംഗുള്ളത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ കാണുന്ന 3 അടിയോളം മാത്രം പൊക്കമുള്ളവയാണ് പിഗ്മി ഹിപ്പോകൾ.

 കഞ്ചാവും വിഷയം

പ്രസിഡന്റ്, സെനറ്റ്, ജനപ്രതിനിധി സഭാ തിരഞ്ഞെടുപ്പുകൾ മത്രമല്ല ഇന്നലെ യു.എസിൽ നടന്നത്. ഫ്ലോറിഡ‌, നെബ്രസ്‌ക, നോർത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട എന്നിവിടങ്ങളിൽ കഞ്ചാവിനെ നിയമവിധേയമാക്കുന്നത് സംബന്ധിച്ച വോട്ടെടുപ്പും നടന്നു. വിനോദത്തിന് കഞ്ചാവിനെ നിയന്ത്രിത അളവിൽ കൈവശംവയ്‌ക്കുന്നതും മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തണം എന്നതുമാണ് ആവശ്യം. അധികാരത്തിലെത്തിയാൽ കഞ്ചാവ് നിയമ വിധേയമാക്കുമെന്ന് കമല പ്രഖ്യാപിച്ചിരുന്നു.

 ബാലറ്റിൽ ബംഗാളിയും

ന്യൂയോർക്കിലെ ബാല​റ്റ് പേപ്പറിൽ ഇടംനേടി ബംഗാളി ഭാഷ. ഇംഗ്ലീഷിന് പുറമേ നാല് വിദേശ ഭാഷകളാണ് ന്യൂയോർക്കിലെ ബാലറ്റ് പേപ്പറിൽ ഉൾപ്പെടുത്തിയത്. ചൈനീസ്, സ്‌പാനിഷ്, കൊറിയൻ എന്നിവയാണ് മറ്റുള്ളവ. ഇരുന്നൂറിലധികം ഭാഷ സംസാരിക്കുന്നവർ ന്യൂയോർക്കിലുണ്ട്.

------------

 ഡൊണാൾഡ് ട്രംപ് (78)

മുൻ പ്രസിഡന്റ്

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി

വാഗ്ദ്ധാനങ്ങൾ-1. അനധികൃത കുടിയേറ്റം തടയും

2. നികുതി ഇളവുകൾ, യു.എസ് ഇറക്കുമതികൾക്ക് 10 ശതമാനം താരിഫ്

3. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കും

 കമലാ ഹാരിസ് (60)

വൈസ് പ്രസിഡന്റ്

ഡെമോക്രാറ്റിക് പാർട്ടി

വാഗ്ദ്ധാനങ്ങൾ- 1. ഗർഭച്ഛിദ്ര അവകാശങ്ങൾ പുനഃസ്ഥാപിക്കും

2. വിലക്കയറ്റം നിയന്ത്രിക്കാൻ സാമ്പത്തിക പദ്ധതി

3. ഭവന ക്ഷാമം അവസാനിപ്പിക്കും.

------------