pic

ഒട്ടാവ : ​കാ​ന​ഡ​യി​ലെ ​ബ്രാം​പ്ട​ണിൽ​ ​ഹി​ന്ദു​ ക്ഷേ​ത്ര​ത്തി​ന് നേരെയുണ്ടായ ഖാലിസ്ഥാൻ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കനേഡിയൻ സർക്കാർ തീവ്രവാദ ശക്തികൾക്ക് രാഷ്ട്രീയ ഇടംനൽകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നലെ ഓസ്‌ട്രേലിയയിലെ കാൻബെറയിൽ ഔദ്യോഗിക സന്ദർശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം വളരെ ആശങ്കാജനകമാണെന്ന് ജയശങ്കർ വ്യക്തമാക്കി. കൃത്യമായ വിശദാംശങ്ങൾ നൽകാതെ ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന കാനഡയുടെ സമീപനത്തെയും വിമർശിച്ചു.

ഞാ​യ​റാ​ഴ്ച ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലേ​ക്ക് ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​ ​ഖാലിസ്ഥാൻവാദികൾ സ്‌​ത്രീ​ക​ളെ​യും​ ​കു​ട്ടി​ക​ള​ളെ​യു​മ​ട​ക്കം​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ചിരുന്നു.​ ​മൂ​ന്നു​പേ​ർ​ ​അ​റ​സ്റ്റി​ലാ​യി.​ ​സംഭവത്തിൽ ഉൾപ്പെട്ട ഒരു പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ആ​ക്ര​മ​ണ​ത്തെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര ​മോ​ദി​ ​അ​​പല​പി​ച്ചിരുന്നു. കാനഡയിലെ ​ഇ​ന്ത്യ​ക്കാ​രു​ടെ​ ​സു​ര​ക്ഷ​യി​ൽ​ ​ക​ടു​ത്ത​ ​ആ​ശ​ങ്ക​യു​ണ്ടെ​ന്ന് ​വി​ദേ​ശ​കാ​ര്യ​ ​മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ​

അതേ സമയം, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അക്രമികളായ ഗ്രൂപ്പിന്റെ പേര് പറയാതെ സംഭവം 'സ്വീകാര്യമല്ല' എന്ന് പറഞ്ഞതും വ്യാപക പ്രതിഷേധത്തിന് കാരണമായി. ​​‌​ട്രൂ​ഡോ​യു​ടെ​ ​പി​ന്തു​ണ​യോ​ടെ​ ​ഖാ​ലി​സ്ഥാ​ൻ​ ​ഭീ​ക​ര​ർ കാനഡയിൽ ​അ​ഴി​ഞ്ഞാ​ടു​ന്ന​തായും ​ ​ഇ​ന്ത്യാ​വി​രു​ദ്ധ​ ​അ​ന്ത​രീ​ക്ഷം​ ​വ​ള​ർ​ത്തുന്നെന്നും വിമർശനം ഉയരുന്നു. ഇതിനിടെ കാനഡയിൽ ആയിരക്കണക്കിന് പേർ ഹിന്ദു സമൂഹത്തിന് ഐക്യ‌‌ദാർഢ്യവുമായി റാലികളിൽ അണിനിരന്നു.