crime

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പറവൂര്‍ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 വയസ്), മണ്ണാര്‍ക്കാട് കള്ളമല സ്വദേശി ഡോണ പോള്‍ (25 വയസ്) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 4.962 ഗ്രാം എംഡിഎംഎയും 2.484 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

എറണാകുളം എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.പ്രമോദും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. നെടുമ്പാശ്ശേരിയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സ്യൂട്ട് റൂമില്‍ നിന്നാണ് ഷാരൂഖ് സലീമിനേയും ഡോണ പോളിനേയും പിടികൂടിയത്. ഇവരുടെ കൈവശം മാരക ലഹരിമരുന്നുണ്ടെന്ന് എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.

കേസ് കണ്ടെടുത്ത പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ജിനേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) പി.എസ്.ബസന്ത് കുമാര്‍, മനോജ്.കെ.എ, സിവില്‍ എക്സൈസ് ഓഫീസര്‍ എം.ടി.ശ്രീജിത്ത്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എം.ലത എന്നിവരുമുണ്ടായിരുന്നുവെന്ന് എക്‌സൈസ് അറിയിച്ചു.