
മുടിയുടെ സംരക്ഷണത്തിനും തലയ്ക്ക് തണുപ്പ് നൽകാനും ഹെന്ന വളരെ നല്ലതാണ്. ബ്യൂട്ടി പാർലറുകളിൽ ഏറ്റവുമധികം തിരക്കനുഭവപ്പെടുന്നത് ഹെന്നയ്ക്കുതന്നെയാണെന്ന് ബ്യൂട്ടിഷ്യന്മാരും പറയുന്നു. ഹെന്ന ചെയ്യണമെന്ന ആവശ്യവുമായി വരുന്നവരാണ് ഇപ്പോൾ കൂടുതലും. എന്നാൽ ഹെന്ന എങ്ങനെ ശരിയായ രീതിയിൽ ഉപയോഗിക്കണം എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
ഉപയോഗിക്കേണ്ട വിധം
ഹെന്ന ചെയ്യുമ്പോൾ മുടിയിൽ അഴുക്കുണ്ടാകാൻ പാടില്ല. തല നന്നായി ചീകുകയാണ് ആദ്യം ചെയ്യണ്ടത്. ടെയിൽ കോമ്പിന്റെ ടെയിൽ ഉപയോഗിച്ച് തലയിലെ ചർമം ഇളക്കുക. പിന്നീട് മസാജിംഗ് ചെയ്യുന്നതും ഹെന്ന കൂടുതൽ ഫലം ചെയ്യാൻ ഉപകരിക്കും. മസാജ് ചെയ്യുമ്പോൾ ശിരോചർമ്മത്തിലെ കോശങ്ങൾ നന്നായി ഉത്തേജിക്കപ്പെടും. ഇത് ഹെന്നയിലെ പോഷകങ്ങൾ കൂടുതൽ ആഗിരണം ചെയ്യുന്നതിന് സഹായിക്കും. മുടി അൽപ്പാൽപമായി നീക്കി കൂട്ട് തലയിൽ തേച്ചുപിടിപ്പിച്ച് ചുറ്റിവയ്ക്കണം. തലയോട്ടിയിൽ തേച്ചശേഷം ഇനി മുടിയിൽ മുഴുവനായും തേക്കാം. ഒരു മണിക്കൂറെങ്കിലും ഹെന്ന ഇട്ട് ഇരിക്കണം. ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകിക്കളയുക. മെഹന്തി പോകുംവരെ നന്നായി കഴുകുക . കഴുകുമ്പോൾ ഷാംപു ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
നരയുണ്ടെങ്കിൽ !
നരയുള്ളവർ ഹെന്ന പുരട്ടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.സാധാരണ ഹെന്ന മിക്സ് തന്നെയാണ് നരയുള്ളവർക്കും ഉപയോഗിക്കേണ്ടത്. നിറമുള്ള മുടിയുടെ ഭാഗം എടുത്ത് പുരട്ടുക. മുഴുവൻ ഭാഗവുമാണെങ്കിൽ പോണിറ്റെയിൽ ആയി മുടി കെട്ടുക .മുടി ഒട്ടിപിടിക്കാതെ ശ്രദ്ധിക്കുക.നിങ്ങളുടെ വിരലുകളും ഉപയോഗിക്കുക. ഇത് മുടിയിൽ നന്നായി പുരട്ടുക. ഉടനെതന്നെ മുടി കഴുകാതിരിക്കുക. കുറഞ്ഞത് 30 മിനിറ്റെങ്കിലും കാത്തിരിക്കുക.അതുവരെ ഒരു ഷവർ ക്യാപ് വച്ച് മുടി മൂടുക 30 മിനിറ്റിന് ശേഷം മുടി കഴുകാവുന്നതാണ്. മെഹന്തി പോകുംവരെ നന്നായി കഴുകുക. വെള്ള മുടി പിങ്കോ ഓറഞ്ചോ നിറമായി മാറും.
മുടി കളർ ചെയ്യാൻ ഹെന്ന
രണ്ടു കപ്പ് ഹെന്ന പൗഡർ, തേയിലവെള്ളം, ഒരു നാരങ്ങയുടെ നീര്, രണ്ടു സ്പൂൺ കാപ്പിപ്പൊടി, ഒരു കപ്പ് ബീറ്റ്രൂട്ട് നീര് എന്നിവ നന്നായി ഒരു ഇരുമ്പ് പാത്രത്തിൽ മിക്സ് ചെയ്യുക. കുഴമ്പ് രൂപത്തിലുള്ള ഈ മിശ്രിതം ഒരു രാത്രി മുഴുവൻ വെച്ചതിനുശേഷം പിറ്റേന്ന് തലയിൽ പുരട്ടാം. മുടിയിൽ നന്നായി പുരട്ടി രണ്ടു മൂന്നു മണിക്കൂറിനു ശേഷം കഴുകിക്കളയാം. പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ ഹെയർകളറാണിത്.