donald-trump-

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനനിമിഷങ്ങളിലേക്ക് കടക്കവേ ആദ്യ ഫലസൂചനകൾ പുറത്തുവന്ന് തുടങ്ങി. ആദ്യ ഫലസൂചനകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണള്‍ഡ് ട്രംപ് മുന്നിലാണ്. കെന്റക്കി, ഇൻഡ്യാന സംസ്ഥാനങ്ങളിൽ ട്രംപ് മുന്നിലാണ്. ഇൻഡ്യാനയിൽ 11 ഇലക്ടറൽ വോട്ടും കെന്റക്കിയിൽ എട്ട് വോട്ടുമാണ് ട്രംപ് ഇതുവരെ നേടിയത്. വെർമോണ്ടിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമല ഹാരിസ് വിജയിച്ചു. വെർമോണ്ടിലെ മൂന്ന് ഇലക്ട്രറൽ വോട്ടുകളും കമലാ ഹാരിസിന് ലഭിച്ചു.

അമേരിക്കയിലെ ആദ്യത്തെ വോട്ട് വടക്കന്‍ ന്യൂഹാംഷെയര്‍ സംസ്ഥാനത്തെ ഡിക്സ്വില്‍ നോച്ച് എന്ന കുഞ്ഞന്‍ ഗ്രാമത്തിലായിരുന്നു. ഇവിടെ രാവിലെ 10.30ന് തന്നെ (ഈസ്റ്റേണ്‍ സമയം അര്‍ദ്ധരാത്രി) പോളിംഗ് തുടങ്ങി. 12 മിനിറ്റില്‍ ഫലം വന്നു. ആകെയുള്ള 6 വോട്ടര്‍മാരില്‍ 3 വീതം ട്രംപിനും കമലയ്ക്കും വോട്ട് ചെയ്തു. ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നാണ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.

ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് ആരംഭിച്ച പോളിംഗ് നാളെ രാവിലെ 9.30ന് (അലാസ്‌കയില്‍ 11.30 ) അവസാനിക്കും. സമയമേഖലകള്‍ വ്യത്യസ്തമായതിനാല്‍ പല സംസ്ഥാനങ്ങളിലും പല സമയത്താണ് വോട്ടിംഗ്. പോളിംഗ് അവസാനിക്കുന്ന മുറയ്ക്ക് വോട്ടെണ്ണല്‍ തുടങ്ങും. കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഫലമായിരിക്കും ആദ്യം പുറത്തുവരുക.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അഭിപ്രായ സര്‍വേകളും പ്രവചനങ്ങളും നേരിയ മുന്‍തൂക്കം നല്‍കുന്നത് റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപിനാണ്. എന്നാല്‍ ഇത് കാര്യമാക്കേണ്ടതില്ലെന്നും കമല വിജയിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രവചനത്തിലെ പ്രമുഖനായ അലന്‍ ലിക്ടമാന്‍ നേരത്തെ വ്യക്തമാക്കിയത് ഡെമോക്രാറ്റിക് ക്യാമ്പില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.