us

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനനിമിഷങ്ങളിലേക്ക് കടക്കവേ ആദ്യ ഫലസൂചനകൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണള്‍ഡ് ട്രംപിന് അനുകൂലം. 538 ഇലക്ടറൽ വോട്ടുകളിൽ 177 വോട്ടുകൾ ട്രംപ് ഇതുവരെ നേടിയെന്നാണ് റിപ്പോർട്ട്. കമല ഹാരിസിന് 99 വോട്ടും ലഭിച്ചു. ഫലം വന്നുതുടങ്ങിയ 14 സംസ്ഥാനങ്ങളിൽ ട്രംപ് വിജയിച്ചുവെന്നാണ് റിപ്പോർട്ട്. എട്ട് സംസ്ഥാനങ്ങളിൽ കമലയും വിജയിച്ചു.

ഓക്ലഹോമ, അര്‍കന്‍സാസ്, മിസിസിപ്പി, അലബാമ, ഫ്‌ളോറിഡ, സൗത്ത് കരോലിന, ടെന്നസീ, കെന്റകി, ഇഡ്യാന, വെസ്റ്റ് വെര്‍ജീനിയ, നോര്‍ത്ത് ഡെക്കോട്ട, വ്യോമിംഗ്, സൗത്ത് ഡെക്കോട്ട, ലൗസിയാന എന്നിവിടങ്ങളിലാണ് ട്രംപ് വിജയിച്ചത്. ഇല്ലിനോയിസ്, മേരിലാന്‍ഡ്, ന്യൂജേഴ്‌സി, ഡെലാവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടിക്കട്, മസാച്യുറ്റസ്, വെര്‍മൗണ്ട് എന്നിവിടങ്ങളിലാണ് കമലയ്ക്ക് വിജയം.

അമേരിക്കയിലെ ആദ്യത്തെ വോട്ട് വടക്കന്‍ ന്യൂഹാംഷെയര്‍ സംസ്ഥാനത്തെ ഡിക്സ്വില്‍ നോച്ച് എന്ന കുഞ്ഞന്‍ ഗ്രാമത്തിലായിരുന്നു. ഇവിടെ രാവിലെ 10.30ന് തന്നെ (ഈസ്റ്റേണ്‍ സമയം അര്‍ദ്ധരാത്രി) പോളിംഗ് തുടങ്ങി. 12 മിനിറ്റില്‍ ഫലം വന്നു. ആകെയുള്ള ആറ് വോട്ടര്‍മാരില്‍ മൂന്ന് വീതം ട്രംപിനും കമലയ്ക്കും വോട്ട് ചെയ്തു. ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നാണ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് ആരംഭിച്ച പോളിംഗ് നാളെ രാവിലെ 9.30ന് (അലാസ്‌കയില്‍ 11.30 ) അവസാനിക്കും.