
വാഷിംഗ്ടൺ ഡിസി: നവജാത ശിശുവിനെ ഓൺലൈനിലൂടെ വിൽക്കാൻ ശ്രമിച്ച അമ്മ അറസ്റ്റിൽ. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ ജൂനിപ്പർ ബ്രൈസണാണ് (21) പിടിയിലായത്. കുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കകമാണ് യുവതി വിൽക്കുന്നതുമായി ബന്ധപ്പെട്ടുളള പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവച്ചത്. കുഞ്ഞിനെ ദത്തെടുക്കാൻ താൽപര്യമുളളവർക്കായി ഓൺലൈൻ ഗ്രൂപ്പുകളിലും ജൂനിപ്പർ സന്ദേശങ്ങൾ പങ്കുവച്ചിരുന്നു. ഇതോടെ കുഞ്ഞിനെ ദത്തെടുക്കാൻ സ്വർവഗ ദമ്പതികളടക്കം നിരവധി പേരാണ് താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
എന്നാൽ പണത്തിനാണ് കുഞ്ഞിനെ യുവതി വിൽക്കാൻ ശ്രമിച്ചതെന്ന് യുവതി പോസ്റ്റിൽ വ്യക്തമാക്കിയിരുന്നില്ല.കുഞ്ഞിനെ വളർത്താൻ കഴിയാത്തതുകൊണ്ടാണ് ജൂനിപ്പർ വിൽക്കാൻ ശ്രമിച്ചതെന്നാണ് വിവരം. 'കുഞ്ഞിന്റെ അമ്മ തന്നെ ദത്തെടുക്കാൻ മാതാപിതാക്കളെ തിരയുന്നു' എന്ന കുറിപ്പോടെയാണ് യുവതി സോഷ്യൽമീഡിയയിൽ കുഞ്ഞിന്റെ ചിത്രം പങ്കു വച്ചത്.
ഇതോടെ കുഞ്ഞിനെ ദത്തെടുക്കാനായി ജൂനിപ്പറിനെ ഒരു കുടുംബം സമീച്ചതായും റിപ്പോർട്ടുകളുണ്ട്.
കുഞ്ഞിന് പകരമായി യുവതി അവരോട് പണം ആവശ്യപ്പെടുകയായിരുന്നു. പുതിയൊരു അപ്പാർട്ട്മെന്റിലേക്ക് മാറാനും ജോലി തേടാനുമുള്ള പണമോ അല്ലെങ്കിൽ വീടിന്റെ ഡൗൺ പേയ്‌മെന്റോ നൽകാനുളള പണമാണ് യുവതി ആവശ്യപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇതുകേട്ടതോടെ കുഞ്ഞിനായി വന്ന കുടുംബം തിരികെ പോകുകയായിരുന്നു.
കുഞ്ഞിന് ജന്മം നൽകുന്നതിന് മുൻപ് തന്നെ ദത്തെടുക്കണമെന്ന താൽപര്യത്തോടെ പ്രദേശവാസിയായ വെൻഡി വില്യംസ് യുവതിയെ സമീപിച്ചതായി പൊലീസ് വ്യക്തമാക്കി. ജൂനിപ്പറിന്റെ പ്രസവ സമയത്ത് ആശുപത്രിയിൽ ശ്രിശ്രൂഷയ്ക്കായി വെൻഡിയാണ് നിന്നത്. കുഞ്ഞിനെ നിയമപരമായി ദത്തെടുക്കാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ ജൂനിപ്പർ കുഞ്ഞിനെ വിൽക്കുന്നതുമായി ബന്ധപ്പെട്ട് പോസ്റ്റിടുകയായിരുന്നു. വെൻഡി ഇത് ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തർക്കത്തിലായി. തുടർന്ന് വെൻഡി ചൈൽഡ് പ്രൊട്ടക്ഷൻ സർവീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെയാണ് അറസ്റ്റ് നടന്നത്.