
മുത്തപ്പനും ഒരു കൊച്ചുകുട്ടിയും തമ്മിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പുത്തൂർ നാറോത്തും ചാൽ മുണ്ട്യ ക്ഷേത്രത്തിന് സമീപത്തെ കീനേരി നളിനിയുട വീട്ടിൽ മുത്തപ്പൻ വെള്ളാട്ടം നടന്നിരുന്നു. രണ്ടാം ക്ലാസുകാരനായ നവദേവ് മുത്തശ്ശിക്കൊപ്പം വെള്ളാട്ട് കാണാനെത്തിയിരുന്നു. താൻ ക്രയോൺ ഉപയോഗിച്ച് വരച്ച മുത്തപ്പന്റെ ചിത്രവും നവദേവ് കൈയിൽ കരുതിയിരുന്നു.
താൻ വരച്ച ചിത്രവും മുത്തപ്പനും ഒരുപോലെയാണോ എന്നറിയാൻ കുട്ടി വെള്ളാട്ടിനിടയിൽ കുട്ടി ഇടയ്ക്കിടെ ചിത്രം നോക്കി. ഇത് ശ്രദ്ധയിൽപ്പെട്ട മുത്തപ്പൻ കുട്ടിയെ വിളിക്കുകയായിരുന്നു. മുത്തപ്പൻ സ്നേഹപൂർവം അവനെ ചേർത്തുപിടിക്കുകയാണ്. അപ്പോൾ കുട്ടി കരയുന്നതും വീഡിയോയിലുണ്ട്.
'നീ ഇങ്ങനെ മറച്ചുവച്ചാൽ ഞാൻ കാണാതെ പോകുമോ? അവനവന് ആകുംപോലെ അല്ലേ. ഈ പ്രായത്തിൽ ഇത്രയെങ്കിലും ഇവന്റെ ഉള്ളിലുണ്ടല്ലോ. ഉള്ളിലുള്ളത് പകർത്താൻ ദൈവികമായ കഴിവ് വേണം. അത് ജന്മസിദ്ധമായിട്ടേ കിട്ടൂ. ഉള്ളിലുള്ളത് പകർത്തണമെങ്കിൽ ഉള്ളിൽ അത്രമാത്രം ഇവൻ എന്നെ സ്വീകരിച്ചിട്ടുണ്ട്. ഇത്രയും മൂല്യമുള്ളതിന് പകരം തരാൻ എന്റെ കൈയിൽ ഒന്നുമില്ല. ഇത് ഞാൻ സൂക്ഷിക്കണോ നീ സൂക്ഷിക്കണോ. നീ സൂക്ഷിച്ചോ. ഇനിയും ഇതുപോലെ മുത്തപ്പനെ പകർത്തണം. നീ കരയരുത്. നീ രഹസ്യമായി വച്ചത് മുത്തപ്പൻ കണ്ടെത്തിയില്ലേ. എന്ത് വരച്ചാലും മുത്തപ്പനെ കൊണ്ടുകാണിക്കണം. ഇതുപോലെ വരയ്ക്കാൻ നിറമുണ്ടോ കൈയിൽ. നാളെ വയ്ക്കാനുള്ളത് വാങ്ങിക്കോ. മനസിൽ അത്രമാത്രം മുത്തപ്പനോട് ബന്ധമുള്ള മക്കളല്ലേ.'- എന്നാണ് മുത്തപ്പൻ കുട്ടിയോട് പറഞ്ഞത്. ഒപ്പം കളർ വാങ്ങാൻ പണവും നൽകുന്നുണ്ട്.