a

പൂത്തുനിൽക്കുന്ന
എള്ളിൻപാടംനിറഞ്ഞ ഗ്രാമം,​
ഇവിടെ വളർന്നവരാണ്
ചിത്രാംഗദനും ഉബൈദും.

കൂട്ടുകച്ചവടക്കാരിവർ
ഒരു ബൈക്കിൽ സഞ്ചരിച്ചവർ
കഴുകന്മാർ വിരുന്നു വപ്പോൾ
ഒരാൾ ഖബറിലും
ഒരാൾ തെക്കേപ്പറമ്പിലും
കാവലാളായി മാറി!

അവിടെ നിറയെ വെളുത്ത
ചെമ്പക പുഷ്പങ്ങൾ
ചിരിക്കുന്നുണ്ട്.
അവരുടെ മക്കൾ മുറ്റത്ത്
ഓടിക്കളിക്കുന്നു.

അവരൊന്നുമറിഞ്ഞതേയില്ല
ചുമരിലെ ഫോട്ടോ നോക്കി
അമ്മ കരയുന്നതു
കണ്ടു നിൽക്കും!

മുറ്റത്ത് തൊപ്പിക്കിളികൾ
കൂടുവെച്ച ഇലഞ്ഞിമരം
നിറയെ
പൂക്കൾ പൊഴിച്ചു നിൽക്കും

രണ്ടു പേരും ഇപ്പോഴും
കൂട്ടുകാരാണ്
അടുത്ത ഗ്രാമത്തിലെ
പ്രാവുകൾ കുറുകുന്ന
വീട്ടിലെ
അച്ചായന്റെ വാഹനം
എനിക്കവർ വാങ്ങിത്തന്നു.

അച്ചായൻ ഇപ്പോഴൊരു
സെമിത്തേരിയിലെ
കല്ലറയിലാണ് വിശ്രമം!
അവിടെ നിറയെ കാശച്ചെടികൾ
പൂത്തുനിൽക്കും.

സ്വർഗവാതിൽപ്പക്ഷി
വിരുന്നുവന്നപ്പോൾ
ഒന്നൊന്നായി മൂന്നു പേരും
ഗ്രാമം വിട്ടുപോയിരിക്കുന്നു
ഇപ്പോഴും അവർ
കൂട്ടുകാരാണ്

ഇപ്പോൾ എന്റെ വീടിന്റെ
ചുമരിലും
ഒരു ചിത്രം തൂങ്ങുന്നു

ഞങ്ങൾ നാലു പേർ
കണ്ടുമുട്ടുന്നു,
ചീറിപ്പാഞ്ഞ
വാഹനമില്ലാതെ
പരലോകത്ത്

അവിടെ നിറയെ കാപ്പിച്ചെടികൾ
പൂത്തു നിന്നിരുന്നു!