shine-tom-chacko

സിനിമയിൽ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാനാണ് ഇഷ്ടമെന്ന് വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ. ചെയ്യുന്ന സിനിമകൾ എല്ലാം വിജയിക്കണമെന്ന പിടിവാശി തനിക്കില്ലെന്നും താരം പറഞ്ഞു. സിനിമകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനെക്കാൾ കൂടുതൽ അഭിനേതാക്കളുടെ ജീവിതത്തെക്കുറിച്ച് അറിയാനാണ് പലർക്കും താൽപര്യമെന്ന് ഷൈൻ ടോം ചാക്കോ വ്യക്തമാക്കി. പുതിയ ചിത്രമായ ഒരു അന്വേഷണത്തിന്റെ തുടക്കത്തിന്റെ പ്രമോഷൻ പരിപാടിയിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

'ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളാണ് കൂടുതലും ചർച്ച ചെയ്യപ്പെടുന്നത്. ഒരു സിനിമയെക്കുറിച്ച് കൂടുതൽ ചർച്ചകൾ ചെയ്യുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഞാൻ അഭിനയിച്ച് വിവേകാനന്തൻ വൈറലാണ് എന്ന സിനിമയെക്കുറിച്ച് ആരും വ്യക്തമായ വിശദീകരണങ്ങളൊന്നും പറഞ്ഞില്ല. ഒടിടിയിൽ റിലീസ് ചെയ്ത സമയത്ത് ചിലർ നല്ല സിനിമയെന്ന് പറഞ്ഞു. അതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതും ഞാൻ ഇതുവരെ കണ്ടിട്ടില്ല. പകരം ചില അടുത്തിടെ ചില റിപ്പോർട്ടിലെ കാര്യങ്ങൾ വന്നപ്പോൾ എല്ലാവരും അതിന്റെ പിറകെ പോയി.

സിനിമയിൽ കുറച്ച് മോശം വേഷങ്ങൾ ചെയ്യാനാണ് രസം. കാരണം ജീവിതത്തിൽ അത് ചെയ്യാനുളള അവകാശവും സ്വാതന്ത്ര്യവും നമുക്കില്ല. നന്നായി പെരുമാറണമല്ലോ. അതുകൊണ്ടാണ് പലരും രക്ഷപ്പെട്ട് പോകുന്നത്. അങ്ങനയാണല്ലോ പലരും നമ്മൾ മോശാമാണെന്ന രീതിയിൽ പലതും പറഞ്ഞുപരത്തുന്നത്. അതിനാൽത്തന്നെ ആരും മോശമായ രീതിയിൽ പെരുമാറില്ല. സിനിമയിൽ മാത്രമേ മോശമായി പെരുമാറാൻ സാധിക്കുളളൂ. അതുകൊണ്ട് അതൊക്കെ ആസ്വദിച്ച് ചെയ്യും. നമ്മൾ ഒരു സിനിമ ചെയ്യുന്നതിലൂടെ സമൂഹത്തിന് ഒരുപാട് മാ​റ്റങ്ങൾ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സിനിമ വിജയിക്കുന്നുണ്ടോ അല്ലെങ്കിൽ പരാചയപ്പെടുന്നുണ്ടോ എന്നതിൽ കാര്യമില്ല. സമൂഹത്തിന് ഗുണം ചെയ്യുന്ന സിനിമകളാണ് ചെയ്യേണ്ടത്'- ഷൈൻ പറഞ്ഞു.