
ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും വേർപിരിയുകയാണെന്ന തരത്തിലെ അഭ്യൂഹങ്ങൾ ഏറെ നാളായി പ്രചരിക്കുകയാണ്. നടി നിമ്രിത് കൗറുമായി അഭിഷേക് പ്രണയത്തിലാണെന്നും ഇതാണ് ഐശ്വര്യയുമായുള്ള വിവാഹജീവിതത്തിൽ വിള്ളൽ വീഴ്‌ത്തിയതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വാർത്തകളിൽ പ്രതികരിച്ചിരിക്കുകയാണ് ബച്ചൻ കുടുംബവുമായി അടുത്ത ബന്ധമുള്ളയാൾ.
'അഭ്യൂഹങ്ങളിൽ സത്യത്തിന്റെ ഒരു കണിക പോലുമില്ല. അവർ (നിമ്രിത് കൗർ)എന്തുകൊണ്ട് നിരാകരിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഇപ്പോൾതന്നെ ജീവിതത്തിലെ പല കാര്യങ്ങളിലൂടെയും കടന്നുപോവുന്നതിനാലാണ് അഭിഷേക് പ്രതികരിക്കാത്തത്. എല്ലാ വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കാനാണ് അദ്ദേഹത്തോട് പറഞ്ഞിട്ടുള്ളത്.
എങ്ങനെയാണ് ഇത്തരം അഭ്യൂഹങ്ങൾ പരന്നത്? ഭാര്യയെ വഞ്ചിക്കുന്ന തരത്തിലെ ആളല്ല അഭിഷേക്. ഭാര്യയോട് പൂർണമായും വിശ്വസ്തനാണ് അദ്ദേഹം. ദാമ്പത്യം പ്രക്ഷുബ്‌ധമായിരിക്കുമ്പോൾ അദ്ദേഹമെന്തിന് പെട്ടെന്ന് അകന്നുമാറണം. അഭ്യൂഹങ്ങളിൽ കുടുംബം പ്രതികരിക്കാത്തത് അവസരമായി കാണരുത്. അഭ്യൂഹങ്ങളിൽ വളരെ കോപാകുലരാണവർ. ആരാണിതിന് പിന്നിലെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണവർ. ശേഷം അവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും'- അടുത്തവൃത്തം വ്യക്തമാക്കി.
ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്ന് അകന്നുവെന്നും ഐശ്വര്യയും മകളും സ്വന്തം വീട്ടിലാണെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് ബച്ചൻ കുടുംബത്തിനൊപ്പം ഐശ്വര്യയും മകളും വരാത്തതാണ് അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ചത്. ചടങ്ങിനിടെ ഐശ്വര്യയും മകളും ബച്ചൻ കുടുംബത്തിൽ നിന്ന് അകലം പാലിച്ചിരുന്നതും വലിയ ചർച്ചയായിരുന്നു.