
അങ്ങനെ വീണ്ടും യു.എസിൽ ട്രംപ് യുഗം. അമേരിക്കയിലെ ഏറ്റവും വലിയ വഴിത്തിരിവാണ് തന്റെ ജയമെന്ന് ട്രംപ് പറയുന്നു. ക്രിമിനൽ കേസുകളിൽ തെറ്റുകാരനെന്ന് കണ്ടെത്തിയിട്ടും രണ്ടുതവണ ഇംപീച്ച്മെന്റിന് വിധേയനായിട്ടും വിവാദങ്ങൾ വേട്ടയാടിയിട്ടും ട്രംപ് കുലുങ്ങിയില്ല. അമേരിക്കക്കാർ ട്രംപിനെ കൈവിട്ടതുമില്ല. അമേരിക്കൻ രാഷ്ട്രീയത്തിൽ ശക്തമായി അദ്ദേഹം തിരിച്ചുവന്നു. അതിന് വോട്ടർമാരെ സ്വാധീനിച്ച നിരവധി കാരണങ്ങളുണ്ട് -
1. ഗർഭച്ഛിദ്രം, ജനാധിപത്യം, സാമ്പത്തികം എന്നിവ പ്രചാരണ വിഷയങ്ങളായി. ആദ്യ രണ്ടെണ്ണം കമല ആയുധമാക്കി. സാധാരണക്കാരെ ബാധിക്കുന്ന സാമ്പത്തികത്തിൽ ട്രംപ് കത്തിക്കയറി.
2.10- 11 ഡോളർ വിലയുണ്ടായിരുന്ന ഫ്രോസൺ ചിക്കന് ഇന്ന് 20 ഡോളറാണ് വില. നാല് വർഷങ്ങൾക്കിടെ വിലക്കയറ്റം രൂക്ഷമായി
3. അമേരിക്കയ്ക്ക് തലവേദനയായ അനധികൃത കുടിയേറ്റവും ട്രംപ് ചർച്ചയാക്കി
4. കൊവിഡിനുമുമ്പ് ട്രംപിന്റെ കാലത്ത് ഓഹരി വിപണി കുതിച്ചുയർന്നു. തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറവ്.
5. ബൈഡന്റെ ഭരണകാലത്ത് പണപ്പെരുപ്പം കുതിച്ചു
6. ബൈഡന്റെ ആരോഗ്യപ്രശ്നങ്ങൾ, നാക്കുപിഴ, അടിതെറ്റി വീഴ്ചകൾ അദ്ദേഹം ശാരീരികമായി ദുർബലനാണെന്ന തോന്നലുണ്ടാക്കി. ട്രംപിനെ പോലെ ചുറുചുറുക്കുള്ള നേതാവിനെ ജനം ആഗ്രഹിച്ചു
7. യുക്രെയിൻ, പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ബൈഡൻ ഭരണകൂടത്തിന്റെ ഇടപെടൽ ഫലപ്രദമല്ലെന്ന് സംസാരം. യു.എസിനെ ഭയന്നിരുന്ന ഇറാൻ ശക്തിയാർജ്ജിച്ചത് ട്രംപ് ആയുധമാക്കി
8. ബൈഡൻ മാത്രമല്ല, വൈസ് പ്രസിഡന്റ് കമലാ ഹാരിസും തങ്ങളെ നിരാശരാക്കിയെന്ന് ജനം
9. ബൈഡൻ പിന്മാറിയതോടെ കമലയ്ക്ക് മികച്ച പിന്തുണ ലഭിച്ചു. എന്നാൽ വ്യക്തമായ അജൻഡയോ പരിവർത്തന നയങ്ങളോ പിന്തുടരുന്നതിൽ കമല പരാജയപ്പെട്ടെന്ന് വിലയിരുത്തൽ
10. ട്രംപ് 'ട്രംപായി" നിന്നത് ജനങ്ങൾക്കിഷ്ടപ്പെട്ടു. വെട്ടിത്തുറന്നുള്ള സംസാരം. ഒന്നിനെയും കൂസാത്ത പ്രകൃതം. 'അനധികൃത കുടിയേറ്റക്കാർ അമേരിക്കയിലെ വളർത്തുമൃഗങ്ങളെ ഭക്ഷിക്കുന്നു" തുടങ്ങിയ വിചിത്ര ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും 'ഗ്രേറ്റ് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ" എന്ന തീമിൽ ഉറച്ചുനിന്നു
11. ട്രംപിന്റെ സംസാരവും പ്രവൃത്തിയും വേർതിരിച്ചറിയാൻ വോട്ടർമാർ പഠിച്ചു. അമേരിക്കയ്ക്ക് വേണ്ടി പക്വതയുള്ള തീരുമാനങ്ങളാണ് ട്രംപ് നടപ്പാക്കുന്നതെന്ന് വോട്ടർമാർ പറയുന്നു
12. ട്രംപ് ഒരു ദശാബ്ദത്തിനിടെ അമേരിക്കയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരച്ചു. റിപ്പബ്ലിക്കൻ പാർട്ടിയെ അടിമുടി മാറ്റിമറിച്ചു