trum

സെൻസെക്സ് 901 പോയിന്റും നിഫ്‌റ്റി 272 പോയിന്റും ഉയർന്നു

കൊച്ചി: ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കയിലെ പുതിയ പ്രസിഡന്റായതോടെ ഇന്ത്യൻ ഓഹരി വിപണി വൻ മുന്നേറ്റം നടത്തി. ഐ.ടി ഓഹരികളുടെ കരുത്തിലാണ് തുടർച്ചയായ രണ്ടാം ദിനവും വിപണി മുന്നേറിയത്. സെൻസെക്‌സ് 901.5 പോയിന്റ് നേട്ടത്തോടെ 80,378.13ലും നിഫ്‌റ്റി 270.75 പോയിന്റ് ഉയർന്ന് 24,484.05ൽ അവസാനിച്ചു. ചൈനയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ട്രംപിന്റെ വരവ് ഇന്ത്യയ്ക്ക് ഗുണമാകുമെന്ന ആവേശത്തിൽ നിക്ഷേപകർ മികച്ച വാങ്ങൽ താത്പര്യം വർദ്ധിപ്പിച്ചു. കോർപ്പറേറ്റ് നികുതി കുറയ്ക്കാനും ആഭ്യന്തര വ്യവസായം പ്രോത്സാഹിപ്പിക്കാനുമുള്ള ട്രംപിന്റെ നിലപാട് ഇന്ത്യൻ ഐ.ടി കമ്പനികൾക്ക് അനുഗ്രഹമാകും. ഭാരത് ഇലക്ട്രോണിക്സ്, അദാനി എന്റർപ്രൈസസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്.സി.എൽ ടെക്ക്, വിപ്രോ എന്നിവയാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.

രൂപ റെക്കാഡ് താഴ്ചയിൽ

ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ രൂപയുടെ മൂല്യം 21 പൈസ ഇടിഞ്ഞ് 84.30ൽ എത്തി. ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയ്ക്ക് വെല്ലുവിളി സൃഷ്‌ടിച്ചു. ഈ ആഴ്ച നടക്കുന്ന ഫെഡറൽ റിസർവിന്റെ യോഗത്തിൽ മുഖ്യ പലിശ നിരക്കിൽ കാൽ ശതമാനം കുറവുണ്ടാകുമെന്ന വിലയിരുത്തലും വിനയായി.

ക്രിപ്‌റ്റോ കറൻസികൾക്ക് കുതിപ്പ്

ട്രംപിന്റെ വിജയം ക്രിപ്‌റ്റോ കറൻസികളിൽ വൻ മുന്നേറ്റമുണ്ടാക്കി. ബിറ്റ്‌കോയിനിന്റെ മൂല്യം ചരിത്രത്തിലാദ്യമായി 75,000 ഡോളർ കടന്നു. ഇന്ത്യൻ ക്രിപ്‌റ്റോ എക്സ്‌ചേഞ്ച് പ്ളാറ്റ്ഫോമുകളിലെ വില്‌പ്പനയിലും മികച്ച കുതിപ്പുണ്ടായി. അമേരിക്കയെ ക്രിപ്‌റ്റോയുടെ തലസ്ഥാനമാക്കുമെന്ന് പ്രചാരണ കാലയളവിൽ ട്രംപ് വ്യക്തമാക്കിയിരുന്നു.

ക്രൂഡോയിൽ വില മൂക്കുകുത്തി

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 2.5 ശതമാനം ഇടിഞ്ഞ് ബാരലിന് 73.63 ഡോളറിലെത്തി. ഡൊണാൾഡ് ട്രംപിന്റെ വിജയം ഉറപ്പായതോടെ ഡോളർ കരുത്ത് നേടിയതാണ് വിലയിടിച്ചത്. അഞ്ച് ദിവസമായി എണ്ണ വില തുടർച്ചയായി മുകളിലേക്ക് നീങ്ങുകയായിരുന്നു.

പ്രതീക്ഷകളുടെ ഓളത്തിൽ ട്രംപ് 2.0

ചൈനയ്ക്കെതിരെയുള്ള നീക്കങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാകും

അമേരിക്കൻ കമ്പനികൾക്കുള്ള നികുതി ഇളവ് ഐ.ടി മേഖലയ്ക്ക് ഉണർവാകും

നരേന്ദ്ര മോദിയുമായുള്ള ഉൗഷ്‌മള ബന്ധം വ്യാപാര ഉണർവുണ്ടാക്കും

വെല്ലുവിളികൾ

ഇറക്കുമതി തീരുവ കൂട്ടാനുള്ള തീരുമാനം ഇന്ത്യയ്ക്ക് വിനയാകും

ഡോളറിന്റെ കരുത്ത് രൂപയെ ദുർബലമാക്കും