
സ്കൂൾ കായികമേളയിലെ അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയിലെ ഗ്ലാമർ പോരാട്ടമായ അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് ട്രാക്കുണരും. ഇനിയുള്ള അഞ്ചു ദിവസങ്ങൾ പുതിയ വേഗവും ഉയരവും തേടിയുള്ള കൗമാരക്കുതിപ്പിന് കേരളം കാതോർക്കും.ഇന്ന് രാവിലെ 6.10ന് തുടങ്ങുന്ന ആൺകുട്ടികളുടെ 5000 മീറ്ററോടെയാണ് അത്‌ലറ്റിക്‌സ് മത്സരങ്ങൾ ആരംഭിക്കുന്നത്. ആറ് വിഭാഗങ്ങളിലായി 98 ഇനങ്ങളിലാണ് മത്സരം. മൂവായിരത്തോളം കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. ഫ്ലഡ്ലിറ്റ് പ്രഭയിൽ രാത്രി 8 മണിവരെ മത്സരങ്ങളുണ്ടാകം.
തലസ്ഥാനം തലപ്പത്തുതന്നെ
സ്കൂൾ കായികമേളയുടെ ഓവറോൾ പോരാട്ടത്തിൽ തിരുവനന്തപുരം ജില്ല കുതിപ്പ് തുടരുകയാണ്. അക്വാട്ടിക്‌സിൽ മെഡൽവേട്ട തുടരുന്ന തലസ്ഥാന ടീം ഇന്നലെ മാത്രം 200 പോയിന്റുകൾ കൂട്ടിച്ചേര്‍ത്തു. ആകെ 340 മത്സരങ്ങൾ പൂർത്തിയായപ്പോൾ 848 പോയിന്റുകളാണ് തിരുവനന്തപുരത്തിന്. 91 സ്വർണവും 75 വെള്ളിയും 77 വെങ്കലവും. 464 പോയിന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തേക്ക് കയറി. 48 സ്വർണവും, 37 വെള്ളിയും, 51 വെങ്കലവും കണ്ണൂരിനുണ്ട്. ഇത്രയും സ്വർണമുള്ള തൃശൂരാണ് മൂന്നാമത്, 438 പോയിന്റ്. നീന്തലിൽ ഇന്നലെ 9 റെക്കാഡുകൾ കൂടി പിറന്നു