
വേഗ റെയിൽ വൈകിക്കൂടാ
വി. അജിത്കുമാർ
ഡയറക്ടർ, കെ-റെയിൽ
കേരളത്തിൽ 2009 മുതൽ അതിവേഗ റെയിൽപ്പാതയെക്കുറിച്ച് ആലോചനയുണ്ട്. കണ്ണൂർ- തിരുവനന്തപുരം അതിവേഗ റെയിൽപ്പാത ചെലവേറിയതായതിനാൽ, ചെലവു കുറഞ്ഞതും പ്രായോഗികവുമായ അർദ്ധ അതിവേഗപാത എന്ന ആശയത്തിലേക്കു മാറി. അങ്ങനെയാണ് തിരുവനന്തപുരം- കാസർകോട് സിൽവർലൈൻ പദ്ധതിയുണ്ടായത്. ഡി.പി.ആർ പ്രകാരം കിലോമീറ്ററിന് 120 കോടി രൂപയാണ് ചെലവ്. ഇന്നത്തെ നിരക്കനുസരിച്ച് കി. മീറ്ററിന് 140 കോടിയെങ്കിലുമാകും. എങ്കിലും 77,800 കോടിക്ക് സിൽവർ ലൈൻ പൂർത്തിയാവും. ഇപ്പോൾ പത്തു മുതൽ 14 മണിക്കൂർ വരെ വേണ്ടിവരുന്ന യാത്രാസമയം നാലു മണിക്കൂർ മാത്രമായി ചുരുങ്ങും (തുരങ്കപാതകളും ആകാശ പാതകളുമുള്ള ചെങ്ങന്നൂർ- പമ്പ പാതയ്ക്ക് കിലോമീറ്ററിന് 110 കോടിയാണ് റെയിൽവേ കണക്കാക്കിയിട്ടുള്ള ചെലവ്).
വേഗതയേറിയ യാത്രാ സംവിധാനങ്ങളാണ് രാജ്യങ്ങളെ പുരോഗതിയിലേക്കു നയിക്കുന്നത്. രണ്ടാം ലോക മഹായുദ്ധം തരിപ്പണമാക്കിയ ജപ്പാൻ സർവനാശത്തിൽനിന്ന് കരകയറിയതിനു പിന്നിൽ 'ഷിൻകാൻസെൻ" റെയിൽവേ അടക്കമുള്ള സംവിധാനങ്ങളുണ്ട്. മിക്ക ലോകരാജ്യങ്ങളിലും അതിവേഗ റെയിൽപ്പാതകളുണ്ട്. പതിനഞ്ച് അതിവേഗ റെയിൽപ്പാതകളാണ് ഇന്ത്യയിൽ ഇപ്പോൾ പരിഗണനയിലുള്ളത്. മുംബയ്- അഹമ്മദാബാദ് പാത നിർമ്മാണത്തിലാണ്. ചിലത് റെയിൽവേയുടെ അനുമതി കാത്തിരിക്കുന്നു. ഡൽഹി- മീററ്റ് 160കി.മീ പാതയുടെ ഒന്നാംഘട്ടം തുറന്നു.
റെയിൽവേ അവതരിപ്പിച്ച 'വന്ദേഭാരത്" ട്രെയിനുകളുടെ ജനപ്രീതി തെളിയിക്കുന്നത് വേഗയാത്രയ്ക്കുള്ള ജനങ്ങളുടെ താത്പര്യമാണ്. രാജ്യത്ത് ആകെയുള്ള 102 വന്ദേഭാരത് സർവീസുകളിൽ ഏറ്റവും തിരക്കേറിയതാണ് കേരളത്തിലേത്. മുതിർന്ന പൗരന്മാർ കൂടുതൽ യാത്ര ചെയ്യുന്നതും കേരളത്തിലെ വന്ദേഭാരതിലാണ്. വന്ദേഭാരതിന്റെ ഒക്യുപൻസി റേറ്റ് 175 ശതമാനത്തിലേറെയാണ്. എന്നാൽ, മറ്റു ട്രെയിനുകളുടെ സമയക്രമത്തെ ബാധിക്കാതെ കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാനാവില്ല. സിൽവർലൈനിന്റെ പദ്ധതിരേഖ 2020 ജൂണിൽ റെയിൽവേയ്ക്ക് സമർപ്പിച്ചതാണ്. അംഗീകാരം ലഭിച്ചാൽ സമയബന്ധിതമായി പൂർത്തിയാക്കും.
പതിനൊന്നു ജില്ലകളിലൂടെ കടന്നുപോകുന്ന സിൽവർലൈൻ കേരളത്തിന്റെ സമ്പദ്ഘടനയിൽ വരുത്തുന്ന മാറ്റം ചെറുതായിരിക്കില്ല. വിവരസാങ്കേതികം, വിനോദസഞ്ചാരം വ്യവസായം എന്നീ മേഖലകളിൽ പദ്ധതിയുടെ പ്രത്യക്ഷ നേട്ടങ്ങൾ പ്രതിഫലിക്കും. കേരളം ആഭ്യന്തര, അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. വേഗതയേറിയതും കാര്യക്ഷമവുമായ ഗതാഗത സംവിധാനങ്ങളുടെ നിലവിലെ അഭാവം ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള സുഗമമായ സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കേരളം സന്ദർശിക്കുന്ന മിക്ക വിനോദസഞ്ചാരികളും 'സിംഗിൾ ഡെസ്റ്റിനേഷൻ" ടൂറിസം പാക്കേജുകളാണ് തിരഞ്ഞെടുക്കുന്നത്. സിൽവർലൈനിന്റെ വരവോടെ ഇത് 'മൾട്ടി ഡെസ്റ്റിനേഷൻ" ടൂറിസമായി മാറും. ഇത് വിനോദസഞ്ചാര മേഖലയിൽ അനന്ത സാദ്ധ്യതകൾ തുറക്കും.
സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ ശരാശരി 10 ശതമാനം സംഭാവന ചെയ്യുന്ന വിനോദസഞ്ചാര മേഖലയ്ക്കും അതുവഴി സമ്പദ്ഘടനയ്ക്കും വലിയ കുതിച്ചുചാട്ടത്തിന് സിൽവർലൈൻ വഴിയൊരുക്കും. സുരക്ഷിതവും സുഗമമവും ചെലവു കുറഞ്ഞതുമായ വേഗപ്പാത കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ആക്കം കൂട്ടാൻ അത്യന്താപേക്ഷിതമാണ്. ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ ഇനിയും കാത്തിരുന്നൂ കൂടാ. കേരളത്തിന്റെ സമഗ്ര വികസനം സാദ്ധ്യമാക്കുന്ന പദ്ധതി സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടികളാണ് ഉണ്ടാവേണ്ടത്.
'വിഭജന പാത' വന്നേ കൂടാ...
ശരണ്യാ രാജ്
സംസ്ഥാന കൺവീനർ,
സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി
സ്വപ്നപദ്ധതി എന്ന് സംസ്ഥാന സർക്കാർ വിശേഷിപ്പിക്കുന്ന കെ- റെയിൽ 'സിൽവർലൈൻ" പദ്ധതിയെ കേരളത്തിന്റെ പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ അംഗീകരിക്കാനാകില്ല. പദ്ധതിച്ചെലവ് കുറച്ചുകാണിച്ചും, ടിക്കറ്റ് വരുമാനം പെരുപ്പിച്ചു കാണിച്ചും, ഭൂമിയുടെ ആവശ്യകത, കുടിയൊഴിപ്പിക്കൽ, പാരിസ്ഥിതികാഘാതം എന്നിവയുടെ കാര്യത്തിൽ പുകമറ സൃഷ്ടിച്ചും ജനങ്ങളെ കബളിപ്പിക്കുകയാണ് കെ- റെയിൽ. 64,000 കോടി എന്നാണ് വിശദ പദ്ധതി രേഖയിൽ കണക്കാക്കിയ പദ്ധതിച്ചെലവ്. 1.26 ലക്ഷം കോടി എന്നാണ് നീതി ആയോഗ് 2021 ൽ കണക്കാക്കിയത്!
സാധാരണക്കാർക്ക് താങ്ങാനാകാത്ത ചെലവിലാണ് സിൽവർലൈൻ വേഗയാത്ര വാഗ്ദാനം ചെയ്യുന്നത്. കേരളത്തിൽ തെക്കുവടക്ക് 530 കിലോമീറ്റർ നീളത്തിൽ ഒരു കൂറ്റൻ നിർമ്മാണം നടത്തിയാൽ അതിന് ഇരുപുറവുമായി വിഭജിക്കപ്പെടുന്ന ലക്ഷക്കണക്കിനു ജനങ്ങൾ ഗതാഗതക്കുരുക്കിൽ അകപ്പെടും. നൂറുകണക്കിന് ചെറു റോഡുകൾ തടസപ്പെട്ട് യാത്രക്കാർ ദുരിതമനുഭവിക്കേണ്ടിവരും. 293 കിലോമീറ്റർ നീളത്തിൽ എട്ടു മുതൽ 18 മീറ്റർ വരെ ഉയരത്തിൽ നിർമ്മിക്കുന്ന എംബാങ്ക്മെന്റ് ഒരു അണക്കെട്ട് പോലെയാകും. വർഷകാലത്ത് അണ്ടർ പാസുകളിലൂടെ വെള്ളം കുത്തിയൊഴുകും. ഒരു ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തകർക്ക് പോലും അവിടെ കടക്കാൻ കഴിയില്ല. കട്ട് ആന്റ് കവർ എന്ന പേരിൽ 126 കിലോമീറ്റർ ദൈർഘ്യത്തിൽ 20 മീറ്റർ വരെ ആഴത്തിൽ ക്രോൺക്രീറ്റ് ഭിത്തി കെട്ടിയാൽ സ്വാഭാവിക നീർവാർച്ച തടസപ്പെടും.
പാത ഇരട്ടിപ്പിക്കലും മൂന്നാം ലൈനും മറ്റുമായി നിലവിലെ സ്ഥിതി മെച്ചപ്പെടുത്തിയാലും സമാന്തരമായുള്ള ദേശീയ, സംസ്ഥാന പാതകൾ വീതി കൂട്ടി വേഗയാത്ര ഒരുക്കിയാലും സിൽവർ ലൈനിനെ ദോഷകരമായി ബാധിക്കുമെന്ന് പദ്ധതി രേഖ പറയുന്നു. ചെലവു കുറഞ്ഞ യാത്രാ മാർഗങ്ങളിലൂടെ മുഴുവൻ ജനങ്ങൾക്കും ഗുണം ഉണ്ടാകുമെന്നിരിക്കെയാണ് നിലവിലെ റെയിൽ നിരക്കിന്റെ പത്തിരട്ടിയിലധികം യാത്രാനിരക്ക് വരുന്ന പദ്ധതി അടിച്ചേൽപ്പിക്കുന്നത്. കൂറ്റൻ നിർമ്മാണങ്ങൾ മൂലമുണ്ടാകുന്ന കാർബൺ ബഹിർഗമനം, പരിസ്ഥിതി സസ്യജാലങ്ങളുടെ നഷ്ടം എന്നിവ ചർച്ച ചെയ്യാതെ സിൽവർലൈനിനെ ഹരിത പദ്ധതി എന്നു വിളിക്കുന്നത് കാപട്യമാണ്.
പരിസ്ഥിതി ആഘാതം പഠിക്കാൻ ഏർപ്പെടുത്തിയ ഇ.ക്യു.എം.എസിന്റെ റിപ്പോർട്ട് ഇനിയും പറത്തുവിടാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മുംബയ് - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പ്രോജക്ടിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 40,000 ആണെന്നിരിക്കെ, വൻ നഗരങ്ങളില്ലാത്ത കേരളത്തിലെ പ്രതിദിന യാത്രക്കാർ 79,900 എന്ന കെ- റെയിലിന്റെ കണക്ക് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല.
നിലവിലുള്ള റെയിൽവേയുടെ സ്ഥലത്ത് മൂന്നും നാലും അതിവേഗ പാതകൾ പണിയുകയും, സിഗ്നൽ സംവിധാനങ്ങൾ പരിഷ്കരിക്കുകയും, വളവുകൾ നിവർത്തുകയും ചെയ്താൽ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാം. സിൽവർലൈൻ പിൻവലിച്ച് റെയിൽ വികസനത്തിനായി പരിശ്രമിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.