
ചെന്നൈ: ആഭരണങ്ങൾക്കായി അയൽവാസിയായ വയോധികയെ കൊന്ന് ട്രോളി ബാഗിലാക്കി ട്രെയിനിൽ ചെന്നൈയിലെത്തിച്ച അച്ഛനും മകളും അറസ്റ്റിൽ. സേലം സ്വദേശികളായ ബാലസുബ്രഹ്മണ്യം (43), 17 വയസുള്ള മകൾ എന്നിവരാണ് പിടിയിലായത്. നെല്ലൂർ സ്വദേശി മന്നം രമണിയാണ് (65) കൊല്ലപ്പെട്ടത്. മകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിനാണ് കൊലപ്പെടുത്തിയതെന്നാണ് സ്വർണ പണിക്കാരനായ ബാലസുബ്രഹ്മണ്യം ആദ്യം മൊഴി നൽകിയത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോൾ ആഭരണങ്ങൾ കൈക്കലാക്കാൻ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു. കടം വീട്ടാനാണ് കൃത്യം നടത്തിയതെന്നാണ് വിശദീകരണം. ആഭരണങ്ങൾ ധാരാളം ധരിക്കാറുള്ളയാളാണ് മന്നം രമണി. ഞായറാഴ്ച അവരുടെ വീട്ടിൽ ഒളിച്ചിരുന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശേഷം രണ്ട് സ്വർണമാലകൾ, കമ്മൽ എന്നിവ കവർന്നു. മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ശേഷം ട്രോളി ബാഗിലാക്കി.
കഴിഞ്ഞ ദിവസം പുലർച്ചെ നാലിന് മൃതദേഹമടങ്ങിയ ബാഗുമായി നെല്ലൂരിൽ നിന്ന് സബേർബൻ ട്രെയിനിൽ കയറിയ അച്ഛനും മകളും 8.30ഓടെ മിഞ്ചൂർ സ്റ്റേഷനിൽ ഇറങ്ങി. ബാഗ് ഇവിടെ ഉപേക്ഷിച്ച് മടങ്ങാനായിരുന്നു പദ്ധതി. 100 മീറ്ററകലെ ബാഗ് ഉപേക്ഷിച്ചെങ്കിലും സംശയം തോന്നിയ ചില യാത്രക്കാർ റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.