school-sprts

കൊച്ചി : അറബിക്കടലിൽ നിന്ന് കുതിച്ചുയരുന്ന ആവേശത്തിരപോലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ നവീകരിച്ച സിന്തറ്റിക്ക് ട്രാക്കിലും ഫീൽഡിലും ഇന്നുമുതൽ കൗമാരപ്പടയോട്ടം.

പറളിയുടെയും കല്ലടിയുടേയും കരുത്തിൽ കഴിഞ്ഞ തവണ ചാമ്പ്യൻമാരായ പാലക്കാട് കിരീടം നിലനിറുത്താനുറച്ച് വരുമ്പോൾ കടകശേരി ഐഡിയൽ ഇ.എച്ച്.എസ്സിന്റെ കരുത്തിൽ ആദ്യ ഓവറോൾ പട്ടത്തിലേക്ക് കണ്ണുവച്ചാണ് മലപ്പുറം ഇറങ്ങുന്നത്. 28 സ്വർണവും 27 വെള്ളിയും 12 വെങ്കലവുമായി 266 പോയിന്റ് നേടിയാണ് കഴിഞ്ഞ തവണ തൃശൂരിൽ പാലക്കാട് ചാമ്പ്യന്മാരായത്. റണ്ണറപ്പായ മലപ്പുറത്തിന് 13 സ്വർണവും 22 വെള്ളിയും 20 വെങ്കലവുമുൾപ്പെടെ 166 പോയിന്റാണ് ഉണ്ടായിരുന്നത്.

ഒരുകാലത്ത് കോതമംഗലത്തെ സ്കൂളുകളുടെ കരുത്തിൽ വൻശക്തികളായിരുന്ന ആതിഥേയരായ എറണാകുളവും സ്വന്തം നാട്ടിൽ പഴയ പ്രതാപം തിരിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ്. കോതമംഗലത്തെ സെന്റ് ജോർജ് സ്‌കൂൾ കളം വിട്ടെങ്കിലും അയൽക്കാരായ മാർബേസിലാണ് എറണാകുളത്തിന്റെ ചാലക ശക്തി. കഴിഞ്ഞ തവണ 88 പോയിന്റുമായി നാലാം സ്ഥാത്തായിരുന്നു എറണാകുളം. ജി.വി രാജ സ്പോർട്‌സ് കൂളിന്റെയും ആരുമാനൂർ എം.വി എച്ച്.എസ്.എസിന്റെയും ചിറകിലേറി തിരുവനന്തപുരവും വരുന്നതോടെ പോരാട്ടം കടുകട്ടിയാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരായ കോഴിക്കോടും കിരീടപ്പോരിൽ മുന്നിലുണ്ടാകും.

ഹാട്രിക്ക് തേടി ഐഡിയൽ

സ്കൂളുകളുടെ പോരാട്ടത്തിൽ ഹാട്രിക്ക് ചാമ്പ്യൻഷിപ്പ് തേടിയാണ് ഐഡിയൽ ഇഎച്ച്.എസ്.എസ് കടകശേരി കൊച്ചിയിൽ എത്തിയിരിക്കുന്നത്. എറണാകുളത്തെയും പാലക്കാട്ടെയും സ്‌കൂളുകളുടെ കുത്തക തകർത്ത് 2022ൽ 66 പോയിന്റുമായി കിരീടമുയർത്തിയ ഐഡിയൽ കഴിഞ്ഞവർഷം 57 പോയിന്റ് നേടിയാണ് കിരീടം കാത്തത്. കഴിഞ്ഞ തവണ 42 താരങ്ങളുമായെത്തിയ ഐഡിയൽ ഇത്തവണ വരുന്നത് 36 പേരുമായാണ്.28 പേർ പെൺകുട്ടികളാണ്. എല്ലാ ഇനത്തിലും പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്.

കുതിക്കാൻ മാർബേസിൽ

ഫോമില്ലായ്മ അലട്ടുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ ഐഡിയലിനോട് 11 പോയിന്റ് വ്യത്യാസത്തിൽ കൈവിട്ട സ്കൂൾ കിരീടം സ്വന്തം നാട്ടിൽ വീണ്ടെടുക്കുകയാണ് കോതമംഗലംമാർ ബേസിൽ സ്കൂളിന്റെ ലക്ഷ്യം. 46 പോയിന്റാണ് കഴിഞ്ഞ തവണ നേടിയത്. ഇത്തവണ 37 താരങ്ങളെയാണ് മാർബേസിൽ അണിനിരത്തുന്നത്.

പറക്കാൻ പറളി

കായികമേളയിൽ സ്ഥിരമായി മിന്നൽക്കുതിപ്പ് നടത്തുന്ന പാലക്കാട്ടെ പറളി സ്കൂൾ ഇക്കറിയും 13 ആൺകുട്ടികളും 11 പെൺകുട്ടികളുമുൾപ്പെടെ 24 പേരുമായി സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ തവണ 4 സ്വർണവും 3വെള്ളിയുമുൾപ്പെടെ 29 പോയിന്റുമായി നാലാം സ്ഥാനത്തായിരുന്നു പറളി.

കല്ലടിയുടെ കിതപ്പും മാത്തൂരിന്റെ കുതിപ്പും

6 സ്വർ‌ണവം 4 വെള്ളിയും 1 വെങ്കലവുമുൾപ്പെടെ 43പോയിന്റ് നേടി കഴിഞ്ഞ തവണ മൂന്നാം സ്ഥാനം നേടിയ കല്ലടി എച്ച്.എസ് കുമരംപുത്തൂരിൽ നിന്ന് ഇത്തവണ 7 പേരെയുള്ളൂ. കല്ലടിയുടെ താരങ്ങളുടെ കുറവ് പാലക്കാടിന്റെ കുതിപ്പിനും തിരിച്ചടിയായേക്കാം. എന്നാൽ ജില്ലാ കായികമേളയിൽ കരുത്തു കാട്ടിയ സി.എഫ്.ഡി മാത്തൂരിലൂടെ ആ കുറവ് നികത്താമെന്നാണ് പാലക്കാടിന്റെ കണക്ക് കൂട്ടൽ.