samosa

ന്യൂയോർക്ക്: ചൊവ്വാഴ്‌ച നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പോടെ അമേരിക്കയിൽ ഇന്ത്യൻ 'രക്തത്തിന്റെ' ശക്തി ഒന്നുകൂടി കൂടിയിരിക്കുകയാണ്. അമേരിക്കൻ ഭരണസഭയായ യുഎസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ വംശജരുടെ എണ്ണം ഒന്നുകൂടി ഉയർന്നിരിക്കുകയാണ് എന്നർത്ഥം. മുൻപ് അഞ്ചുപേരാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ അവർക്ക് പുറമേ രണ്ടുപേർ‌ കൂടി ജയിച്ച് ഇന്ത്യൻ അമേരിക്കക്കാർ അവരുടെ പ്രാധാന്യം ഒന്നുകൂടി അമേരിക്കൻ മണ്ണിൽ അരക്കിട്ടുറപ്പിച്ചു.

ഇത്തവണ വിജയിച്ച പ്രധാനികളിൽ ഒരാൾ സുഹാസ് സുബ്രഹ്‌മണ്യമാണ്. 38കാരനായ ഹൂസ്‌റ്റൺ സ്വദേശിയായ സുഹാസ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. മൈക് ക്ളൻസിയെ തോൽപ്പിച്ച് വിർജീനിയ 10-ാം സ്റ്റേറ്റിന്റെ പ്രതിനിധിയായ സുഹാസ് ആദ്യമായി ഈ പദവിയിലെത്തുന്ന ഇന്ത്യൻ അമേരിക്കക്കാരനാണ്. അഭിഭാഷകനാണ് ഇദ്ദേഹം. അമേരിക്കയുടെ ഈസ്റ്റ് കോസ്റ്റ് സ്റ്റേറ്റുകൾ എന്ന 14 സ്റ്റേറ്റുകളിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയാകുന്ന ആദ്യ ഇന്ത്യൻ അമേരിക്കനും സുഹാസാണ്. ബരാക് ഒബാമ അമേരിക്കൻ പ്രസിഡന്റ് പദവിയിലിരുന്നപ്പോൾ വൈറ്റ് ഹൗസ് ഉപദേഷ്‌ടാവായി സുഹാസ് സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

സമോസ കോക്കസ് എന്നാണ് യുഎസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ വംശജരുടെ വിളിപ്പേര്. ഈ സംഘത്തിലെത്തുന്ന പുതിയ ആളുകളിൽ ആദ്യത്തേതാണ് സുഹാസ്. മുൻപ് വിജയിച്ചവരായ സമോസ കോക്കസ് അംഗങ്ങളെ പരിചയപ്പെടാം. കാലിഫോർണിയയിൽ നിന്നും വിജയിച്ച മുതിർന്ന അംഗമായ ഡോ.അമി ബേരയാണ് സംഘത്തിലെ രണ്ടാമൻ. ഇത് ഏഴാം തവണയാണ് അദ്ദേഹം കോൺഗ്രസിൽ എത്തുന്നത്. 2013ൽ ആദ്യമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ഇല്ലിനോയിസ് 8-ാം ഡിസ്‌ട്രിക്‌ടിൽ നിന്നും വിജയിച്ചെത്തിയ രാജാ കൃഷ്‌ണമൂർത്തിയാണ് സമോസ കോക്കസിലെ മറ്റൊരു പ്രധാനി. സിലിക്കൺ വാലിയിലെ സാങ്കേതിക വിദ്യ, സാമ്പത്തിക പദ്ധതികളിൽ ശ്രദ്ധ കൊടുക്കണമെന്ന് നിരന്തരം വാദിക്കുന്ന റോ ഖന്നയാണ് കാലിഫോർണിയ 17 ഡിസ്‌ട്രിക്‌ടിൽ നിന്ന് യു എസ് കോൺഗ്രസിലെത്തിയ പ്രതിനിധി.

വാഷിംഗ്‌ടൺ സെവൻത് ഡിസ്‌ട്രിക്‌ടിൽ നിന്നും വിജയിച്ച പ്രമീള ജയപാൽ അറിയപ്പെടുന്ന ഇന്ത്യൻ അമേരിക്കൻ വംശജയാണ്. സാമൂഹ്യനീതി, തുല്യത, ഇമിഗ്രേഷൻ, ആരോഗ്യരംഗം തുടങ്ങി വിവിധ മേഖലകളിൽ സജീവ പ്രവർത്തകയാണ് പ്രമീള. 2023ൽ ആദ്യമായി വിജയിച്ച ശ്രീ ധനേദറിന് കോൺഗ്രസിൽ ഇത് തുടർജയത്തിന്റെ മധുരം ലഭിച്ച വർഷമാണ്. മിഷിഗൺ 13-ാം ഡിസ്‌ട്രിക്‌ടിൽ നിന്നാണ് യുഎസ് കോൺഗ്രസ് അംഗമായത്.

അരിസോണയിൽ നിന്നും കഠിന മത്സരത്തിലൂടെ ഷ്വീകെർട്ടിനെ തോൽപ്പിച്ച് വന്ന ഡോ. അമിഷ് ഷായാണ് ഏഴാമൻ. 50.9 ശതമാനം വോട്ട് അമിഷ് നേടിയപ്പോൾ എതിരാളി 49.1 ശതമാനം വോട്ട് നേടി. ഇന്ത്യൻ അമേരിക്കൻ സമൂഹം നേരിടുന്ന ആരോഗ്യം, വിദ്യാഭ്യാസം, ഇമിഗ്രേഷൻ, സാമ്പത്തിക വളർച്ച അടക്കം വിവിധ വിഷയങ്ങളിൽ വളർച്ച നേടാൻ ഇന്ത്യൻ അമേരിക്കൻ വംശജരായ ജനപ്രതിനിധികൾക്ക് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ.