gautam-gambhir

മുംബയ്: 24 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടു, 29 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലങ്കയില്‍ ഏകദിന പമ്പര തോറ്റു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാവുന്ന ന്യൂസിലാന്‍ഡ് പരമ്പര 3-0ന് കൈവിട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം മുന്‍ താരം ഗൗതം ഗംഭീര്‍ ഏറ്റെടുത്ത ശേഷം അദ്ദേഹത്തിന് കീഴില്‍ ടീം അടിയറവ് പറഞ്ഞതിന്റെ കണക്കുകളാണിത്. രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയില്‍ നിന്ന് ഇതല്ല ഇന്ത്യന്‍ ക്രിക്കറ്റ് തലപ്പത്തുള്ളവരും ആരാധകരും പ്രതീക്ഷിച്ചത്.

ടീമില്‍ സര്‍വ സ്വാതന്ത്ര്യവും പരിശീലക സംഘത്തെ നിയമിക്കാനുള്ള പൂര്‍ണ അധികാരവും കൈമാറിയാണ് ഗംഭീറിനെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ചത്. 2027ല്‍ ദക്ഷിണാഫ്രിക്ക വേദിയാകുന്ന ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കാലാവധി. വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങുന്ന ഗംഭീറിനും സംഘത്തിനും ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര നിര്‍ണായകമാണ്. കഴിഞ്ഞ രണ്ട് ഓസ്‌ട്രേലിയന്‍ പര്യടനങ്ങളിലും ടെസ്റ്റ് പരമ്പരകള്‍ 2-1ന് സ്വന്തമാക്കിയത് നിലനിര്‍ത്താന്‍ കഴിയാതെ വന്നാല്‍ ഗംഭീറിന്റെ തൊപ്പി തെറിക്കുമെന്ന് ഉറപ്പാണ്.

മുന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗംഭീറിനെതിരെ ഇതിനോടകം രംഗത്ത് വന്നുകഴിഞ്ഞു. കടുത്ത വിമര്‍ശനമാണ് ഗംഭീറും പരിശീലക സംഘവും നേരിടുന്നത്. പരിശീലക സംഘത്തില്‍ വിവിധ വ്യക്തികളുണ്ടെങ്കിലും, ഓരോരുത്തരുടെയും ഉത്തരവാദിത്തത്തിന്റെ കാര്യത്തില്‍ ഒട്ടും വ്യക്തതയില്ലെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. അഭിഷേക് നായര്‍ക്കു പുറമേ റയാന്‍ ടെന്‍ ഡോഷെറ്റ് കൂടി എന്തിനാണ് ടീമിലെന്ന സംശയവും ഗാവസ്‌കര്‍ ഉന്നയിച്ചു.

ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് ഗംഭീറിന്റെ മധുവിധു കാലം കഴിഞ്ഞെന്നും, ഇനിയും നല്ല ഫലം ഉണ്ടാക്കാനായില്ലെങ്കില്‍ ഗംഭീറിന്റെ കാര്യം കഷ്ടത്തിലാകുമെന്നും ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു. ഇതുവരെയുള്ള തോല്‍വികളും തിരിച്ചടിയും ഒരുപക്ഷേ കാര്യമായി കാണേണ്ടതില്ലെന്ന വാദം അംഗീകരിക്കാം. എന്നാല്‍ ഓസീസ് പര്യടനം ഗംഭീറിന്റെ ഭാവി നിര്‍ണയിക്കുന്നതായിരിക്കുമെന്നകാര്യത്തില്‍ ഗവാസ്‌കര്‍ക്കും തര്‍ക്കമില്ല.