crime

ഇടുക്കി: തൂങ്ങിമരണമെന്ന പേരില്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ച യുവാവിന്റെ മരണത്തില്‍ വഴിത്തിരിവ്. ആശുപത്രി അധികൃതര്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് ബിബിന്‍ ബാബു (29) എന്ന യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. മര്‍ദ്ദനമേറ്റതാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ട്. പള്ളിക്കുന്ന് വുഡ്‌ലാന്‍സ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്ത് ബാബുവിന്റെ മകനാണ് മരിച്ച ബിബിന്‍.

തലയുടെ പിന്നിലും തലയുടെ മുകളില്‍ ഇരുഭാഗങ്ങളിലും ഇയാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ജനനേന്ദ്രീയം മര്‍ദ്ദനത്തില്‍ തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് സംഭവസ്ഥലത്തെത്തി ഫോറന്‍സിക് സര്‍ജന്‍ ഡോ. ആദര്‍ശ് രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. കോയമ്പത്തൂരില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ബിബിന്‍ ദീപാവലി അവധിക്കായി നാട്ടിലെത്തിയതായിരുന്നു.


സംഭവത്തില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ചൊവ്വാഴ്ച വൈകീട്ടാണ് അടുത്ത ബന്ധുക്കള്‍ അടങ്ങുന്ന സംഘം ബിബിന്‍ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചത്. വീട്ടിലെ ശുചിമുറിയില്‍ മുണ്ടില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്നതായി കണ്ടു എന്നാണ് ആശുപത്രിയിലെ ഡ്യൂട്ടിയിലുള്ള ഡോക്ടറോട് ബന്ധുക്കള്‍ പറഞ്ഞിരുന്നത്. യുവാവ് മരിച്ചുകിടന്ന വീട് പൊലീസ് പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ദ്ധരും ശ്വാനസേനയും പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചത്.