kamala-harris

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിന് അഭിനന്ദനവുമായി രംഗത്തെത്തി എതിർസ്ഥാനാർത്ഥി കമല ഹാരിസ്. ട്രംപിനെ നേരിട്ട് ഫോണിൽ വിളിച്ചാണ് കമല അഭിനന്ദനം അറിയിച്ചത്. ട്രംപ് എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കട്ടെയെന്നും കമല കൂട്ടിച്ചേർത്തു. ഇതോടെ തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ചതായും കമല വ്യക്തമാക്കി.

കമല ഹാരിസ് വിജയം നേടുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങളിലടക്കം(സ്വിംഗ് സ്റ്റേറ്റസ്) മികച്ച പ്രകടനം നടത്തിയ ട്രംപ് ഏഴ് നിർണായക സംസ്ഥാനങ്ങളും കൈപ്പിടിയിൽ ഒതുക്കിയാണ് വിജയം സ്വന്തമാക്കിയത്. പോപ്പുലർ വോട്ടുകൾ നോക്കിയാൽ 51 ശതമാനം അമേരിക്കക്കാർ ട്രംപിന് ഒപ്പം നിന്നു. കമലയ്ക്ക് കിട്ടിയത് 47 ശതമാനം വോട്ട് മാത്രമാണ്.

തിരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് റിപ്പബ്ലിക്കൻസ് സ്വന്തമാക്കിയത്. 538 ഇലക്ട്രൽ വോട്ടുകളിൽ 280 എണ്ണം ട്രംപ് ഉറപ്പാക്കി. റിപ്പബ്ലിക്കൻ കോട്ടകളിൽ മുപ്പത് ശതമാനം വരെ കൂടുതൽ വോട്ടുകൾ നേടിയാണ് ട്രംപ് തകർപ്പൻ വിജയം സ്വന്തമാക്കിയത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. ജനുവരി 20ന് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ട്രംപ് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ലോക നേതാക്കൾ ട്രംപിന് അഭിനന്ദനവുമായി കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു.