
ഓരോരുത്തരും അവരവരുടെ സങ്കടങ്ങളും ജോലിസമ്മർദ്ദവും മറക്കാൻ പല കാര്യങ്ങളിലും ഏർപ്പെടും. ചിലർ കുടുംബവുമായി ഒഴിവുസമയങ്ങൾ ചെലവഴിക്കുമ്പോൾ മറ്റുചിലർ വളർത്തുമൃഗങ്ങളെ താലോലിച്ചും കൊഞ്ചിച്ചുമായിരിക്കും വിഷമം അകറ്റുന്നത്. അതിനാൽത്തന്നെ ആളുകൾ തൊഴിലിടങ്ങളിൽപ്പോലും വളർത്തുമൃഗങ്ങളുമായി എത്തുന്ന ട്രെൻഡ് യൂറോപ്യൻ രാജ്യങ്ങളിലുണ്ട്. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യമാണ് സോഷ്യൽമീഡിയയിൽ കൗതുകമായിരിക്കുന്നത്.
പോർട്ട്ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവർക്ക് രസകരമായ ഒരു കാഴ്ച കാണാൻ സാധിക്കും. ഇവിടെയെത്തുന്ന യാത്രക്കാർക്ക് അവരുടെ സമ്മർദ്ദം ഒഴിവാക്കാനായി ലാമകളെ താലോലിക്കാനുളള അവസരവും ഉണ്ടാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ ഒരുക്കി നിർത്തിയിരിക്കുന്ന ലാമകളുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.കഴുത്തിലും ശരീരത്തിലും 'ഐ ലവ് പിഡിഎക്സ്' എന്നെഴുതിയ റിബൺ കെട്ടിയ മൃഗങ്ങളുടെ ചിത്രങ്ങളാണ് ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഈ രീതിയെ ലാമ തെറാപ്പി എന്നാണ് അറിയപ്പെടുന്നത്.
ഈ ജീവികളുടെ സേവനം സുരക്ഷിതമാക്കാൻ വിമാനത്താവളം ഏജൻസികളായ മൗണ്ടെയ്ൻ പീക്സ് തെറാപ്പി ലാമാസും ആൽപകാസുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. യാത്രയ്ക്കായി കാത്തിരിക്കുന്നവർക്ക് ലാമകളെ കണ്ട് സന്തോഷിക്കാം. വിശാലമായ വിമാനത്താവളത്തിന്റെ മൈതാനത്തിൽ വൃക്ഷങ്ങൾക്കിടയിലൂടെ നടക്കുന്ന ലാമകളുടെ കാഴ്ചകൾ കാണാം. യാത്രക്കാർക്ക് മൃഗങ്ങളുമായി ഇടപെഴകാനുളള അവസരവും ഏജൻസി ഒരുക്കി തരുന്നുണ്ട്.
ലാമകളെ കൂടാതെ തെറാപ്പി നായകളെയും അധികൃതർ ഇവിടെ ഒരുക്കുന്നുണ്ട്. പ്രത്യേകിച്ചുളള ജോലികളൊന്നും ലാമകളെ കൊണ്ട് ചെയ്യിപ്പിക്കില്ല. ഇവരുടെ സാന്നിദ്ധ്യവും തലോടലും കൊണ്ട് യാത്രക്കാർക്ക് കൂടുതൽ സന്തോഷവും സമാധാനവും പകരുമെന്നും എയർപോർട്ട് വക്താവ് ആലിസൺ ഫെറെ മാദ്ധ്യമങ്ങളോട് പറഞ്ഞു.