a

ഒരു കറുത്ത തോക്ക് കളഞ്ഞു കിട്ടിയിട്ടുണ്ട്! നിറം വരെ വിളിച്ചു കൂവി, വീണുകിട്ടിയ തോക്കിന്റെ ഉടമസ്ഥനെ തേടുന്ന,​ സിനിമയിലെ 'മാന്നാർ മത്തായി" കഥാപാത്രം വലിയ ചിരിക്ക് വക നൽകിയതാണ്. എന്നാൽ, ഇവിടെ താരം നീല നിറത്തിലുള്ള ട്രോളി ബാഗാണ്. ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട്ടെ ഒരു ഹോട്ടലിൽ ചൊവ്വാഴ്ച രാത്രി കണ്ടെത്തിയ ട്രോളി ബാഗ് കളഞ്ഞു കിട്ടിയതല്ല; ഒരു യൂത്ത് കോൺഗ്രസുകാരൻ അവിടെ കൊണ്ടുവന്നതാണെന്ന് സി.സി.ടിവി ദൃശ്യങ്ങളിൽ തെളിഞ്ഞതും ശരി. തർക്കം അവിടെയല്ല; ബാഗിനുള്ളിൽ എന്തായിരുന്നു എന്നതാണ് ചർച്ചാ വിഷയം.

ഹോട്ടലിൽ ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കളെ ഏല്പിക്കാൻ കള്ളപ്പണം കൊണ്ടുവന്നതാണെന്ന കാര്യത്തിൽ സി.പി.എം നേതാക്കൾക്കു മാത്രമല്ല, ബി.ജെ.പി നേതാക്കൾക്കും ഒരേസ്വരം. ബാഗ് കൊണ്ടുവരുന്നതായി ദൃശ്യത്തിൽ കാണുന്നത് ചില്ലറക്കരനല്ല. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് ഇലക്ഷൻ കമ്മിഷന്റെ വോട്ടർ ഐ.ഡി മാതൃകയിൽ വ്യാജ ഐ.ഡി കാർഡ് അടിച്ചിറക്കാൻ വിരുതുകാട്ടി കുടുങ്ങിയ ഫെനി നൈനാൻ. 'ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ" എന്നുറപ്പിച്ച് സി.പി.എം, ബി.ജെ.പി നേതാക്കൾ. പണമല്ലെങ്കിൽ സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുണ്ടായിരുന്ന ഹോട്ടലിൽ ട്രോളി ബാഗ് എന്തിന് രാത്രിനേരത്ത് ഒളിച്ചു കൊണ്ടു വരണമെന്നാണ് അവരുടെ ചോദ്യം.

ബാഗിൽ പണമല്ല, തന്റെ വസ്ത്രങ്ങളായിരുന്നുവെന്നാണ്,​ ബാഗ് കണ്ടുപിടിക്കപ്പെട്ടതോടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശദീകരണം. പണമാണെങ്കിൽ, ചെറിയ ട്രോളി ബാഗിൽ പരമാവധി 25 ലക്ഷത്തിലധികം കൊള്ളിക്കാനാവുമോ എന്ന ചോദ്യത്തിന് മറുപടിയില്ല. മുമ്പ് ചില മുതിർന്ന സി.പി.എം നേതാക്കൾ കൈതോലപ്പായയിൽ പൊതിഞ്ഞുകെട്ടി കടത്തിയതായി പറഞ്ഞുകേട്ടത് രണ്ടിൽ ചില്വാനം കോടി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പിക്കായി കർണാടകത്തിൽ നിന്ന് ആറു ചാക്കുകളിലായി 41 കോടിയുടെ കള്ളപ്പണം കൊണ്ടുവന്നതായാണ് പാർട്ടി തൃശൂ‌ർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറിയുടെ ഗുണ്ട്. കോടിക്കിലുക്കത്തിനിടയിലോ 25 ലക്ഷം! കള്ളപ്പണത്തിനും വേണ്ടേ 'നിലയും വിലയും!"



ആരോ പറഞ്ഞതു കേട്ട് അർദ്ധരാത്രി എടുത്തുചാടി കള്ളപ്പണം പിടിക്കാൻ പുറപ്പെട്ട പാലക്കാട്ടെ പൊലീസും അതിന് നിർദ്ദേശിച്ച സി.പി.എം നേതാക്കളും ഇളിഭ്യരായത് മിച്ചം. കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും താമസിച്ചിരുന്ന ഹോട്ടൽ മുറികളിൽ വനിതാ പൊലീസിനെ കൂട്ടാതെ പോയി കതകിൽ മുട്ടിയതും പുലിവാലായി. അർദ്ധരാത്രിയിലെ റെയ്ഡ് നാടകം ചീറ്റിപ്പോയി. ഷാനിമോൾ ഉസ്മാന്റെ മുറിയിൽ വനിതാ പൊലീസുമായി വീണ്ടുമെത്തി പരിശോധിച്ച ശേഷം 'നിൽ" (ഒന്നും കണ്ടെത്താനായില്ല) എന്നെഴുതിക്കൊടുത്തായിരുന്നു എ.എസ്.പി മാഡത്തിന്റെ മടക്കം.

കള്ളപ്പണത്തെപ്പറ്റി രഹസ്യ വിവരം ലഭിച്ചതായി പൊലീസ് അ‌‌ർദ്ധരാത്രി പറഞ്ഞത് വെളുപ്പിന് വിഴുങ്ങി. റെയ്ഡ് നടത്താൻ പറഞ്ഞ് പൊലീസിനെ കുരുക്കിയ ബുദ്ധികേന്ദ്രം ആര്? പാലക്കാട്ടുകാരനായ മന്ത്രി എം.ബി രാജേഷെന്ന് കോൺഗ്രസ് നേതാക്കൾ. കൊടകര കുഴൽപ്പണക്കേസ് വീണ്ടും പൊങ്ങിവന്ന സാഹചര്യത്തിൽ, അത് മറച്ചു പിടിക്കാനുള്ള സി.പി.എം- ബി.ജെ.പി ധാരണയുടെ ഭഗമാണത്രെ സംഭവം.'നമ്മുടെ രണ്ടു പേരുടെയും ശബ്ദം ഒരു പോലെയാണല്ലോ" എന്ന് പരസ്പരം ചോദിച്ച് സി.പി.എം,​ ബി.ജെ.പി. നേതാക്കൾ അദ്ഭുതം കൂറുന്നതായാണ് കേൾവി.

കുമ്പിടിയെ ഒരേസമയം നാലിടത്ത് കണ്ടവരുണ്ടെങ്കിൽ അത് മായാജാലം. ചൊവ്വാഴ്ച രാത്രി 11 മണിക്ക് പാലക്കാട്ട് റെയ്ഡ് നടന്ന ഹോട്ടലിലുണ്ടായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ വെളുപ്പിന് രണ്ടുമണിക്ക് മൊബൈൽ ഫോണിൽ സംസാരിച്ചത് കോഴിക്കോട്ടെ ഒരു ഹോട്ടലിൽ നിന്ന്. ഫെനി നൈനാൻ കൊണ്ടുവന്ന നീല ട്രോളി ബാഗിൽ വസ്ത്രങ്ങൾ നിറച്ച് താൻ ഉടനെ കോഴിക്കോട്ടേക്ക് വച്ചുപിടിച്ചതാണെന്ന സ്ഥാനാർത്ഥിയുടെ വാദം എതിരാളികൾക്ക് അത്ര ദഹിക്കുന്നില്ല. അർദ്ധരാത്രി ധൃതിപിടിച്ച് കോഴിക്കോട്ടേക്കു പോയത് കള്ളപ്പണം കടത്താനല്ലെങ്കിൽ പിന്നെയെന്തിന്?



'ഹേ മനുഷ്യാ, വലിച്ചെറിയൂ നിന്റെ മുഖം മൂടി..." എന്നത് സിനിമാ ഗാനം. എന്നാൽ,'വലിച്ചെറിയൂ നീല ട്രോളി ബാഗ്" എന്നാണ് അണികളോടുള്ള സി.പി.എം നേതാവ് എൻ.എൻ. കൃഷ്ണദാസിന്റ ഉപദേശം. പാർട്ടിലെ ഒരു പ്രാദേശിക നേതാവ് ജില്ലാ സെക്രട്ടറിയോട് ഉടക്കിപ്പിരിയാൻ പോകുന്നുവെന്നറിഞ്ഞ് പാഞ്ഞെത്തിയ ചാനൽപ്പടയെ, ഇറച്ചിക്കടയ്ക്കു മുന്നിലെ പട്ടികളെന്ന് വിശേഷിപ്പിച്ച അതേ കൃഷ്ണദാസ് തന്നെ. പക്ഷേ, പുതിയ പ്രസ്താവന വെട്ടിലാക്കിയത് സ്വന്തം പാർട്ടിയെ!

കോൺഗ്രസ് നേതാക്കൾ ബാഗിൽ കൊണ്ടുവന്നത് കള്ളപ്പണം തന്നെയെന്ന് സ്ഥാപിക്കാൻ എം.വി. ഗോവിന്ദനും പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവും പെടാപ്പാട് പെടുമ്പോഴാണ് കൃഷ്ണദാസിന്റെ സുവിശേഷം. വൈകുന്നേരം വരെ വെള്ളം കോരുന്നതിനിടെ കുടമിട്ട് ഉടയ്ക്കൽ. എങ്ങനെ തള്ളിപ്പറയാതിരിക്കും! കള്ളപ്പണം കൊണ്ടുവന്നതായുള്ള ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ കേസെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായത് പൊലീസിന്റെ ഗതികേടും! എവിടെയോ, എന്തൊക്കെയോ ചീഞ്ഞുനാറുന്നില്ലേ?



കണ്ണൂർ സംഭവത്തിൽ ആരാണ് യഥാർത്ഥ ബലിയാട്? യാത്രഅയപ്പ് ചടങ്ങിൽ പി.പി. ദിവ്യയുടെ അപവാദ ശരങ്ങളിൽ പിടഞ്ഞ് ജീവനൊടുക്കിയ എ.ഡി.എം നവീൻ ബാബുവോ? അതോ, കോടതി മുൻകൂർ ജാമ്യം തടഞ്ഞതോടെ, പത്തുദിവസം ജയിലിൽ കഴിയേണ്ടിവന്ന ദിവ്യയോ? ജാമ്യം ലഭിച്ചതോടെ കഴിഞ്ഞ ദിവസം ജയിൽ മോചിതയായ ദിവ്യയെ കണ്ണൂരിലെ പാർട്ടി നേതാക്കളും അണികളും വീരപരിവേഷത്തോടെ സ്വീകരിച്ച് ആനയിച്ച് കൊണ്ടുപോയ കാഴ്ചയാണ് പലരിലും ഈ സംശയം ജനിപ്പിക്കുന്നത്. ജയിലിൽ സ്വീകരിക്കാൻ പോയവരിൽ എം.വി. ഗോവിന്ദൻ മാഷിന്റെ ഭാര്യ പി.കെ. ശ്യാമളയും ഉണ്ടായിരുന്നു! വേണ്ടപ്പെട്ട സഖാക്കളോടുള്ള സി.പി.എമ്മിന്റെ വഴിവിട്ട കരുതൽ സമ്മതിക്കണമെന്നാണ് പ്രതിപക്ഷം പോലും പറയുന്നത്.

നവീൻ ബാബുവിന്റേതും പാർട്ടി കുടുംബമായതുകൊണ്ട് എന്തു കാര്യം. ഗോഡ്ഫാദർമാർ വേണ്ടേ? പ്രോസിക്യൂഷന്റെ വാദം ദുർബലമായതാണ് ദിവ്യയ്ക്ക് ജാമ്യം ലഭിക്കാൻ കാരണമെന്നാണ് പറഞ്ഞു കേൾക്കുന്നത്. ദിവ്യ നല്ല പാർട്ടി കേഡറാണെന്നും, ഒരു തെറ്റ് പറ്റിപ്പോയെന്നുമാണ് എം.വി. ഗോവിന്ദൻ മാഷിന്റെ സർട്ടിഫിക്കറ്റ്. തന്നെ തരംതാഴ്ത്തിയ പാർട്ടി നടപടിയിൽ പരാതിയില്ലെന്നാണ് അതിനുശേഷം ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്കു പറയാനുള്ളത് പാർട്ടി വേദിയിൽ (ബ്രാഞ്ച് കമ്മിറ്റിയിലോ) പറയാമെന്നും, 'എന്നുണ്ണിക്കണ്ണനുറങ്ങാൻ ഭൂലോകം മുഴുവനുറങ്ങ്...." താരാട്ടുപാട്ടല്ലേ കേൾക്കുന്നത് ? ഇനിയങ്ങോട്ട് പല താരാട്ടുപാട്ടും കേട്ടെന്നു വരാം. കേൾക്കാൻ ഇഷ്ടമില്ലാത്തവർ ചെവി പൊത്തട്ടെ!

നുറുങ്ങ്:

 നവകേരള സദസുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തരെ മുഖ്യമന്ത്രിയുടെ ഗൺമാന്റെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമെന്ന പൊലീസിന്റെ വാദം തള്ളി കോടതി.

തിരിച്ചടികൾ ഏറ്റു വാങ്ങാൻ ഈ സർക്കാരിന്റെ ആയുസ് പിന്നെയും ഒന്നര വർഷം ബാക്കി!

(വിദുരരുടെ ഫോൺ:99461 08221)