swami-eesha

ആത്മീയ ആചാര്യൻ എന്നതിനൊപ്പം, വിദ്യാഭ്യാസ വിദഗ്ദ്ധനും ഭൗതിക ശാസ്ത്രജ്ഞനും സമൂഹ്യ പരിഷ്‌കർത്താവും കവിയുമാണ് ജ്ഞാനഗുരു സ്വാമി ഈശ. ഏതൊരു സമൂഹത്തിന്റെയും വികസനത്തിന് അടിത്തറ വിദ്യാഭ്യാസമാണ്. അതിനാൽ സ്വാമിജിയും വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്നു. പ്രപഞ്ചത്തിന്റെ ഒരു 'ബോൺസായ്" ആണ് മനുഷ്യ ശരീരമെന്നും, പ്രപഞ്ചത്തിലുള്ളതെല്ലാം മനുഷ്യ ശരീരത്തിലുണ്ടെന്നും വിദ്യാർത്ഥികളെ പഠിപ്പിക്കണം. എങ്കിൽ മാത്രമേ ഒരു വിദ്യാർത്ഥി മനുഷ്യസ്‌നേഹിയാകൂ എന്ന് സ്വാമിജി പഠിപ്പിക്കുന്നു.

ഭൂമിയിൽ മൂന്നിൽ രണ്ടു ഭാഗം ജലമുള്ളതുപോലെ, മനുഷ്യനിലും മൂന്നിൽ രണ്ടു ഭാഗം ജലമാണ്. മനുഷ്യനിലെ ജലാംശം നശിക്കുന്നത് അവനെ മരണത്തിലേക്കു നയിക്കുന്നതു പോലെ,​ ഭൂമിയിലെ ജലം നഷ്ടപ്പെടുന്നത് ഭൂമിയെ മരണത്തിലേക്കു നയിക്കും. ഇന്നത്തെ വിദ്യാഭ്യാസ രീതിയിൽ പല വൈകല്യങ്ങളുമുണ്ടെന്നും അതിൽ മുഖ്യമായത്,​ നമ്മുടെ വിദ്യാഭ്യാസം വസ്തുനിഷ്ഠമാണെന്നും ആത്മനിഷ്ഠമല്ലെന്നും അതിനാൽ അവയുടെ സന്തുലിത അനിവാര്യമാണെന്നും സ്വാമിജി സിദ്ധാന്തിക്കുന്നു. 2002-ൽ വിദ്യാഭ്യാസ സമ്മേളനത്തിൽ സ്വാമിജി അവതരിപ്പിച്ച ഈ ആശയമാണ് 'വിദ്യാഭ്യാസം സമ്പൂർണ ബോധത്തിന്" (Education for Total Consciousness) എന്ന പേരിൽ അറിയപ്പെടുന്നത്. ദേശീയ തലത്തിലും അന്തർദ്ദേശീയ തലത്തിലും വിദ്യാഭ്യാസ വിഗഗ്ദ്ധർ ഈ സിദ്ധാന്തം ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.

ഈ വിദ്യാഭ്യാസ സിദ്ധാന്തം ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ഈശ വിശ്വ പ്രജ്ഞാന ട്രസ്റ്റ് കേന്ദ്ര ഗവൺമെന്റിന് സമർപ്പിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020 ൽ സ്വാമിജിയുടെ മിക്ക നിർദ്ദേശങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 2022ൽ ഗ്ലോബൽ എഡ്യുക്കേഷൻ പോളിസി ലോകത്തിനു സമർപ്പിച്ച ഈശ വിശ്വ പ്രജ്ഞാന ട്രസ്റ്റിന്റെ ഉപജ്ഞാതാവ് സ്വാമിജിയാണ്. സ്വാമിജിയുടെ വിദ്യാഭ്യാസ സിദ്ധാന്തങ്ങൾ കർമ്മപഥത്തിൽ എത്തിക്കുന്നതിനായി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈശ വിശ്വ വിദ്യാലയം എന്ന സ്ഥാപനം നടത്തിവരുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകൾക്കു പുമേ സംസ്‌കൃതം കൂടി പഠിപ്പിക്കുന്നുണ്ട്. മൂല്യബോധമുള്ള വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുന്നതാണ് സി.ബി. എസ്.ഇ സിലബസിൽ പ്രവർത്തിക്കുന്ന ഈ കലാലയത്തിന്റെ മറ്റൊരു പ്രത്യേകത.

തിരുവനന്തപുരം ആസ്ഥാനമായി യൂണിവേഴ്സൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുക എന്നതാണ് സ്വാമിജിയുടെ ലക്ഷ്യം. സ്വാമിജി ആവിഷ്‌കരിക്കുന്ന വിദ്യാഭ്യാസ സിദ്ധാന്തങ്ങളുടെ കർമ്മഭൂമിയായാണ് ഈ സരസ്വതീ ക്ഷേത്രത്തെ വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസം സമഗ്രബോധത്തിന് എന്ന സിദ്ധാന്തത്തിന്റെ അടുത്ത ഘട്ടമാണ് ഗ്ലോബൽ എനർജി പാർലമെന്റ്. ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് ആധാരം ഊർജ്ജമാണ് (Energy),​ 'എനർജി" ഹിതവും അഹിതവുമുണ്ട്. അതായത്, പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും. നെഗറ്റീവ് എനർജിയാണ് എല്ലാ ദുരന്തത്തിനും കാരണം. എന്നാൽ ഇതിനെ പൂർണമായി ഒഴിവാക്കാൻ നിർവാഹമില്ല. അതിനാൽ ഇവയുടെ സന്തുലനമാണ് സ്വാമിജി നിർദ്ദേശിക്കുന്നത്. നെഗറ്റീവ് എനർജിയുടേയും പോസിറ്റീവ് എനർജിയുടേയും സന്തുലനത്തിനായി സ്വാമിജി ആവിഷ് കരിച്ച സിദ്ധന്തമാണ് 'ഐ" തിയറി.

ആദ്യത്തെ ഗ്ലോബൽ എനർജി പാർലമെന്റ് ചേർന്നത് തിരുവനന്തപുരത്താണ്. ആഗോളതലത്തിൽ മാനവരാശി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഓരോ വർഷവും ഈ പാർലമെന്റിൽ ചർച്ച നടത്തുന്നു. തീരുമാനങ്ങൾ ഐക്യരാഷ്ട്രസഭയ്ക്കും രാഷ്ട്രത്തലവന്മാർക്കും അയച്ചു കൊടുക്കുന്നു. പാശ്ചാത്യനാടുകളിൽ നിന്ന് നല്ല പ്രതികരണമാണ് ഈ തീരുമാനങ്ങൾക്ക് ലഭിച്ചു വരുന്നത്. 'ലൈഫ് ഫോർ ടോട്ടൽ കോൺഷ്യസ്‌നസ്" എന്ന പേരിൽ ഹ്രസ്വകാല യോഗ ധ്യാന ക്ലാസും ഇവിടെ നടന്നുവരുന്നുണ്ട്. കോഴ്സിൽ പങ്കെടുക്കുന്നവരിൽ ഭൂരിപക്ഷവും വിദേശികളാണ്. മണിദ്വീപിൽ സ്വാമിജിയുടെ കാർമ്മികത്വത്തിൽ മാനവരാശിയുടെ നന്മയ്ക്കായി നടത്തിയ അംബായാഗമാണ് ഈശാലയത്തിന്റെ മറ്റൊരു അവിസ്മരണീയ കർമ്മം.

ഈശ വിശ്വ പ്രജ്ഞാന ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഐക്യരാഷ്ട്ര സഭയുടെ കൺസൾട്ടേറ്റീവ് പദവി ലഭിക്കുകയുണ്ടായി. സ്വാമിജിയുടെ എഴുപതാം പിറന്നാൾ ഇന്നും നാളെയുമായി (നവംബർ 9,10)​ആഘോഷിക്കുകയാണ്. 1998-ൽ സ്വാമിജി സ്ഥാപിച്ച ഈശ വിശ്വ പ്രജ്ഞാന ട്രസ്റ്റ് 26 വർഷങ്ങൾക്കുള്ളിൽ വിവിധ ശാഖകളുള്ള വടവൃക്ഷമായി വളർന്നിരിക്കുന്നു. പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ടാണെങ്കിലും സ്വാമിജിയുടെ ആത്മീയയാത്ര സഫലമാണ്. മൂല്യച്യുതിയുടെ അന്ധകാരത്തിൽ വെളിച്ചം പരത്തുന്ന ശുക്ര നക്ഷത്രമാണ് സ്വാമിജി. മഹത്തായ ആശയങ്ങൾ അവതരിപ്പിക്കുകയും,​ അവ കർമ്മപഥത്തിലെത്തിക്കുകയും ചെയ്യുന്ന ആ ജ്ഞാനഗുരുവിന് പ്രണാമം.

(ഈശ വിശ്വ പ്രജ്ഞാന ട്രസ്റ്റ്‌ സെക്രട്ടറിയാണ് ലേഖകൻ)