
പറവൂർ: വ്യാജ ലോട്ടറി ടിക്കറ്റുകൾ നൽകി വഴിയോര ലോട്ടറി വില്പനക്കാരന്റെ പതിനായിരം രൂപ തട്ടിയെടുത്തു. ദേശീയപാതയിൽ പറവൂർ വെസ്‌റ്റ് സഹകരണ ബാങ്കിന് സമീപം കച്ചവടം നടത്തുന്ന വാവക്കാട് പള്ളത്ത് ഹരി (68) ആണ് തട്ടിപ്പിന് ഇരയായത്. വ്യാജലോട്ടറി സഹിതം പറവൂർ പൊലീസിൽ പരാതി നൽകി.
ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ബൈക്കിൽ എത്തിയ യുവാവ് തനിക്ക് രണ്ട് ലോട്ടറി ടിക്കറ്റുകളിൽ 5,000 രൂപ വീതം സമ്മാനം അടിച്ചെന്നും പണം നൽകണമെന്നും ആവശ്യപ്പെട്ടു. ടിക്കറ്റിലെ നമ്പർ കൃത്യമായിരുന്നതിനാൽ ഹരി അവ വാങ്ങി 10,000 രൂപ നൽകി. 1,600 രൂപയ്‌ക്ക് ടിക്കറ്റുകളും വാങ്ങിയാണ് യുവാവ് പോയത്.
യുവാവ് നൽകിയ ടിക്കറ്റുകളുമായി ഹരി കൊടുങ്ങല്ലൂരിലെ ഏജൻസിയിൽ ചെന്നപ്പോഴാണ് വ്യാജമാണെന്ന് മനസിലായത്. പണം തട്ടിയ യുവാവ് ഹെൽമെറ്റ് വച്ചിരുന്നതിനാൽ മുഖം കൃത്യമായി കാണാൻ സാധിച്ചില്ല. ഇവർ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സഹകരണ ബാങ്കിന്റെ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.