jet

ആസ്തികൾ വിറ്റഴിക്കാൻ സുപ്രീം കോടതി അനുമതി

മൊത്തം കടം 25,000 കോടി രൂപ കവിഞ്ഞു

കൊച്ചി: തിരിച്ചുവരവിനുള്ള എല്ലാ സാദ്ധ്യതകളും അവസാനിപ്പിച്ച്, രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായിരുന്ന ജെറ്റ് എയർവേയ്‌സിന്റെ ആസ്തികൾ വിറ്റഴിച്ച് കടക്കാർക്ക് പണം നൽകാൻ (ലിക്വിഡേഷൻ) സുപ്രീം കോടതി ഉത്തരവിട്ടു. സാമ്പത്തിക പ്രതിസന്ധി മൂലം 2019ൽ പ്രവർത്തനം നിറുത്തിയ ജെറ്റ് എയർവേയ്സിന്റെ ഉടമസ്ഥാവകാശം ജലാൻ കാർലോക്ക് കൺസോർഷ്യത്തിന്(ജെ.കെ.സി) കൈമാറാമെന്ന നാഷണൽ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ മാർച്ചിലെ വിധിക്കെതിരെ എസ്.ബി.ഐയും പഞ്ചാബ് നാഷണൽ ബാങ്കും അടക്കമുള്ള വായ്‌പാദാതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജെ.കെ.സി മൊത്തം 4,783 കോടി രൂപയാണ് ഇടപാടിനായി മുടക്കേണ്ടിയിരുന്നത്. ഇതിൽ 150 കോടി രൂപ മാത്രമാണ് ഇതുവരെ അടച്ചിട്ടുള്ളതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഗോ ഫസ്‌റ്റിന് ശേഷം ഇന്ത്യയിൽ ലിക്വിഡേഷൻ നടപടി നേരിടുന്ന രണ്ടാമത്തെ വിമാന കമ്പനിയാണ് ജെറ്റ് എയർവേയ്‌സ്.

ചെറുകിട നിക്ഷേപകർക്ക് സമ്പൂർണ നഷ്‌ടം

ജെറ്റ് എയർവേയ്‌സ് വീണ്ടും പറന്ന് തുടങ്ങുമെന്ന പ്രതീക്ഷയിൽ ഓഹരികൾ വാങ്ങിയ 1.43 ലക്ഷം ചെറുകിട നിക്ഷേപകരുടെ പണം പൂർണമായും നഷ്‌ടമാകും. ബി.എസ്.ഇയിൽ ഇന്നലെ കമ്പനിയുടെ ഓഹരി വില അഞ്ച് ശതമാനം കുറഞ്ഞ് 34 രൂപയിലെത്തി.

നരേഷ് ഗോയൽ:

വളർച്ചയും തളർച്ചയും

അമ്മാവന്റെ ട്രാവൽ ഏജൻസിയിൽ കാഷ്യറായി തുടങ്ങിയ ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയൽ അതിവേഗത്തിലാണ് ഇന്ത്യയിലെ വലിയ ബിസിനസ് താരമായി ഉയർന്നത്. 1993ൽ ആഗോള വിമാന കമ്പനികളുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി ജെറ്റ് എയർവേയ്സ് സ്ഥാപിച്ച അദ്ദേഹത്തിന് മലയാളിയും ഈസ്‌റ്റ് വെസ്‌റ്റ് എയർലൈൻസ് ഉടമയുമായിരുന്ന തക്കിയുദ്ദീൻ അബ്‌ദുൾ വാഹിദിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു.

ഏറെക്കാലം മികച്ച ഉപഭോക്തൃ വിശ്വാസവും സമയനിഷ്‌ഠയും പ്രവർത്തന മികവും പ്രദർശിപ്പിച്ച കമ്പനി 2006ൽ എയർ സഹാറയെ ഏറ്റെടുത്തതോടെയാണ് കാലിടറിയത്. സെലിബ്രിറ്റികൾക്ക് ആഡംബര പാർട്ടികൾ നടത്തിയും ധൂർത്തടിച്ചും നരേഷ് ഗോയൽ പ്രതിസന്ധി രൂക്ഷമാക്കി. സാമ്പത്തിക വെട്ടിപ്പുകളുടെ പേരിൽ 2019ൽ നരേഷ് ഗോയലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്‌റ്റ് ചെയ്ത് ജയിലിലടച്ചു.