veg

ഉത്പാദനം കൂടുമ്പോൾ ചരക്കുകളുടെ ഡിമാൻഡ് കുറയുകയും,​ അത് വിലക്കുറവിൽ കലാശിക്കുകയും ചെയ്യുമെന്നതാണ് അടിസ്ഥാന സാമ്പത്തികശാസ്ത്രം. എന്തു മറിമായമാണെന്നറിയില്ല,​ സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടായെന്ന് കൃഷിവകുപ്പ് കണക്കു നിരത്തുമ്പോൾ,​ നാട്ടു പച്ചക്കറികളുടെ കാര്യത്തിൽപ്പോലും അതിന്റെ ലക്ഷണമൊന്നും ഉപഭോക്താക്കളെ സംബന്ധിച്ച് പൊതുവിപണിയിൽ പ്രതിഫലിച്ചു കാണുന്നില്ല! തരിശുകിടന്ന പാടങ്ങളും പറമ്പുകളും പച്ചക്കറിക്കൃഷിക്ക് ഉപയോഗിച്ചു തുടങ്ങിയതു മാത്രമല്ല,​ വീടുകളിൽ ടെറസ് പച്ചക്കറിക്കൃഷി വ്യാപകമായതും ഉത്പാദന വർദ്ധനവിന് കാരണമായിട്ടുണ്ടാകാം. അതു നല്ലതുതന്നെ. പക്ഷേ,​ ഉപഭോക്തൃ മേഖലയ്ക്കു മുഴുവൻ ന്യായവിലയിൽ പച്ചക്കറികൾ ലഭ്യമാകണമെങ്കിൽ സർക്കാർ നേതൃത്വത്തിൽ,​ സംസ്ഥാനാടിസ്ഥാനത്തിലുള്ള സമഗ്ര പച്ചക്കറി ഉത്പാദന പദ്ധതികൾ തന്നെ വേണം.

അങ്ങനെയൊന്നിന് വരുന്ന ജനുവരി ഒന്നിന് തുടക്കം കുറിക്കുമെന്ന് കഴിഞ്ഞ ദിവസം കൃഷി മന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ചത് ശുഭകരവും പ്രതീക്ഷാജനകവുമാണ്. സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ,​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലാണ് പുതിയ യജ്ഞം. 2023- 24 സാമ്പത്തികവർഷം സംസ്ഥാനത്ത് 17.21 ലക്ഷം ടൺ പച്ചക്കറി വിളവെടുപ്പ് നടന്നതായാണ് സർക്കാർ കണക്ക്. 1.15 ലക്ഷം ഹെക്ടർ സ്ഥലത്തുനിന്നായിരുന്നു ഈ വിളവ്. നമുക്ക് പ്രതിവർഷം 20- 21 ലക്ഷം ടൺ പച്ചക്കറി വേണ്ടിടത്ത്,​ നിലവിൽ ശരാശരി അഞ്ചുലക്ഷം ടണ്ണിന്റെയെങ്കിലും കുറവുണ്ട്. സ്വകാര്യ തരിശുനിലങ്ങളിലും പറമ്പുകളിലും ഉത്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികൾ അതതു പ്രദേശത്തുതന്നെ വിറ്റുതീരും. മൊത്തവില കേന്ദ്രങ്ങളിലാകട്ടെ,​ മുഖ്യ പച്ചക്കറി ഇനങ്ങളെല്ലാമെത്തുന്നത് അയൽസംസ്ഥാനങ്ങളിൽ നിന്നാണ്. ഉത്പാദന കേന്ദ്രങ്ങളിൽ കർഷകർക്ക് തുച്ഛവില നല്കി കരാറുകൾ എടുക്കുന്ന ഇനങ്ങൾ,​ ഇടനിലക്കാരുടെ കൊള്ളലാഭം കൂടി കടന്ന് ചില്ലറ വില്പനകേന്ദ്രങ്ങളിലെത്തുമ്പോഴേക്കും വില അഞ്ചിരട്ടി മുതൽ എട്ടിരട്ടി വരെ കയറിയിട്ടുണ്ടാകും.

തരിശു കിടക്കുന്നിടങ്ങൾ പച്ചക്കറി കൃഷിക്ക് ഉപയുക്തമാക്കുന്നതും,​ 'ഓണത്തിന് ഒരുമുറം പച്ചക്കറി" എന്ന പേരിലുൾപ്പെടെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതുമായ കൃഷിവകുപ്പ് പദ്ധതികൾ ചിലത് നിലവിലുണ്ടെങ്കിലും അതൊക്കെ പ്രാദേശികാടിസ്ഥാനത്തിൽ നടന്നുപോകുന്നു എന്നല്ലാതെ,​ സംസ്ഥാനാടിസ്ഥാനത്തിൽ കൃത്യമായ വിളവ് ലക്ഷ്യമിട്ടുള്ള സമഗ്ര പച്ചക്കറി ഉത്പാദന പദ്ധതികളൊന്നും തത്കാലം ഇല്ല. പുതുവർഷത്തിൽ തുടങ്ങുന്ന പുതിയ പദ്ധതിക്കു പുറമേ, മൊത്തം തരിശുഭൂമിയിൽ കൃഷിയോഗ്യമായ പകുതിയിടത്തെങ്കിലും (50,​000 ഹെക്ടർ)​ പച്ചക്കറി ഉത്പാദനം ലക്ഷ്യമിടുന്ന 'നവോത്ഥാൻ" എന്നൊരു പദ്ധതി കൂടി കൃഷി വകുപ്പിന്റെ പുതുവർഷ കലണ്ടറിലുണ്ട്. ചുരുങ്ങിയ സ്ഥലത്ത് കൂടുതൽ വിളവു നല്കുന്ന ഹൈബ്രിഡ് വിത്തിനങ്ങളും,​ ആധുനിക കൃഷിരീതികളും പരീക്ഷിക്കുന്ന 'നവോത്ഥാൻ" പദ്ധതി,​ സത്യത്തിൽ എത്രയോ വർഷം മുമ്പേ കേരളം സ്വീകരിക്കേണ്ടതായിരുന്നു!

കൃഷിക്ക് ഉപയോഗിക്കാവുന്ന ഭൂമിയുടെ വിസ്തൃതി കുറഞ്ഞു വരുമ്പോൾ,​ ഉള്ള ഭൂമിയിൽ നിന്ന് കൂടുതൽ വിളവെടുക്കാനുള്ള മാർഗങ്ങളാണ് കേരളംപോലെ ഭൂലഭ്യത കുറ‌ഞ്ഞയിടങ്ങളിൽ വേണ്ടതെന്ന തിരിച്ചറിവ് വൈകിയെങ്കിലും ഉദിച്ചത് എന്തായാലും നന്നായി. കൃഷിവകുപ്പിനു കീഴിലുള്ള ഹോർട്ടികോപ് കേന്ദ്രങ്ങൾ വഴിയാണ് സംസ്ഥാനത്ത് പ്രധാനമായും പച്ചക്കറി വിപണിയിലെ സർക്കാർ ഇടപെടൽ. പൊതുവിപണിയിലെ വിലയിലും താരതമ്യേന കുറവായിരിക്കും ഇവിടങ്ങളിലെ വിലയെങ്കിലും,​ ബഹുഭൂരിപക്ഷം ഉപഭോക്താക്കളുടെയും വാങ്ങൽ കേന്ദ്രം സ്വകാര്യ പച്ചക്കറിക്കടകളാണ്. അവിടങ്ങളിൽക്കൂടി ലാഭത്തിൽ പച്ചക്കറി ലഭ്യമാകണമെങ്കിൽ,​ ഇവിടെ വിളയുന്ന പച്ചക്കറികളുടെ കാര്യത്തിലെങ്കിലും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് പൂർണമായും ഒഴിവാക്കുവാനും,​ ഇടനിലക്കാരെ അകറ്റിനിറുത്തുവാനും കഴിയണം. പുതുവർഷത്തിൽ നടപ്പാക്കിത്തുടങ്ങുമെന്ന് കൃഷിവകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ കേരളത്തെ പച്ചക്കറിക്കാര്യത്തിൽ സ്വയംപര്യാപ്തമാക്കുമെന്ന് പ്രതീക്ഷിക്കാം.