
പാലക്കാട്: കൽപ്പാത്തി സംഗീതോത്സവത്തിന് സ്ഥിരം വേദിയെന്ന ആവശ്യം യാഥാർത്ഥ്യമാക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു. ഈ ആവശ്യം കേന്ദ്ര സാംസ്കാരിക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പാലക്കാട് നഗരസഭ പദ്ധതി തയ്യാറാക്കി നൽകിയാൽ കാലതാമസമില്ലാതെ സ്ഥിരം വേദി സജ്ജമാക്കാൻ കഴിയും.
പാലക്കാട് നിന്ന് നിയമ സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടാൽ പ്രഥമ പരിഗണനയിൽ ഇക്കാര്യമുണ്ടാകുമെന്നും സ്ഥാനാർത്ഥി പറഞ്ഞു. കൽപാത്തി രഥോത്സവ കൊടിയേറ്റ ചടങ്ങിൽ സംബന്ധിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്ഥാനാർത്ഥി.കാശിയിൽ പാതി കൽപ്പാതിയെന്നാണ് പറയാറ് . പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷം കാശിക്കുണ്ടായ മാറ്റം ഏവർക്കും അറിയാം.നമാമി ഗംഗാ പദ്ധതി പോലെ കൽപ്പാത്തി പുഴയെ വീണ്ടെടുക്കാൻ ശ്രമിക്കും. കൽപ്പാത്തിയുടെ പാരമ്പര്യവും, പൈതൃകവും,മൂല്യങ്ങളും സംരക്ഷിച്ചു കൊണ്ട് പൈതൃക ഗ്രാമം പദ്ധതികൾ വിപുലീകരിക്കുമെന്നും സ്ഥാനാർത്ഥി പറഞ്ഞു.