school-sports

കൊച്ചി: ദൂർഘദൂര ഓട്ടങ്ങളിൽ പി.യു. ചിത്രയിലൂടെ പലതവണ ചരിത്രം കുറിച്ച പാലക്കാട് മുണ്ടൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഇരട്ട സ്വർണ നേട്ടത്തിലൂടെ പ്രതാപം തിരിച്ചുപിടിക്കുന്നതിന്റെ മിന്നലാട്ടങ്ങൾക്കാണ് ഇന്നലെ മഹാരാജാസിന്റെ സിന്തറ്റിക് ട്രാക്ക് സാക്ഷ്യം വഹിച്ചത്. ജൂനിയർ ആൺ- പെൺ വിഭാഗം 3000മീറ്ററിൽ സ്വർണം മുണ്ടൂരിനായിരുന്നു.

ആൺകുട്ടികളുടെ വിഭാഗത്തിൽ 10-ാംക്ലാസ് വിദ്യാർത്ഥി എസ്. ജഗന്നാഥ് 9 മിനിട്ട് 15 സെക്കൻഡിൽ സ്വർണം നേടിയപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ 11മിനിട്ട് 00.99സെക്കൻഡിൽ ഓടിയെത്തി ഒൻപതാം ക്ലാസുകാരി എസ്. അർച്ചനയും തങ്കമണിഞ്ഞു. മൂന്നാം തവണയാണ് ജഗനാഥ് സംസ്ഥാനതല പോരാട്ടത്തിനെത്തുന്നത്. ആദ്യ തവണ അഞ്ചാം സ്ഥാനത്ത് ആയിരുന്നിടത്തു നിന്നാണ് സ്വർണത്തിലേക്ക് കുതിച്ചെത്തിയത്. കൂലിപ്പണിക്കാരനായ ശെവരാജിന്റെയും വീട്ടമ്മയായ ഉമാദേവിയുെടയും മകനാണ്. 1500, 800 മീറ്ററുകളിലും മാറ്റുരക്കുന്നുണ്ട്. ആദ്യ സംസ്ഥാന കായികമേളയ്‌ക്കെത്തിയ അർച്ചന മൂന്ന് വർഷമായി ട്രാക്കിലുണ്ട്. ലാബ് ടെക്‌നീഷ്യനായ അമ്മ കൃഷ്ണപ്രിയയാണ് എല്ലാ പിന്തുണയുമായി എപ്പോഴും ഒപ്പമുള്ളതെന്നും അർച്ചന പറഞ്ഞു. പി.യു. ചിത്രയുടെ കോച്ച് എൻ.എസ്. സിജിൻ തന്നെയാണ് ഇരുവരുടെയും കോച്ച്.