school-sports

അത്‌ലറ്റിക്സിൽ ആദ്യ മീറ്റ് റെക്കോർഡ് മുഹമ്മദ് അമീന്, വെള്ളിയുമായി കൂട്ടുകാരൻ ജസീൽ

കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയിലെ അത്‌ലറ്റിക്സിലെ ആദ്യ മീറ്റ് റിക്കാർഡ് മുഹമ്മദ് അമീൻ സ്വന്തമാക്കിയപ്പോൾ പിന്നാലെ ഓടിയെത്തി ഉറ്റ ചങ്ങാതി മുഹമ്മദ് ജസീൽ വെള്ളിയുമായി മലപ്പുറം ചീക്കോട് കെ.കെ.എം.എച്ച്.എസ്.എസിന് സമ്മാനിച്ചത് ഇരട്ടി മധുരം. സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിലാണ് പ്ലസ് ടു വിദ്യാർത്ഥിയായ അമീൻ റെക്കാർഡ് നേട്ടം കൈവരിച്ചത്. 8 മിനിട്ട് 37.69സെക്കൻഡിലായിരുന്നു സുവർണ നേട്ടം. കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ ആദർശ് ഗോപി 2018ൽ തീർത്ത 8മിനിട്ട് 39.77സെക്കൻഡിന്റെ റിക്കാർഡാണ് പഴങ്കഥയായത്. ജസീൽ പഴയ മീറ്റ് റെക്കാർഡിനേക്കാൾ മെച്ചപ്പെട്ട സമയത്താണ് ഫിനിഷ് ചെയ്തത്.

സ്‌കൂളിലെ കോച്ച് ആമിർ സുഹൈലിന് കീഴിലാണ് ഇരുവരും പരിശീലിക്കുന്നത്. കഴിഞ്ഞ സ്‌കൂൾ കായിക മേളയിലും ഇതേ ഇനത്തിൽ അമീനും ജസീലിനും തന്നെയായിരുന്നു സ്വർണവും വെള്ളിയും.

ജസീലിനൊപ്പം മത്സരിക്കാൻ ഒരു പ്രത്യേക വൈബെന്ന് മുഹമ്മദ് അമീൻ പറയുന്നു. ഇരുവരുടെയും ജനനത്തീയതി 2007 മേയ് 17 ആണെന്നുള്ളതും ഇരുവരും ട്രാക്കിലെ സാന്നിധ്യമാകാൻ തുടങ്ങിയിട്ട് രണ്ട് വർഷവും മൂന്ന് മാസവുമെന്നതും യാദൃശ്ചികം. ബിസിനസുകാരനായ അബ്ദുറഹ്മാന്റെയും മുനീറയുടെയും മകനാണ് അമീൻ. പ്രവാസി മലയാളി ജമാലിന്റെയും സഫരീനയുടെയും മകനാണ് ജസീൽ.