jammu-kashmir-constituent

ശ്രീനഗർ: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബാനർ പ്രദർശിപ്പിച്ചതിനെ ചൊല്ലി ജമ്മു കാശ്മീർ നിയമസഭയിൽ വാക്കേറ്റവും കൈയാങ്കളിയും. ബാനർ പ്രദർശിപ്പിച്ച അവാമി എത്തെഹാദി പാർട്ടി(എ.ഐ.പി) എം.എൽ.എ ഖുർഷിദ് അഹമ്മദ് ഷെയ്ഖിനെ ബി.ജെ.പി എം.എൽ.എമാർ വളഞ്ഞിട്ട് മർദ്ദിച്ചു.

നേരത്തെ പി.ഡി.പി 370-ാം വകുപ്പ് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മ പ്രമേയത്തിനെതിരെ സംസാരിച്ചുകൊണ്ടിരിക്കെ, ലാംഗേറ്റ് എം.എൽ.എയായ ഖുർഷിദ് അഹമ്മദ് ഷെയ്ഖ് ബാനർ പ്രദർശിപ്പിച്ചു. സുനിൽ ശർമ്മയുടെ നേതൃത്വത്തിൽ ബി.ജെ.പി എം.എൽ.എമാർ ഖുർഷിനു നേരെ പാഞ്ഞടുത്ത് ബാനർ തട്ടിയെടുത്ത് ചുരുട്ടിയെറിഞ്ഞു. തുടർന്ന് അദ്ദേഹത്തെ വളഞ്ഞിട്ട് കയ്യേറ്റം ചെയ്‌തു. സ്‌പീക്കർ അബ്‌ദുൾ റഹീം റാദറുടെ നിർദ്ദേശത്തെ തുടർന്ന് മാർഷൽമാർ വന്നാണ് അദ്ദേഹത്തെ രക്ഷിച്ചത്. സംഘർഷാവസ്ഥ തുടർന്നതോടെ സ്പീക്കർ സമ്മേളനം താത്കാലികമായി നിറുത്തിവച്ചു. ജയിലിലുള്ള എംപി എഞ്ചിനീയർ റാഷിദിന്റെ സഹോദരനാണ് ഖുർഷിദ് അഹമ്മദ് ഷെയ്ഖ്.

കഴിഞ്ഞ ദിവസം ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് അവതരിപ്പിച്ച 370-ാം വകുപ്പ് പുന:സ്ഥാപിക്കണമെന്നുള്ള പ്രമേയം സഭ പാസാക്കിയതിനെ ചൊല്ലി ബി.ജെ.പി അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. അതിന്റെ തുടർച്ചയായ സംഭവ വികാസങ്ങളാണ് ഇന്നലെയുണ്ടായത്.