rahul-mamkootathil

പാലക്കാട്: ചൊവ്വാഴ്ച പാതിരാത്രി തുടങ്ങിയതാണ് പാലക്കാട് കെപിഎം ഹോട്ടലിലെ നീല ട്രോളിയുടെ പേരിലുള്ള വിവാദം. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതി ലഭിച്ചതും തുടര്‍ന്നുള്ള പരിശോധനയുമാണ് രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ഏറ്റവും പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരുമ്പോള്‍ അത് രാഹുല്‍ പറഞ്ഞ വാദങ്ങള്‍ പൊളിയുന്ന തരത്തിലാണ്. ട്രോളി ബാഗ് കയറ്റിയ വാഹനത്തിലല്ല രാഹുല്‍ കോഴിക്കോട്ടേക്ക് പോയത് എന്നതാണ് തെളിയുന്നത്.

വെള്ള ഇന്നോവ കാറിലാണ് ട്രോളി ബാഗ് കയറ്റിയത്. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കയറിയതാകട്ടെ മറ്റൊരു കാറിലും. ഫെനി നൈനാന്‍ ഇന്നോവ ക്രിസ്റ്റ കാറില്‍ ബാഗ് കയറ്റുമ്പോള്‍ രാഹുല്‍ ഒപ്പമുണ്ടായിരുന്നു. ആ കാറില്‍ കയറാതെ മുമ്പില്‍ ഉണ്ടായിരുന്ന കാറിലാണ് രാഹുല്‍ കയറിയതെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. നേരത്തെ ആരോപണങ്ങളുയര്‍ന്ന ഘട്ടത്തില്‍ രാഹുല്‍ പറഞ്ഞ വിശദീകരണങ്ങള്‍ക്ക് വിരുദ്ധമായാണ് ഇപ്പോള്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍. രാഹുല്‍ കയറിയ വാഹനം ഓടിച്ചു പോയതിന് പിന്നാലെ ഫെനി വാഹനം ഓടിച്ചു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

കോഴിക്കോട്ടേക്ക് യാത്ര പോകുന്ന തനിക്ക് ആവശ്യമുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റ് സാധനങ്ങളുമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ നല്‍കിയ വിശദീകരണം. ബാഗ് കൊണ്ട് പോയത് മറ്റൊരു വാഹനത്തിലാണെന്ന് ദൃശ്യങ്ങളില്‍ തെളിയുമ്പോള്‍ അത് രാഹുല്‍ പറഞ്ഞ വാദങ്ങള്‍ ശരിയായതല്ലെന്ന് തെളിയുകയാണ്. റെയ്ഡ് നടന്നതിന്റെ അടുത്ത ദിവസം പകല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രോളി ബാഗ് രാഹുല്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

എവിടേക്ക് യാത്ര പോയാലും അവിടേക്കെല്ലാം ബാഗ് കൊണ്ടു പോകാറുണ്ടെന്ന വാദമാണ് രാഹുല്‍ ഉന്നയിച്ചത്. എന്നാല്‍ ബാഗും രാഹുലും രണ്ട് കാറുകളിലാണ് കൊണ്ട് പോയതെന്ന് സിസിടിവി ദൃശ്യങ്ങള്‍ അടിവരയിടുന്നു.