pic

 പോരാട്ടം തുടരുമെന്ന് കമല

വാഷിംഗ്ടൺ: വൻ വിജയത്തിനുപിന്നാലെ പുതിയ ക്യാബിനറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിൽ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വരും ആഴ്ചകളിൽ പേരുകൾ വ്യക്തമാക്കുമെന്ന് ട്രംപിന്റെ ടീം അറിയിച്ചു. ശതകോടീശ്വരൻ ഇലോൺ മസ്‌ക്, പരിസ്ഥിതി പ്രവർത്തകനും വാക്സിൻ വിരുദ്ധ ആക്ടിവിസ്റ്റുമായ റോബർട്ട് എഫ്. കെന്നഡി ജൂനിയർ എന്നിവർ ട്രംപ് ക്യാബിനറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, ട്രംപിന്റെ ഇലക്ടറൽ വോട്ടുകൾ 295 ആയി. ഫലപ്രഖ്യാപനം ശേഷിക്കുന്ന അരിസോണയിലും നെവാഡയിലും ലീഡ് ട്രംപിനാണ്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിന് 226 ഇലക്ടറൽ വോട്ട്.

പരാജയം അംഗീകരിച്ച കമല സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കുമായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചു. ട്രംപിനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചെന്നും സമാധാനപരമായ ഭരണകൈമാ​റ്റത്തിന് തയ്യാറെന്നും കമല കൂട്ടിച്ചേർത്തു.

# ട്രംപ് ക്യാബിനറ്റ് - സാദ്ധ്യത

 ഇലോൺ മസ്ക് - ട്രംപിനായി ഓടിനടന്ന് പ്രചാരണം. നികുതി,​ ധനവിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട ചുമതലകൾ ലഭിച്ചേക്കും. ഉപദേഷ്ടാവാകാനും സാദ്ധ്യത

 റോബർട്ട് എഫ്. കെന്നഡി ജൂനിയർ - തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചെങ്കിലും ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് പിൻവാങ്ങി. സുപ്രധാന പദവി ലഭിക്കും

 സൂസി വൈൽസ് - തിരഞ്ഞെടുപ്പ് തന്ത്രജ്ഞ. ചീഫ് ഒഫ് സ്റ്റാഫ് ആയേക്കും. മുൻ ഡൊമസ്റ്റിക് പോളിസി അഡ്വൈസർ ബ്രൂക്ക് റോളിൻസിന്റെ പേരും ഈ റോളിലേക്ക് കേൾക്കുന്നു

 മൈക്ക് പോംപിയോ - മുൻ സ്റ്റേറ്റ് സെക്രട്ടറി. പ്രതിരോധ സെക്രട്ടറി ആയേക്കും. ആർക്കൻസോ സെനറ്റർ ടോം കോട്ടണും ഈ പദവിയ്ക്ക് സാദ്ധ്യത

 റിക് ഗ്രെനെൽ - ജർമ്മനിയിലെ മുൻ യു.എസ് അംബാസഡർ. സ്റ്റേറ്റ് സെക്രട്ടറിയോ നാഷണൽ സെക്യൂരിറ്റി അഡ്വൈസറോ ആയേക്കാം. ഫ്ലോറിഡ സെനറ്റർ മാർകോ റൂബിയോയ്ക്കും സ്റ്റേറ്റ് സെക്രട്ടറി സാദ്ധ്യത

 ഡഗ്ലസ് ബർഗം - നോർത്ത് ഡക്കോട്ട ഗവർണർ. ഊർജ്ജ സെക്രട്ടറിയാകാൻ സാദ്ധ്യത

# ട്രംപിന്റെ വാഗ്ദ്ധാനങ്ങൾ

1. ആയിരക്കണക്കിന് ഫെഡറൽ ഉദ്യോഗസ്ഥരെ മാറ്റി വിശ്വസ്തരെ നിയമിക്കും

2. എല്ലാ ഇറക്കുമതിക്കും 10 ശതമാനം താരിഫ്

3. രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തും

4. മയക്കുമരുന്ന് കുറ്റവാളികൾക്ക് വധശിക്ഷ നൽകുന്നത് പിന്തുണയ്ക്കും

5. നാറ്റോ അടക്കം അന്താരാഷ്ട്ര സഖ്യങ്ങളിൽ നിന്ന് പിൻവാങ്ങുന്നത് ആലോചിക്കും

6. ഊർജ്ജ ഉത്പാദനം പരമാവധിയാക്കും

7. 24 മണിക്കൂർ കൊണ്ട് യുക്രെയിൻ യുദ്ധം അവസാനിപ്പിക്കും

# മുന്നേറ്റം തുടരുന്നു

435 അംഗ ജനപ്രതിനിധി സഭയിൽ 206 സീറ്റുറപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി മുന്നേറ്റം തുടരുന്നു. 38 സീറ്റുകളിലെ ഫലം പുറത്തുവരേണ്ടതുണ്ട്. സെനറ്റിൽ ഇനി നാല് സീറ്റുകളിലെ ഫലം വരാനുണ്ട്. തിരഞ്ഞെടുപ്പ് നടന്ന 34 സീറ്റിൽ 14 എണ്ണം നേടിയതോടെ സെനറ്റിൽ റിപ്പബ്ലിക്കൻ അംഗങ്ങളുടെ എണ്ണം 52 ആയി. സെനറ്റിന്റെ നിയന്ത്രണവും നേടി. 51സീറ്റാണ് 100 അംഗ സെനറ്റിലെ ഭൂരിപക്ഷം.

# മോദിയെ പ്രശംസിച്ച് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇന്ത്യ-യു.എസ് ബന്ധം കൂടുതൽ ദൃഢമാകുമെന്നും മോദി പറഞ്ഞു. ഫോൺ സംഭാഷണത്തിനിടെ മോദിയെ പ്രശംസിക്കാനും ട്രംപ് മറന്നില്ല. മോദിയെ ഗംഭീര മനുഷ്യനെന്ന് വിളിച്ച ട്രംപ് ഇന്ത്യയെ മഹത്തായ രാജ്യമെന്നും വിശേഷിപ്പിച്ചു. ലോകം മുഴുവൻ ഇഷ്ടപ്പെടുന്ന നേതാവാണ് മോദിയെന്നും ട്രംപ് പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജയത്തിന് പിന്നാലെ തന്നെ ആദ്യം ബന്ധപ്പെട്ട ലോകനേതാക്കളിൽ ഒരാളാണ് മോദിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

# ബൈഡന് ലഭിച്ച പിന്തുണ കമലയ്ക്കില്ല

സ്ത്രീകളുടെയും ന്യൂനപക്ഷ ഗ്രൂപ്പുകളുടെയും വോട്ട് സാധാരണ ഡെമോക്രാറ്റുകൾക്കാണ് ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ ഇതിൽ മാറ്റമുണ്ടായി. സ്വന്തം പാർട്ടി വോട്ടർമാർക്കിടെയിൽ ജനപ്രീതി നിലനിറുത്തിയ ട്രംപിന് ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്തിരുന്ന വിഭാഗങ്ങളെയും ആകർഷിക്കാനായി. 2020ൽ ജോ ബൈഡന് ലഭിച്ച പിന്തുണ കമലയ്ക്ക് നേടാനായില്ലെന്നാണ് വിലയിരുത്തൽ. സ്ത്രീകളുടെ വോട്ട് കമലയ്ക്ക് കിട്ടുമെന്ന് കരുതിയെങ്കിലും അതും തെറ്റി.

 ലാറ്റിനോ വോട്ടർമാർ

ബൈഡൻ - 65%

കമല - 52%

 സ്ത്രീകൾ

ബൈഡൻ - 57%

കമല - 53%

 യുവാക്കൾ

ബൈഡൻ - 60%

കമല - 54%