
ലോകത്തെ തന്നെ അതിസമ്പന്നൻമാരുടെ പട്ടികയിൽ മുൻനിരയിലാണ് ഇന്ത്യൻ ശതകോടീശ്വരൻമാരും വ്യവസായികളുമായ മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും സ്ഥാനം. എന്നാൽ തമിഴ്‌നാട് സ്വദേശിയായ ശതകോടീശ്വരൻ ശിവ്നാടാരെ കുറിച്ചുള്ള ഒരു റിപ്പോർട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തിയിരിക്കുകയാണ് ശിവ് നാടാർ.
പ്രമുഖ ഐ.ടി സേവന കമ്പനിയായ എച്ച്,സി.എൽ ടെക്നോളജീസിന്റെ സ്ഥാപകനും ചെയർമാനുമാണ് ശിവ് നാടാർ. 2024ൽ പ്രതിദിനം 5.9 കോടി രൂപ ശിവ്‌നാടാർ സംഭാവന ചെയ്തതായി ഹുറുൺ ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ശിവ്‌നാടാർ ഫൗണ്ടേഷനിലൂടെ പ്രതിവർഷം അദ്ദേഹം 2153 കോടി രൂപയാണ് സംഭാവനയായി നൽകുന്നത്. ഇതിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാത്രം 1992 കോടി രൂപ പ്രതിവർഷം നൽകുന്നു. രണ്ടാം സ്ഥാനത്ത് നന്ദൻ നിലേക്കനിയും കൃഷ്ണ ചിവുകുലയും ആണ്. കൂടാതെ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംഭാവനകളിൽ ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയ ആദ്യ മൂന്ന് പേരിലും ശിവ് നാടാർ ഉൾപ്പെടുന്നു. മുൻവർഷത്തേക്കാൾ 111 കോടി രൂപയുടെ സംഭാവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. 5% സംഭാവനയിൽ വർദ്ധനവുണ്ടായതായി ഹുറുൺ ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
തമിഴ്‌നാട്ടിലെ മൂലൈപ്പൊഴിയിലാണ് ശിവ്നാടാരുടെ സ്വദേശം. 1970ലാണ് എച്ച്.സി.എൽ ടെക്‌നോളജീസ് സ്ഥാപിക്കുന്നത്. കിരൺ നാടാരാണ് ശിവ് നാടാരുടെ ഭാര്യ. ഇന്ത്യൻ ആർട്ട് കളക്ടറും ചാരിറ്റി പ്രവർത്തകയുമാണ് കിരൺ. ശിവ നാടാർ ഫൗണ്ടേഷന്റെ ട്രസ്റ്റിയും നാടാർ മ്യൂസിയം ഓഫ് ആർട്ടിന്റെ സ്ഥാപകയുമാണ് അവർ.
