crime

പുതുച്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പുതുച്ചേരിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. മുംബയില്‍ നിന്ന് കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാന്‍ എത്തിയ 16കാരി പെണ്‍കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. ഓട്ടോ ഡ്രൈവറും നാല് ഐടി ഉദ്യോഗസ്ഥരുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഒക്ടോബര്‍ 30നായിരുന്നു കേസിനാസ്പദമായ സംഭവം. അച്ഛനമ്മമാരോടുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പുതുച്ചേരിയിലെ ബന്ധുവീടിനു പുറത്തിറങ്ങി നിന്ന പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവര്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ ശേഷം വീട്ടിലെത്തിച്ചു. തുടര്‍ന്ന് മദ്യം നല്‍കി പീഡിപ്പിച്ചു. പിറ്റേന്ന് രാവിലെ ബീച്ചിന്റെ പരിസരത്ത് ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

ബീച്ചില്‍ വച്ച് ഐടി ഉദ്യോഗസ്ഥരായ യുവാക്കള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുകയും ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നവംബര്‍ 1നാണ് കുട്ടിയെ ബീച്ച് റോഡില്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ പുതുച്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവറെയും ഒഡിഷ, തെലങ്കാന സ്വദേശികളായ ഐടി ഉദ്യോഗസ്ഥരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ ബലാത്സംഗക്കുറ്റവും പോക്‌സോ വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.