
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. മോശം ഫോമില്‍ കളിക്കുന്ന ഹൈദരാബാദ് എഫ്‌സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തിയത്. ഹൈദരാബാദിന് അനുവദിച്ച പെനാല്‍റ്റിയില്‍ ഉള്‍പ്പെടെ വിവാദമുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് പാഴാക്കിയ അവസരങ്ങളാണ് മത്സരഫലം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായി മാറിയത്. ഈ സീസണില്‍ താളം കണ്ടെത്താന്‍ പോലും കഴിയാതിരുന്ന ഹൈദരാബാദിന് മുന്നിലും വീണതോടെ മഞ്ഞപ്പടയുടെ ആരാധകരും കടുത്ത നിരാശയിലാണ്.
മത്സരത്തിന്റെ 13ാം മിനിറ്റില്‍ ജീസസ് ജിമിനസ് നേടി ഗോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ആണ് മുന്നിലെത്തിയത്. 40ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ പിഴവ് മുതലെടുത്ത ആന്ദ്രേ ആല്‍ബ എച്ച്.എഫ്.സിയെ ഒപ്പമെത്തിച്ചു. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് പാഴാക്കുന്നതാണ് കൊച്ചിയില്‍ കണ്ടത്. 65% നേരവും പന്ത് കൈവശം വെച്ച് കളിച്ചിട്ടും ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയതാണ് ആരാധകരെ കൂടുതല്‍ നിരാശപ്പെടുത്തുന്നത്.
70ാം മിനിറ്റിലാണ് ഹൈദരാബാദിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. ഇതും ഗോളാക്കിയ ആല്‍ബ സന്ദര്‍ശകര്‍ക്ക് വിജയവും മൂന്ന് പോയിന്റുകളും സമ്മാനിക്കുകയായിരുന്നു. രണ്ടാം ഗോള്‍ വീണതിന് ശേഷം ഹൈദരാബാദ് തങ്ങളുടെ പ്രതിരോധം അരക്കിട്ട് ഉറപ്പിച്ചത് പോലെ ശക്തമാക്കുകയായിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് വെറും രണ്ട് ജയം മാത്രമാണ് മഞ്ഞപ്പടയുടെ ക്രെഡിറ്റിലുള്ളത്. രണ്ട് സമനിലയും നാല് തോല്‍വിയും ഉള്‍പ്പെടെ വെറും എട്ട് പോയിന്റുമായി നിലവില്‍ പട്ടികയില്‍ പത്താമതാണ് കേരള ബ്ലാസ്റ്റേഴ്‌സ്.