
പാലക്കാട്: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായി വി.എസ് അച്യുതാനന്ദനെ പുകഴ്ത്തി സന്ദീപ് വാര്യര്‍. വിഎസിനെതിരെ മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ തനിക്കുണ്ടായ ഒരു അനുഭവം സി കൃഷ്ണകുമാര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്ന ദൃശ്യവും പങ്കുവെച്ചാണ് ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായ സന്ദീപ് വാര്യര്‍ വിഎസിനെ പുകഴ്ത്തിയിരിക്കുന്നത്. 2016ല്‍ വിഎസ് അച്യുതാനന്ദനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി കൃഷ്ണകുമാര്‍ മത്സരിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് അമ്മയുടെ മരണമെന്നും ഈ സമയത്ത് വിഎസ് തന്റെ വീട്ടിലെത്തിയെന്നും കൃഷ്ണകുമാര്‍ പറയുന്നു. ഈ ഭാഗം ഫേസ്ബുക്കില്‍ പങ്കുവെച്ച സന്ദീപ് വാര്യര്‍ കുറിച്ചത് ഇങ്ങനെ: 'വിഎസ് കാണിച്ചത് യഥാര്‍ത്ഥ സംസ്‌കാരം. രാഷ്ട്രീയ എതിരാളി എന്നത് ഒരിക്കല്‍പോലും അമ്മയുടെ മരണ സമയത്ത് ആശ്വസിപ്പിക്കാന്‍ ഒരു തടസ്സമാകരുത്. വിഎസിന്റെ സന്ദര്‍ശനം കൃഷ്ണകുമാര്‍ ഏട്ടന്റെ മനസ്സില്‍ ഇന്നും നില്‍ക്കുന്നതിന്റെ കാരണം ആ മുതിര്‍ന്ന നേതാവ് കാണിച്ച സൗമനസ്യമാണ്. ഇത്രയെ ഞാനും പറഞ്ഞുള്ളൂ'.
പാര്‍ട്ടിയുമായി പിണങ്ങിനില്‍ക്കുന്ന സന്ദീപ് വാര്യര്‍ നിലപാടിലുറച്ചും സുരേന്ദ്രനെതിരെ വിമര്‍ശനമുന്നയിച്ചും വീണ്ടും രംഗത്തെത്തിയിരുന്നു. തന്റെ പരാതി പരിഹരിക്കാനുള്ള സമീപനം സുരേന്ദ്രനില്ലെന്നും അദ്ദേഹം സാമാന്യമര്യാദ കാണിക്കണമെന്നുമാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്. അതേസമയം, സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് എന്ന സൂചനയും ശക്തമാണ്. മുതിര്‍ന്ന സിപിഎം നേതാവായ വിഎസിനെ പുകഴ്ത്തിയതിലൂടെ സന്ദീപ് ഇടത് ക്യാമ്പിലേക്കെന്ന അഭ്യൂഹവും ശക്തമാകുകയാണ്.