
ആസ്തികള്‍ വിറ്റഴിക്കാന്‍ സുപ്രീം കോടതി അനുമതി
മൊത്തം കടം 25,000 കോടി രൂപ കവിഞ്ഞു
കൊച്ചി: തിരിച്ചുവരവിനുള്ള എല്ലാ സാദ്ധ്യതകളും അവസാനിപ്പിച്ച്, രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായിരുന്ന ജെറ്റ് എയര്‍വേയ്സിന്റെ ആസ്തികള്‍ വിറ്റഴിച്ച് കടക്കാര്‍ക്ക് പണം നല്‍കാന്‍ (ലിക്വിഡേഷന്‍) സുപ്രീം കോടതി ഉത്തരവിട്ടു. സാമ്പത്തിക പ്രതിസന്ധി മൂലം 2019ല്‍ പ്രവര്‍ത്തനം നിറുത്തിയ ജെറ്റ് എയര്‍വേയ്‌സിന്റെ ഉടമസ്ഥാവകാശം ജലാന്‍ കാര്‍ലോക്ക് കണ്‍സോര്‍ഷ്യത്തിന്(ജെ.കെ.സി) കൈമാറാമെന്ന നാഷണല്‍ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ മാര്‍ച്ചിലെ വിധിക്കെതിരെ എസ്.ബി.ഐയും പഞ്ചാബ് നാഷണല്‍ ബാങ്കും അടക്കമുള്ള വായ്പാദാതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജെ.കെ.സി മൊത്തം 4,783 കോടി രൂപയാണ് ഇടപാടിനായി മുടക്കേണ്ടിയിരുന്നത്. ഇതില്‍ 150 കോടി രൂപ മാത്രമാണ് ഇതുവരെ അടച്ചിട്ടുള്ളതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഗോ ഫസ്റ്റിന് ശേഷം ഇന്ത്യയില്‍ ലിക്വിഡേഷന്‍ നടപടി നേരിടുന്ന രണ്ടാമത്തെ വിമാന കമ്പനിയാണ് ജെറ്റ് എയര്‍വേയ്സ്.
ചെറുകിട നിക്ഷേപകര്‍ക്ക് സമ്പൂര്‍ണ നഷ്ടം
ജെറ്റ് എയര്‍വേയ്സ് വീണ്ടും പറന്ന് തുടങ്ങുമെന്ന പ്രതീക്ഷയില്‍ ഓഹരികള്‍ വാങ്ങിയ 1.43 ലക്ഷം ചെറുകിട നിക്ഷേപകരുടെ പണം പൂര്‍ണമായും നഷ്ടമാകും. ബി.എസ്.ഇയില്‍ ഇന്നലെ കമ്പനിയുടെ ഓഹരി വില അഞ്ച് ശതമാനം കുറഞ്ഞ് 34 രൂപയിലെത്തി.
നരേഷ് ഗോയല്‍: വളര്‍ച്ചയും തളര്‍ച്ചയും
അമ്മാവന്റെ ട്രാവല്‍ ഏജന്‍സിയില്‍ കാഷ്യറായി തുടങ്ങിയ ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ അതിവേഗത്തിലാണ് ഇന്ത്യയിലെ വലിയ ബിസിനസ് താരമായി ഉയര്‍ന്നത്. 1993ല്‍ ആഗോള വിമാന കമ്പനികളുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി ജെറ്റ് എയര്‍വേയ്‌സ് സ്ഥാപിച്ച അദ്ദേഹത്തിന് മലയാളിയും ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് ഉടമയുമായിരുന്ന തക്കിയുദ്ദീന്‍ അബ്ദുള്‍ വാഹിദിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഏറെക്കാലം മികച്ച ഉപഭോക്തൃ വിശ്വാസവും സമയനിഷ്ഠയും പ്രവര്‍ത്തന മികവും പ്രദര്‍ശിപ്പിച്ച കമ്പനി 2006ല്‍ എയര്‍ സഹാറയെ ഏറ്റെടുത്തതോടെയാണ് കാലിടറിയത്. സെലിബ്രിറ്റികള്‍ക്ക് ആഡംബര പാര്‍ട്ടികള്‍ നടത്തിയും ധൂര്‍ത്തടിച്ചും നരേഷ് ഗോയല്‍ പ്രതിസന്ധി രൂക്ഷമാക്കി. സാമ്പത്തിക വെട്ടിപ്പുകളുടെ പേരില്‍ 2019ല്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.