d

കോട്ടയം : വാഴയിലയിൽ പൊള്ളിച്ച കുമരകം കരിമീൻ. നാവിൽ വെള്ളമൂറാത്തവരായി ആരുമില്ലായിരുന്നു... ഏറെ നാൾ മുൻപ് വരെ കുമരകം തേടി സഞ്ചാരികൾ എത്തിയതും ആ സ്വാദ് അനുഭവിച്ചറിയാനാണ്. പക്ഷേ, പറഞ്ഞിട്ടെന്ത് പ്രയോജനം വേമ്പനാട്ടുകായലിലെ രാസമലിനീകരണം എല്ലാം തകിടംമറിച്ചു. രുചിയുടെ തലപ്പത്ത് നിന്ന് കുമരകം കരിമീൻ ഔട്ടായി.

തൃശൂർ അഴീക്കോട് കായലിലെ കരിമീനും, കൊല്ലം കാഞ്ഞീരോട് ഭാഗത്തെ കരിമീനുമാണ് രുചിയിലും പോഷക ഘടകങ്ങളുടെ വ്യത്യസ്തതയിലും ഒന്നാമതെന്ന് കേരളഫിഷറീസ് സർവകലാശാല കണ്ടെത്തി. വേമ്പനാട്ടുകായൽ, ശാസ്താംകോട്ട, അഷ്ടമുടി, പറവൂർ, അഴീക്കോട്, വരാപ്പുഴ എന്നിവിടങ്ങളിലെ കരിമീൻ വേവിച്ചും പൊരിച്ചുമായിരുന്നു പരിശോധന. ആവിയിൽ വേവിച്ചതിൽ കാഞ്ഞീരോട് കരിമീനും പൊരിച്ചതിൽ അഴീക്കോട് കരിമീനും മികച്ചതായി കണ്ടെത്തി. കുമരകം കരിമീനിൽ ചേറിന്റെ രുചി കൂടുതൽ അനുഭവപ്പെട്ടെന്നാണ് പഠന റിപ്പോർട്ട്.

തണ്ണീർമുക്കം ബണ്ടിന് അപ്പുറവും ഇപ്പുറവും കരിമീൻ അടക്കം മത്സ്യങ്ങൾക്ക് രണ്ട് രുചിയാണ്. ബണ്ട് അടച്ചിടുമ്പോൾ ഒഴുക്കു നിലയ്ക്കുന്നതിനാൽ വേമ്പനാട്ടു കായലിൽ അടിഞ്ഞു കൂടിയ മാലിന്യം മത്സ്യങ്ങളുടെ ഉള്ളിൽ ചെല്ലും.

ഇതിന് പുറമെ കൃഷി നടക്കുന്ന പാടങ്ങളിൽ നിന്ന് പമ്പിംഗ് വഴി പുറത്തള്ളുന്ന രാസവള, കീടനാശിനി അംശം വേറെയും. ഇത് കഴിക്കുന്നവർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും സാദ്ധ്യതയേറെ. മത്സ്യവിഭവങ്ങളിലെ ഉയർന്ന കാഡ്മിയം സാന്നിദ്ധ്യവും ഇവയുടെ ദീർഘകാല ഉപയോഗവും ക്യാൻസറിന് കാരണമായേക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

സിങ്ക് അളവ് കൂടുതൽ

കായൽജലത്തിലും അടിത്തട്ടിലെ മണ്ണിലും മത്സ്യങ്ങളിലും സിങ്കിന്റെ അളവാണ് കൂടുതൽ. കായലിൽ സാധാരണയായി കാണപ്പെടുന്ന മണങ്ങ്, കായൽകട്‌ല, കരിമീൻ, പൂളമീൻ, നച്ചുകരിമീൻ, ചുണ്ടൻകൂരി, കരിപ്പെട്ടി, കണമ്പ്, പൂഴാൻ, പാര, കാരച്ചെമ്മീൻ, കാവാലൻ ഞണ്ട്, കറുത്തകക്ക തുടങ്ങിയ ഭക്ഷ്യയോഗ്യമായ ജലജീവികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഘനലോഹങ്ങളുടെ തോതും വിലയിരുത്തി.

''ലോഹമലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.

ഡോ.ബിനു വർഗീസ് ( കുഫോസ് അസിസ്റ്റന്റ് പ്രൊഫസർ)