pic

വാഷിംഗ്ടൺ: 2016ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനിടെയാണ് സംഭവം. ഒക്ടോബർ 26ന് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്റെ എക്സ് അക്കൗണ്ടിൽ (അന്ന് ട്വിറ്റർ ) ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. 'ഭാവി പ്രസിഡന്റിന് പിറന്നാൾ ആശംസകൾ'. ഒപ്പം ഹിലരിയുടെ ബാല്യകാല ചിത്രവും. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായിരുന്ന ഹിലരിക്ക് അവരുടെ ടീം പിറന്നാൾ ആശംസകൾ നേർന്നത് ഇങ്ങനെയാണ്.

എന്നാൽ നവംബർ മാസത്തെ തിരഞ്ഞെടുപ്പിൽ ഹിലരി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനോട് തോറ്റതോടെ പോസ്റ്റ് വൈറലായി. ഡെമോക്രാറ്റുകൾ ഇത്തവണ കമലയ്ക്കും ഇതേ പ്രവചനം നടത്തിയിരുന്നു. ഒക്ടോബർ 20നായിരുന്നു കമലയുടെ 60 -ാം പിറന്നാൾ. കമലയുടെ ചിത്രത്തിനൊപ്പം 'നമ്മുടെ അടുത്ത പ്രസിഡന്റിന് പിറന്നാൾ ആശംസകൾ"എന്ന ക്യാപ്ഷനും ചേർത്തു.

തീർന്നില്ല, ഏതാനും ദിവസങ്ങൾക്ക് ശേഷം ജോർജിയയിൽ നടന്ന റാലിയുടെ ചിത്രം എക്സിൽ പങ്കുവച്ചപ്പോൾ മുൻ പ്രസിഡന്റ് ബറാക് ഒബാമ നൽകിയ ക്യാപ്ഷനിലും കമലയെ 'അടുത്ത പ്രസിഡന്റ്" എന്ന് വിശേഷിപ്പിച്ചു. കമല ട്രംപിനോട് പരാജയപ്പെട്ടതിന് പിന്നാലെ ഹിലരിയുടെ പഴയ പോസ്റ്റുമായി താരതമ്യപ്പെടുത്തിയുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.