napoleon

ദേവാസുരം അടക്കമുള്ള നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് നെപ്പോളിയൻ. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ മൂത്ത മകൻ ധനൂഷിന്റെ വിവാഹം. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവന്നിരിക്കുകയാണിപ്പോൾ.

ഹിന്ദു ആചാരപ്രകാരം ജപ്പാനിൽ വച്ചായിരുന്നു അത്യാഡംബര വിവാഹം നടന്നത്. ധനൂഷ് വിവാഹിതനും സന്തോഷവാനും ആയി കാണാൻ ആഗ്രഹിച്ച നെപ്പോളിയൻ തിരുനെൽവേലി ജില്ലയിലെ മൂലക്കരപ്പട്ടി എന്ന ഗ്രാമത്തിലെ അക്ഷയയെയാണ് പുത്രവധുവായി തിരഞ്ഞെടുത്തത്.

മസ്‌കുലർ ഡിസ്‌ട്രോഫി ബാധിച്ച ധനൂഷ് അമ്മയുടെ സഹായത്തോടെയാണ് അക്ഷയയുടെ കഴുത്തിൽ താലികെട്ടിയത്. മകന്റെ വിവാഹം കൺകുളിർക്കെ കണ്ടപ്പോൾ നെപ്പോളിയൻ വികാരാധീനനായി.


കാർത്തി, ശരത്കുമാർ, രാധിക ശരത്കുമാർ, മീന, ഖുശ്ബു, സുഹാസിനി അടക്കമുള്ള നിരവധി താരങ്ങൾ ധനൂഷിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ജപ്പാനിലെത്തിയിരുന്നു. നടൻ ശിവകാർത്തികേയൻ ദമ്പതികളെ വീഡിയോ കോളിലൂടെ ആശംസയറിയിച്ചു.


ജപ്പാനിലാണ് ചടങ്ങ് നടന്നതെങ്കിലും ഹൽദി, മെഹന്ദി, സംഗീത് അടക്കമുള്ള ആഘോഷങ്ങളൊക്കെ സംഘടിപ്പിച്ചിരുന്നു. സംഗീത് നൈറ്റിൽ സിനിമാ താരങ്ങളും ചുവടുവച്ചു.

ധനൂഷിന് വളരെ ചെറിയ പ്രായത്തിൽ തന്നെ മസ്‌കുലർ ഡിസ്‌ട്രോഫി കണ്ടെത്തിയിരുന്നു. സിദ്ധ വൈദ്യത്തിലടക്കം ചികിത്സ തേടി. കുടുംബത്തിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാണ് നെപ്പോളിയൻ. കഴിഞ്ഞ ജൂലായിലായിരുന്നു ധനൂഷിന്റെയും അക്ഷയയുടെയും വിവാഹ നിശ്ചയം നടന്നത്. നെപ്പോളിയനും ഭാര്യയും തിരുനെൽവേലിയിലെത്തി ചടങ്ങിൽ പങ്കെടുത്തു. മകന് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയായതിനാൽ വീഡിയോ കോളിലൂടെ എത്തുകയായിരുന്നു.