
മുംബയ്: വിദേശികളും ഇന്ത്യക്കാരും അവധിക്കാലം ചെലവഴിക്കാനായി കൂടുതലും തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഗോവ. നിറയെ ബീച്ചുകളുളള ഗോവ എല്ലാവർക്കും ഇഷ്ടമാണ്. ഇപ്പോഴിതാ ഗോവയിൽ അവധിക്കാലം ചെലവഴിച്ച ഒരു യുവാവിന്റെ സോഷ്യൽമീഡിയ പോസ്റ്റാണ് ചർച്ചയായിരിക്കുന്നത്. ഗോവൻ സന്ദർശനം കഴിഞ്ഞ ആദിത്യ ത്രിവേദി എന്ന യുവാവ് തന്റെ അഭിപ്രായമായാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
യാത്ര പോകാനായി പ്ലാൻ ചെയ്യുന്നവർ ഒരു കാരണവശാലും ഗോവ തിരഞ്ഞെടുക്കരുതെന്നാണ് യുവാവിന്റെ പോസ്റ്റ്. അതിനുളള കാരണങ്ങളും ആദിത്യ തന്നെ പങ്കുവയ്ക്കുന്നുണ്ട്. അടുത്തിടെയാണ് താൻ ഗോവ സന്ദർശിച്ചത്. മറ്റുളള വിനോദസഞ്ചാര കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഗോവ ഒരു ഷിത്തോൾ (മോശം അല്ലെങ്കിൽ വൃത്തിയില്ലാത്ത)സ്ഥലമാണെന്നാണ് പറയുന്നത്. മുംബയ്- ഗോവ ദേശീയ പാതയെയും ഇയാൾ വിമർശിച്ചിട്ടുണ്ട്.
എക്സിലൂടെയാണ് ആദിത്യ പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയിലുളളവർ ഇനി ഗോവയിൽ പോകരുതെന്നും യുവാവ് പറയുന്നു. ഏഷ്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഫുക്കറ്റ്, ബാലി, ശ്രീലങ്ക,ഫിലിപ്പൈൻസ് തുടങ്ങിയവയുമായി താരതമ്യം ചെയ്യുമ്പോൾ ഗോവ മോശം സ്ഥലമാണ്. ഗോവയിലെ ഹോട്ടലുകളിൽ താമസിക്കാൻ ചെലവഴിക്കേണ്ട ഭീമൻ തുകയും ടാക്സി ഡ്രൈവർമാർ വാങ്ങുന്ന പണത്തെക്കുറിച്ചും ഇയാൾ പോസ്റ്റിൽ പറയുന്നുണ്ട്. വിനോദസഞ്ചാരികളിൽ നിന്ന് പരമാവധി പണം കൊളളയടിക്കാനാണ് ഹോട്ടലുടമകളും ക്യാബ് ഡ്രൈവർമാരും ശ്രമിക്കുന്നതെന്നാണ് ആദിത്യയുടെ അഭിപ്രായം.
'ഗോവൻ ക്ലബുകളിലേക്ക് പ്രവേശനം നേടണമെങ്കിൽ ഒരുപാട് പണം നൽണം. ബോളിവുഡ് പോലുളള ക്ലബല്ല ഇവിടെ ഉളളത്. ഹിന്ദി ഗാനങ്ങൾ മാത്രമാണ് ക്ലബുകളിൽ കേൾക്കാൻ സാധിക്കുന്നത്. ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇപ്പോഴും ആളുകൾ എന്തിനാണ് ഗോവയിലേക്ക് വരുന്നതെന്ന് മനസിലാകുന്നില്ല. ബീച്ചുകളുടെ അവസ്ഥയും ദയനീയമാണ്. വൃത്തിയില്ല. തിരക്കേറിയതാണ്'- ആദിത്യ പോസ്റ്റിൽ പറഞ്ഞു. ഇതോടെ യുവാവിന്റെപോസ്റ്റിന് വിവിധ തരത്തിലുളള പ്രതികരണങ്ങളും വരുന്നുണ്ട്.