modi

ഇലക്ഷനുകളിലെ വിധിയെഴുത്തിനെക്കുറിച്ച് ബിൽ ക്ലിന്റന്റെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവായിരുന്ന ജയിംസ് കാർവെൽ, 1992-ൽ നടത്തിയ പ്രസിദ്ധമായൊരു നിരീക്ഷണമുണ്ട്. തിരഞ്ഞെടുപ്പുകളിൽ വിഷയമാകുന്ന പല വലിയ സംഗതികളെക്കുറിച്ചൊക്കെ പണ്ഡിതരും വിശകലനക്കാരും പറയാറുണ്ടെങ്കിലും, ജനങ്ങളെ അന്തിമമായി സ്വാധീനിക്കുന്ന ഘടകം തങ്ങളുടെ സാമ്പത്തികാവസ്ഥയും അവയിൽ വരാൻ പോകുന്ന സാദ്ധ്യതകളുമാണെന്നായിരുന്നു ആ നിഗമനം. അതുതന്നെയാണ് ഇപ്പോഴത്തെ അമേരിക്കൻ വിധിയെഴുത്തിലും സംഭവിച്ചിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് നടന്ന അഭിപ്രായ വോട്ടെടുപ്പുകളിൽ രണ്ട് മുഖ്യ സ്ഥാനാർത്ഥികളുടെ സാദ്ധ്യതകൾ മാറിമറിഞ്ഞുകൊണ്ടിരുന്നെങ്കിലും,​ സാമ്പത്തികമായ പ്രശ്നങ്ങളാണ് തങ്ങളുടെ പ്രധാന ഉത്കണ്ഠ എന്ന കാര്യത്തിൽ മാറ്റമില്ലാതെന്നെ തുടർന്നിരുന്നു എന്നതും ശ്രദ്ധേയമാണ്.


കഴിഞ്ഞ 50 വർഷത്തിനിടെ അമേരിക്കയിൽ രൂപപ്പെട്ടുവന്ന സാമ്പത്തിക വികസനഗാഥയെന്നത് ഒരേസമയം നാടകീയവും അതേ അവസരത്തിൽ,​ നല്ലൊരു വിഭാഗത്തിന് അസ്വസ്ഥജനകമായ രീതിയിലുമായിരുന്നു. അമേരിക്ക ലോകത്തെ ഒന്നാം നമ്പർ സാമ്പത്തിക അഭിവൃദ്ധിയുള്ള ഇടമായി മാറിയെങ്കിലും,​ രാജ്യത്തിന്റെ സ്വപ്നങ്ങളെ ജ്വലിപ്പിച്ചു നിറുത്തിയിരുന്ന വ്യവസായ മേഖലയിലെ ഉത്പന്ന നിർമ്മാണ രംഗം പതുക്കെപ്പതുക്കെ ശിഥിലമായി. അവയൊക്കെ അന്യരാജ്യങ്ങളിലേക്ക് ഒഴുകിപ്പോയതോടെ ധാരാളം തൊഴിലവസരങ്ങൾ (പ്രത്യേകിച്ച് കോളേജ് വിദ്യാഭ്യാസമില്ലാത്തവർ ചെയ്തുവന്നിരുന്ന ജോലികൾ)​ അപ്രത്യക്ഷമായി.

കുടിയേറ്റത്തിന്റെ

കുരുക്കുകൾ

ഫാക്ടറികളുടെ ഹബ്ബുകളും ഉൽപന്ന നിർമ്മാണ മേഖലകളുടെ ഹൃദയത്തുടിപ്പുകളുമായ വിസ്‌കോസിൻ, മെഷിഗൺ, പെൻസിൽവാനിയ തുടങ്ങിയ സ്റ്റേറ്റുകൾ 'തുരുമ്പ് ബെൽറ്റുകൾ" എന്ന് അറിയപ്പെടാൻ തുടങ്ങി. തങ്ങളുടെ തൊഴിൽരാഹിത്യത്തിനും മറ്റു ജീവിത പ്രയാസങ്ങൾക്കും പ്രധാന കാരണം അന്യരാജ്യക്കാരുടെ വൻതോതിലുള്ള കുടിയേറ്റവും വിദേശങ്ങളിൽ നിന്നുള്ള ഇറക്കുമതിയുടെ സ്വതന്ത്ര പ്രവാഹവുമാണെന്ന ചിന്ത അവിടത്തുകാരിൽ; പ്രത്യേകിച്ച് സാധാരണക്കാരിൽ ദൃഢമായി.


ഇതിനിടയിലാണ് കഴിഞ്ഞ നാലു വർഷത്തെ ബൈഡൻ ഭരണത്തിൻ കീഴിൽ ജീവിതാവസ്ഥകൾ കുറേക്കൂടി മോശമാക്കുന്ന സ്ഥിതി വന്നുചേർന്നത്. നാലുവർഷം മുൻപ് പലചരക്ക്, ഗൃഹോപകരണങ്ങൾ, വൈദ്യുതി പോലുള്ള സൗകര്യങ്ങൾ, ഇൻഷുറൻസ് തുടങ്ങിയുള്ള സേവനങ്ങൾ എന്നിവയുടെ ചെലവ് പത്തു ശതമാനം മുതൽ 40 ശതമാനം വരെ ഉയർന്നു. പെട്രോളിയം വിലവർദ്ധനവ് ഇതിലും ഉയരത്തിലായിരുന്നു. ബൈഡൻ ഭരണത്തിന്റെ ആദ്യ മൂന്നു വർഷം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി. സാധാരണക്കാരുടെ ജീവിതം മോശമായ സാഹചര്യത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പലരും കമലാ ഹാരിസിനെ കണ്ടത് ബൈഡൻ ഭരണത്തിന്റെ തുടർച്ചക്കാരിയായിട്ടായിരുന്നു.

തുട‌ർച്ചയല്ല,​

തിരുത്ത്

കമല മുഖ്യമായും ഊന്നൽ നൽകിയത് ഈ തിരഞ്ഞെടുപ്പിനെ ട്രംപിനെതിരായുള്ള ഒരു റഫറണ്ടമാക്കി മാറ്റാനാണ്. ജീവസന്ധാരണ പ്രശ്നങ്ങളിൽ അവർ ഉപരിപ്ളവവും സ്ഥിരതയില്ലാത്തതുമായ നിലപാടുകളാണ് സ്വീകരിച്ചത്. അതേസമയം,​ ട്രംപിന്റെ ഇലക്ഷൻ പ്രചാരണത്തിൽ ഒരിക്കലും ചാഞ്ചാട്ടമുണ്ടായില്ല. പ്രശ്നങ്ങൾ കൃത്യമായി അവതരിപ്പിച്ചുകൊണ്ടായിരുന്നു അത്. ഒന്നാമതായി അദ്ദേഹത്തിന്റെ ക്യാമ്പ് ഊന്നിപ്പറഞ്ഞ വസ്തുത അമേരിക്കൻ സമ്പദ്‌വ്യവസ്ഥ താറുമാറായിരിക്കുന്നു എന്നതാണ്. അതിന് പ്രധാന കാരണം ഉത്പന്ന നിർമാണ മേഖലയുടെ തകർച്ചയാണ്. ഇതിനു വഴിവച്ചത് രാജ്യത്തെ ഉയർന്ന നികുതികളും പുറത്തുനിന്നുള്ള ഉൽപ്പന്നങ്ങളിന്മേലുള്ള താഴ്ന്ന തീരുവകളുമാണ്.

രണ്ടാമത്തെ കാര്യം,​ രാജ്യത്തിനകത്തേക്കുള്ള കുടിയേറ്റം; പ്രത്യേകിച്ച് അനധികൃത കടന്നുകയറ്റം രാജ്യത്തുള്ളവരുടെ തൊഴിലവസരങ്ങൾക്കും സാമൂഹ്യ ചട്ടക്കൂടിനും ഭീഷണിയാകുന്നു എന്നതാണ്. മൂന്നാമതായി,​ അന്യരാജ്യങ്ങളിന്മേലുള്ള ചെലവേറിയ സാഹസങ്ങൾ (യുക്രെയിനുള്ള സഹായം പോലുള്ളവ) അമേരിക്കയ്ക്ക് വൻ നഷ്ടം വരുത്തുന്നതിനാൽ അവയിൽ നിന്ന് പിന്മാറേണ്ടിയിരിക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗങ്ങളുടെ അജണ്ടയും അദ്ദേഹത്തിന്റെ ക്യാമ്പ് ഊന്നിപ്പറഞ്ഞിരുന്നു. ഒന്ന്, പുറംരാജ്യങ്ങളുടെ ഉൽപ്പന്നങ്ങളിന്മേൽ 10 ശതമാനം മുതൽ 20 ശതമാനം വരെ ഇറക്കുമതിച്ചുങ്കം ചുമത്തും; ചൈനയുടെ ഉത്പന്നങ്ങളിന്മേൽ 60 ശതമാനമായിരിക്കും ചുങ്കം.

ചൈനയുടെ വിവിധ മേഖലകളിലുള്ള വേലിയേറ്റങ്ങളെ ചെറുക്കുന്നതിന് ഊന്നൽ നൽകും. ഡോളറിന്റെ ലോക കറൻസി പട്ടത്തിനെതിരെ പ്രവർത്തിക്കുന്നവരുടെ മേൽ ചുങ്കം 100 ശതമാനമാക്കും. 200 ലക്ഷം വരുന്ന നിയമവിരുദ്ധ കുടിയേറ്റക്കാരിൽ 10 മുതൽ 20 ലക്ഷം പേരെ ഓരോ വർഷവും പുറത്താക്കുമെന്നതാണ് രണ്ടാമത്തെ കാര്യം. മൂന്ന്: എല്ലാത്തരം നികുതികളും വെട്ടിക്കുറച്ച് രാജ്യത്തെ ഉൽപാദന പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരും. ഇങ്ങനെ,​ അമേരിക്കയാണ് പ്രഥമമെന്നും ബാക്കിയെല്ലാം പിന്നീടെന്നും, 'എന്റെ അമേരിക്കയെ വീണ്ടും മഹത്തായ അമേരിക്കയാക്കു"മെന്നുമുള്ള തിരഞ്ഞെടുപ്പ് ഗാനമാണ് ട്രംപ് പാടിയത്. അമേരിക്കയിലെ സാധാരണക്കാർ കേൾക്കാൻ കൊതിച്ച പാട്ടായിരുന്നു അത്. പാട്ടുകാരന്റെ ചേഷ്ടകളും പെരുമാറ്റരീതികളും അവർക്ക് പ്രശ്നമേ ആയില്ല. നല്ല പാട്ടിനാണ് അവർ വോട്ടു ചെയ്തിരിക്കുന്നത്.